മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയിലെ പാലം നിര്‍മാണം : ഇ. ശ്രീധരന്‍ സന്ദര്‍ശിക്കും
text_fieldsകൊച്ചി: നി൪ദിഷ്ട മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയിലെ മൂന്ന് പാലത്തിൻെറ നി൪മാണം ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനത്തിന് ഇ. ശ്രീധരൻ തിങ്കളാഴ്ച പദ്ധതി പ്രദേശം സന്ദ൪ശിക്കും. രാവിലെ ഒമ്പതിന് എറണാകുളത്ത് നിന്ന് ബോട്ടുമാ൪ഗമാണ് അദ്ദേഹം ദ്വീപ് സമൂഹങ്ങൾ സന്ദ൪ശിക്കുക. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയിൽ ചേ൪ന്ന യോഗത്തിലാണ് നി൪ദിഷ്ട നാലുവരിപ്പാതക്ക് അനുമതി ലഭിച്ചത്. ഇതിൻെറ നി൪മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഡ ഡി.എം.ആ൪.സിക്ക് കത്ത് നൽകിയിരുന്നു. ഇതിൻെറ പശ്ചാത്തലത്തിൽ മാ൪ച്ചിൽ ഡി.എം.ആ൪.സിയുടെ ഉന്നതതല സംഘം സ്ഥലം സന്ദ൪ശിച്ചിരുന്നു.
മൂലമ്പിള്ളി -ചാത്തനാട് നാലുവരിപ്പാതയിൽ 180 മീറ്റ൪ നീളമുള്ള മൂലമ്പിള്ളി-പിഴല, 230 മീറ്റ൪ നീളമുള്ള പിഴല-വലിയകടമക്കുടി, 350 മീറ്റ൪ നീളമുള്ള വലിയകടമക്കുടി-ചാത്തനാട് എന്നീ പാലങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. പിഴലയിലെ ചെറിയ പാലത്തിന് 40 മീറ്റ൪ നീളമുണ്ടാകും. 4.5 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള നാലുവരിപ്പാതക്ക് 22 മീറ്റ൪ വീതിയാണ് കണക്കാക്കുന്നത്. ഇതിൽ 15 മുതൽ 18 വരെ കലുങ്കും നി൪മിക്കേണ്ടതുണ്ട്. 97.2 കോടിയാണ് മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതക്ക് ചെലവുപ്രതീക്ഷിക്കുന്നത്.
മൂലമ്പിള്ളി -ചാത്തനാട് റോഡ് യാഥാ൪ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാ൪പാടം കണ്ടെയ്ന൪ റോഡുമായി മൂലമ്പിള്ളിയിൽ ബന്ധിപ്പിക്കാനാകും. കടമക്കുടിക്കാ൪ക്ക് വല്ലാ൪പാടം കണ്ടെയ്ന൪ റോഡിലേക്ക് ഇതുവഴി എളുപ്പം പ്രവേശിക്കാനാകും.
പദ്ധതി സംസ്ഥാന അവലോകന സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പാരിസ്ഥിതിക അനുമതിക്കായി അയച്ചിരുന്നു. സെസിൻെറ പഠന റിപ്പോ൪ട്ടോടെ തിരിച്ചുകിട്ടിയ നി൪ദേശം സംസ്ഥാന തീരദേശ മാനേജ്മെൻറ് അതോറിറ്റി പഠിച്ച് വീണ്ടും കേന്ദ്ര മന്ത്രാലയത്തിന് സമ൪പ്പിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ഭൂമി വിട്ടുകിട്ടാൻ എം.എൽ.എമാരായ വി.ഡി. സതീശൻ, എസ്.ശ൪മ എന്നിവരെ ച൪ച്ചക്ക് നിയോഗിക്കാൻ ജിഡ യോഗത്തിൽ ധാരണയായിരുന്നു. സൗജന്യമായി വിട്ടുകൊടുക്കുന്ന ഭൂമിക്ക് ആനുപാതികമായി ഭൂമി വികസിപ്പിക്കാൻ സ്ഥല ഉടമകൾക്ക് അനുവാദം നൽകും.
ഗോശ്രീ വികസനത്തിനായി 142 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് ജിഡയുടെ ജനറൽ കൗൺസിൽ യോഗം അനുമതി നൽകിയത്. മൂന്ന് പാലത്തിൻെറയും നി൪മാണത്തിന് 97 കോടിയാണ് ചെലവ്. വൈപ്പിൻ -മുനമ്പം തീരദേശ ഹൈവേക്കുവേണ്ടി ഏറ്റെടുക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങളുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്ന നടപടി പിൻവലിക്കാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. പാതക്ക് അനുമതി ലഭിക്കുന്ന വേളയിൽ സ്ഥലം ഏറ്റെടുക്കൽ മതിയെന്ന് മുഖ്യമന്ത്രി നി൪ദേശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.