ഭീഷണിമുഴക്കിയ ഗുണ്ടയുടെ തോക്ക് പിടിച്ചുവാങ്ങി പൊലീസില്‍ ഏല്‍പ്പിച്ചു
text_fieldsപൂവാ൪: തോക്ക് കാണിച്ച് ഭീഷണി മുഴക്കിയ ഗുണ്ടയിൽ നിന്ന് നാട്ടുകാ൪ തോക്ക് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.ബുധനാഴ്ച രാത്രി 11ഓടെ പൂവാ൪ ബീച്ച് റോഡിലായിരുന്നു ഗുണ്ടാസംഘത്തിൻെറ അഴിഞ്ഞാട്ടം.
ഗുണ്ടാലിസ്റ്റിൽപ്പെട്ട കരാട്ടെ ജോണിയും സംഘവുമാണ് നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. മണലൂറ്റ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച ത൪ക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. പൂവാ൪ പൊഴിക്കരയിൽ രാത്രി മണൽ കടത്ത് നടക്കുന്നുണ്ട്. മണൽ ഊറ്റുന്ന വള്ളങ്ങളിൽ നിന്ന് ജോണിയും സംഘവും പണപ്പിരിവ് നടത്തുന്നുണ്ടത്രെ.
പൊഴിക്കരയിലേക്ക് പോയ ജോണിയെയും സംഘത്തെയും നാട്ടുകാ൪ തടഞ്ഞു. മണൽകടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാ൪ അറിയിച്ചു. തുട൪ന്നാണ് ഓട്ടോയിലും ബൈക്കിലുമായി ജോണിയും സംഘവും ആക്രമിക്കാനെത്തിയത്.
എതി൪ത്ത യുവാവിൻെറ കഴുത്തിൽ തോക്ക് വെച്ചായിരുന്നു ഭീഷണി. ബഹളംകേട്ട് പരിസരത്തെ വീട്ടുകാ൪ പുറത്തിറങ്ങിയെങ്കിലും തോക്കും മാരകായുധങ്ങളും കണ്ട് പിൻവാങ്ങി. ചില൪ പൂവാ൪ പൊലീസിൽ വിവരമറിയിച്ചു.
കരാട്ടെ ജോണിയാണ് പ്രശ്നമുണ്ടാക്കുന്നതെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് നാട്ടുകാ൪ ആരോപിച്ചു. പൊഴിക്കര എയ്ഡ് പോസ്റ്റിലെ പൊലീസും എത്തിയില്ലത്രെ.
അനിഷ്ടസംഭവങ്ങളിലേക്ക് നീളുമെന്ന് മനസ്സിലാക്കിയ നാട്ടുകാ൪ സംഘടിച്ചെത്തി ഗുണ്ടാസംഘത്തെ നേരിട്ടു. ജോണിയോടൊപ്പം എത്തിയവ൪ ഓടിരക്ഷപ്പെട്ടു. ഇതിനിടെ ജോണിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. അതോടെ ജോണിയും ഓടിരക്ഷപ്പെട്ടു. തോക്ക് നാട്ടുകാ൪ പൂവാ൪ ജമാഅത്ത് കമ്മിറ്റി അധികൃത൪ക്ക് കൈമാറി.
വ്യാഴാഴ്ച രാവിലെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ടശേഷം ജമാഅത്ത് അധികൃത൪ തോക്ക് പൂവാ൪ പൊലീസിലേൽപ്പിച്ചു.
സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൂവാ൪ എസ്.ഐ പ്രദീപ് പറഞ്ഞു. പരിശോധനയിൽ എയ൪ഗൺ ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പൊഴിക്കരയിൽ രാത്രി മണൽ മാഫിയകളും ഗുണ്ടകളും തമ്പടിക്കുന്നത് പൊലീസിൻെറ അറിവോടെയാണെന്ന് നാട്ടുകാ൪ ആരോപിച്ചു.
പൂവാ൪ പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളുമായി ജോണിക്കെതിരെ നിരവധി കേസുകളുണ്ട്. കരുതൽ തടങ്കലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.