വീട്ടുജോലിക്കാരുടെ സംരക്ഷണം: പുതിയ നിയമം ഉടന്‍ നടപ്പാക്കും
text_fieldsഅബൂദബി: രാജ്യത്തെ എട്ടു ലക്ഷത്തോളം വീട്ടുജോലിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടൻ നടപ്പാക്കും. അന്ത൪ദേശീയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ഈ നിയമത്തിന് വിവിധ തലങ്ങളിലെ അംഗീകാരം ലഭിച്ചിട്ടുണ്ട്. രേഖാമൂലമുള്ള കരാ൪, എല്ലാ മാസവും കൃത്യമായി ശമ്പളം, ആഴ്ചയിൽ ഒരു ദിവസം അവധി, പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ, സേവന കാലാവധി അവസാനിക്കുമ്പോൾ ഗ്രാറ്റ്യുവിറ്റി തുടങ്ങി നിരവധി കാര്യങ്ങളാണ് വീട്ടുജോലിക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമത്തിലുള്ളത്.
‘വീട്ടുജോലിക്കാ൪ക്ക് മാന്യമായ ജോലി’ എന്ന പേരിൽ അന്ത൪ദേശീയ തൊഴിൽ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള കൺവെൻഷൻ തീരുമാനങ്ങൾ യു.എ.ഇ അംഗീകരിച്ചതിനെ തുട൪ന്നാണ് പുതിയ നിയമം വരുന്നത്.
തൊഴിൽ കരാ൪
വീട്ടുജോലിക്ക് വരുന്നവ൪ക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. ബാലവേല തടയാനാണ് ഈ വ്യവസ്ഥ. ആവശ്യമായ അംഗീകാരം ലഭിച്ച തൊഴിൽ കരാറിൻെറ അടിസ്ഥാനത്തിൽ മാത്രമേ ഇവരെ നിയമിക്കാൻ പാടുള്ളൂ. ജോലിക്ക് നിയമിക്കേണ്ട വ്യക്തിയുടെ യോഗ്യത, ജോലി സാഹചര്യം, ശമ്പളം തുടങ്ങിയവ വിശദീകരിക്കുന്ന കരാറിന് ആഭ്യന്തര മന്ത്രാലയവും അംഗീകാരം നൽകണം. ഉടമയും റിക്രൂട്ടിങ് ഏജൻസിയും ഇതിൽ ഒപ്പുവെക്കണം. അറബി ഭാഷയിലാണ് കരാ൪ തയാറാക്കേണ്ടത്. ആവശ്യമെങ്കിൽ വിദേശ ഭാഷയിൽ കോപ്പിയാകാം. എന്നാൽ, നിയമ സാധുത അറബിയിലുള്ള കരാറിനാണ്.
വ്യവസ്ഥകൾ പാലിക്കുന്നതിൽ ഏജൻറ് വീഴ്ച വരുത്തിയാൽ നിയമ നടപടി സ്വീകരിക്കാൻ ഉടമക്ക് അവകാശമുണ്ട്. ഇത്തരം കേസുകളിൽ ബന്ധപ്പെട്ട വ്യക്തിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഏജൻറ് വഹിക്കണം. ഏജൻറിൽനിന്ന് നഷ്ടപരിഹാരവും ആവശ്യപ്പെടാം. ഉടമയുടെ ഭാഗത്തു നിന്നുള്ള വ്യവസ്ഥാ ലംഘനത്തിനെതിരെ ജോലിക്കാ൪ക്കും നിയമപരമായ പരിഹാരം തേടാൻ സാധിക്കും.
ചുരുങ്ങിയത് രണ്ടു വ൪ഷം കാലാവധിയുള്ള കരാ൪ ആവശ്യമെങ്കിൽ പുതുക്കാവുന്നതാണ്. ജോലി തുടങ്ങേണ്ട തിയതി, കരാ൪ അവസാനിക്കുന്ന തിയതി, ശമ്പളം, എല്ലാ മാസവും ശമ്പളം നൽകുന്ന രീതി, ജോലിയുടെ സ്വഭാവം, ജോലി സാഹചര്യം തുടങ്ങിയവ കരാറിൽ വ്യക്തമാക്കണം.
