സചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യ സഭയിലേക്ക്
text_fieldsന്യൂദൽഹി: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്ക൪ രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രതിഭകളുടെ പുതിയ പട്ടികയിൽ സചിന്റെ പേര് സ൪ക്കാ൪ ഉൾപ്പെടുത്തി. ഇന്ത്യയുടെ അഭിമാനം വാനോളമുയ൪ത്തിയ ക്രിക്കറ്റ് കളത്തിലെ വിശ്വപൗരന് രാഷ്ട്രത്തിന്റെ ആദരമാണ് രാജ്യസഭാംഗത്വം. നൂറ് അന്താരാഷ്ട്ര സെഞ്ച്വറികളെന്ന ചരിത്ര നേട്ടം സചിൻ സ്വന്തമാക്കിയത് കഴിഞ്ഞ മാസമാണ്.
39കാരനായ സചിന് പുറമെ, പോയ ദശാബ്ദങ്ങളിൽ ഹിന്ദി സിനിമയിൽ നിറഞ്ഞു നിന്ന നടി രേഖക്കും വ്യവസായി അനു ആഘക്കും ഉപരിസഭാംഗത്വം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് വിവിധ രംഗങ്ങളിലെ 12 പ്രതിഭകളെ ഭരണഘടന പ്രകാരം രാഷ്ട്രപതിക്ക് നോമിനേറ്റ് ചെയ്യാം. സ൪ക്കാ൪ മുന്നോട്ടുവെച്ച ഓഫ൪ സചിൻ സ്വീകരിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സചിൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയതോടെയാണ് സ൪ക്കാ൪ തീരുമാനം അനൗദ്യോഗികമായി പുറത്തുവന്നത്. സോണിയയുടെ താൽപര്യപ്രകാരം പ്രധാനമന്ത്രി മൻമോഹൻസിങ് സച്ചിന്റെ പേര് ആഭ്യന്തര മന്ത്രാലയത്തിന് ശിപാ൪ശ ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിശിഷ്ട വ്യക്തിത്വങ്ങളുടെ പട്ടിക നോമിനേഷന് വേണ്ടി ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറുന്നതാണ് രീതി. രാഷ്ട്രപതിയുടെ വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും.
സചിന് ഭാരതരത്ന പുരസ്ക്കാരം നൽകണമെന്ന ആവശ്യം ഉയ൪ന്നിരുന്നു. എന്നാൽ കായിക രംഗത്തു നിന്നൊരാൾക്ക് ഈ പരമോന്നത ബഹുമതി ഇനിയും നൽകിയിട്ടില്ല. വ്യവസ്ഥകളിൽ ഭേദഗതി വേണ്ടിവരും. ഇക്കാര്യത്തിലെ അനിശ്ചിതത്വം ബാക്കി നിൽക്കുന്നതിനിടയിലാണ്, രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള തീരുമാനം. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന ആദ്യത്തെ കായികതാരമാണ് സചിൻ.
ഭാര്യ അഞ്ജലിക്കൊപ്പമാണ് സചിൻ ടെണ്ടുൽക്ക൪ ഇന്നലെ സോണിയാഗാന്ധിയുടെ 10-ജൻപഥ് വസതിയിൽ എത്തിയത്. ക്രിക്കറ്റിലെ അതുല്യ നേട്ടത്തിന് സോണിയ സചിനെ അഭിനന്ദിച്ചു. ഐ.പി.എൽ ചെയ൪മാൻ രാജീവ് ശുക്ളയും സോണിയയുടെ വസതിയിൽ ഉണ്ടായിരുന്നു. സചിന് രാജ്യസഭാംഗത്വം നൽകാനുള്ള തീരുമാനം വിവിധ പാ൪ട്ടികൾ സ്വാഗതം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.