ആദ്യത്തെ ആറു മാസം പ്രൊബേഷനിലായിരിക്കും. ഈ സമയത്ത് ഉടമക്ക് തൃപ്തിയായാൽ തുടരാം. അല്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചയക്കാനോ, പകരം പുതിയ ഒരാളെ നിയമിക്കാനോ ഏജൻറിനോട് ആവശ്യപ്പെടും. എന്നാൽ, ഒരാളെ ഒരു ഉടമക്ക് കീഴിൽ രണ്ടു തവണ പ്രൊബേഷനിൽ നി൪ത്താൻ അനുവദിക്കില്ല. അതേസമയം, ഇതേ ഉടമക്ക് കീഴിൽ മറ്റൊരു ജോലിയിലാണെങ്കിൽ രണ്ടു പേരും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിൽ ഇങ്ങനെയാകാം.
ശമ്പളം
ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസം 10നകം നൽകണം. ഈ സമയം ഉടമ രശീതി ഒപ്പിട്ടുവാങ്ങണം. ജോലിക്കാ൪ക്ക് അഡ്വാൻസ്/കടം നൽകിയ പണം, ഉടമക്ക് നാശനഷ്ടങ്ങൾ വരുത്തിയതിൻെറ നഷ്ടപരിഹാരം എന്നിവ മാത്രമേ ശമ്പളത്തിൽ നിന്നോ സേവനം അവസാനിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൽ നിന്നോ പിടിക്കാൻ പാടുള്ളൂ. ഇതിന് മതിയായ തെളിവ് വേണം. ഇങ്ങനെ പിടിക്കുന്ന സംഖ്യ, ഒരു മാസത്തെ ശമ്പളത്തിൻെറ 25 ശതമാനത്തിൽ കൂടരുത്.
അവധി, ആനുകൂല്യങ്ങൾ
14 ദിവസമാണ് വാ൪ഷിക അവധി. ഇത് ശമ്പളത്തോട് കൂടിയാണ്. ഇതിനു പുറമെ ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോട് കൂടി അവധിയുണ്ടാകും. സാഹചര്യത്തിൻെറ അടിസ്ഥാനത്തിൽ, ഈ ദിവസം ജോലി ചെയ്യാൻ ഉടമക്ക് നി൪ദേശിക്കാം. പകരം മറ്റൊരു ദിവസം അവധിയോ അല്ലെങ്കിൽ, ഒരു ദിവസത്തെ ശമ്പളമോ നൽകണം. എല്ലാ ജോലിക്കും ജോലി സമയവും വിശ്രമ സമയവും നി൪ബന്ധമാണ്.
രണ്ടു വ൪ഷത്തിലൊരിക്കൽ വാ൪ഷിക അവധിക്ക് പോകുമ്പോൾ നാട്ടിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നൽകണം. അവധിക്ക് പോകുന്നില്ലെന്ന് ജോലിക്കാ൪ പറഞ്ഞാൽ, അവധി ദിവസങ്ങളിലെ ശമ്പളം, ടിക്കറ്റിൻെറ സംഖ്യ എന്നിവ പണമായി നൽകണം.
വ൪ഷത്തിൽ 30 ദിവസം വരെ മെഡിക്കൽ ലീവ് ലഭിക്കും. ആദ്യത്തെ 15 മെഡിക്കൽ ലീവിന് ശമ്പളം പൂ൪ണമായി നൽകണം. 15ൽ കൂടുതലുള്ള ദിവസങ്ങൾക്ക് ശമ്പളമില്ല. രണ്ടു വ൪ഷം ജോലിയിൽ പൂ൪ത്തിയാക്കിയാൽ, ഒരു വ൪ഷത്തേക്ക് ഒരു മാസത്തെ ശമ്പളം എന്ന തോതിൽ സേവന ആനുകൂല്യത്തിന് അ൪ഹതയുണ്ട്. ജോലിക്കാ൪ മരിക്കുന്ന സംഭവങ്ങളിൽ, മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടത് ഉടമയുടെ ബാധ്യതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.