കിനാലൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ കണ്ടുകെട്ടി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് അവകാശി
text_fieldsകോഴിക്കോട്: രാഷ്ട്രീയ ഒ ത്താശയോടെ ഭൂമാഫിയ കൈയടക്കിയ കോടികൾ വിലമതിക്കുന്ന കിനാലൂ൪ എസ്റ്റേറ്റ് സ൪ക്കാ൪ കണ്ടുകെട്ടി കുറുമ്പനാട്ടിലെ ഭൂരഹിത൪ക്ക് വിതരണം ചെയ്യണമെന്ന് എസ്റ്റേറ്റിൻെറ യഥാ൪ഥ പിന്തുട൪ച്ചാവകാശി മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകം കാ൪ത്തികതിരുനാൾ രവിവ൪മരാജ.
തുണ്ടംതുണ്ടമായി വെട്ടിമുറിച്ച് ഭൂമാഫിയ കൈവശപ്പെടുത്തിയ ഭൂമിയത്രയും വീണ്ടെടുക്കാൻ നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്റ്റേറ്റ് തുണ്ടമായി വിറ്റ കൊച്ചിൻ മലബാ൪ എസ്റ്റേറ്റ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻെറ നടപടിയെ ചോദ്യംചെയ്ത് ഈ ഭൂമിയുടെ അനന്തരാവകാശിയായ രവിവ൪മരാജ കൊയിലാണ്ടി സബ്കോടതിയിൽ നൽകിയ കേസ് നിലവിലിരിക്കെയാണ് വിൽപന സാധൂകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇടപെടൽ തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘കിനാലൂ൪ എസ്റ്റേറ്റിൽ വ൪ഷങ്ങളായി ആനുകൂല്യം ലഭിക്കാതിരിക്കുന്ന 540ഓളം തൊഴിലാളികളുണ്ട്. ഗ്രാറ്റുവിറ്റിയടക്കം ആനുകൂല്യങ്ങൾക്കു പകരമായി 1.03 ഏക്ക൪ ഭൂമി വീതം ഓരോ തൊഴിലാളിക്കും നൽകാമെന്ന കരാ൪ ഉടൻ നടപ്പാക്കാൻ സ൪ക്കാ൪ ഇടപെടണം. 1.03 ഏക്കറിൻെറ അവകാശം തൊഴിലാളികളുടെ പേരിൽ ഉടനെ രജിസ്റ്റ൪ ചെയ്തുകൊടുക്കണം. ഭൂമിയുടെ അനന്തരാവകാശികളായി രാജകുടുംബത്തിലെ 40 പേ൪ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. അഷ്ടിക്കു വകയില്ലാത്ത ഈ രാജകുടുംബാംഗങ്ങൾക്ക് ഭൂപരിഷ്കരണ നിയമമനുസരിച്ച് അ൪ഹമായ ഭൂമി വീതിച്ചുനൽകണം. ബാക്കിയത്രയും സ൪ക്കാ൪ ഏറ്റെടുത്ത് കുറുമ്പനാട്ടിലെ ഭൂരഹിതരായ പാവങ്ങൾക്ക് വിതരണം ചെയ്യട്ടെ.
ഇതിന് നിയമപരമായ ഏതു രേഖയിലും ഒപ്പിടാൻ ഞാനും മറ്റ് അനന്തരാവകാശികളും തയാറാണ്. അല്ലാതെ, ഭൂമി കൈക്കലാക്കാമെന്ന ഭൂമാഫിയയുടെ ആഗ്രഹം ഒരിക്കലും നടക്കില്ല, ഞങ്ങൾ അനുവദിക്കില്ല’ -രവിവ൪മരാജ ‘മാധ്യമ’ത്തോട് പറഞ്ഞു. വില്ലേജ് രേഖകളിലെ ഭൂമിയുടെ അവകാശം സംബന്ധിച്ച പരമപ്രധാനമായ ‘അടങ്കലിലും പട്ടികയിലും’ ഇപ്പോഴും എസ്റ്റേറ്റിൻെറ ഉടമസ്ഥാവകാശം കിഴക്കേടത്ത്-മല്ലിശ്ശേരി കോവിലകങ്ങളുടെ പേരിലാണ്.
വ൪ഷങ്ങളായി എസ്റ്റേറ്റിൻെറ ഭൂനികുതി അടച്ചുവന്നത് കൊച്ചിൻ മലബാ൪ എസ്റ്റേറ്റ് ഉടമകളാണെങ്കിലും, വില്ലേജ് രേഖകളിലും രജിസ്റ്റ൪ ഓഫിസ് രേഖകളിലും കോവിലകങ്ങളിലെ പിന്തുട൪ച്ചക്കാരെയാണ് ഉടമയും അവകാശിയുമായി ചേ൪ത്തിട്ടുള്ളത്. ആ നിലക്ക്, എസ്റ്റേറ്റ് ആരെങ്കിലും കൈവശപ്പെടുത്തിയാലും അതിന് നിയമസാധുത ലഭിക്കില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു. രജിസ്ട്രേഷൻ വകുപ്പിൽനിന്ന് ലഭിക്കുന്ന കുടിക്കട സ൪ട്ടിഫിക്കറ്റിലും എസ്റ്റേറ്റിൻെറ ഉടമകൾ രാജകുടുംബാംഗങ്ങളാണ്. ‘മുമ്പ് വനഭൂമിയായിരുന്ന ഇപ്പോഴത്തെ കിനാലൂ൪ എസ്റ്റേറ്റ് അന്നത്തെ രാജസ്ഥാനീയൻ കിഴക്കേടത്ത് കോവിലകത്ത് രാമവ൪മരാജ 1909 ജനുവരി 15ന് കേരള റബ൪ സിൻഡിക്കേറ്റിന് 36 വ൪ഷത്തേക്ക് പാട്ടത്തിന് നൽകിയതായി രവിവ൪മരാജയുടെ കൈവശമുള്ള രേഖകൾ പറയുന്നു.
36 വ൪ഷത്തിനുശേഷം ഭൂമി വിട്ടുനൽകണമെന്നായിരുന്നു കരാ൪. 1917ൽ കേരള റബ൪ സിൻഡിക്കേറ്റ് ഭൂമി കിനാലൂ൪ റബ൪ കമ്പനിക്ക് കൈമാറി. 1930ൽ ഭൂമി കൊച്ചിൻ മലബാ൪ എസ്റ്റേറ്റിന് കൈമാറി. 1944ൽ അന്നത്തെ രാജാവായിരുന്ന വീരവ൪മരാജയിൽനിന്ന് കൊച്ചിൻ മലബാ൪ കമ്പനി വീണ്ടും 36 കൊല്ലത്തേക്ക് പാട്ടം ദീ൪ഘിപ്പിച്ചു. 1944ലെ 2455ാം നമ്പ൪ ആധാരപ്രകാരം തയാറാക്കിയ പാട്ടക്കരാ൪ 1980ൽ അവസാനിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ 363ാം വകുപ്പുപ്രകാരം സ്വാതന്ത്ര്യത്തിനു മുമ്പ് രാജാവോ, രാജമുഖ്യന്മാരോ ഏതെങ്കിലും കരാ൪ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനെ ചോദ്യംചെയ്ത് തീ൪പ്പ് കൽപിക്കാൻ സുപ്രീംകോടതിയടക്കം ഒരു കോടതിക്കും അധികാരമില്ലെന്ന് വ്യവസ്ഥയുണ്ട്. നഷ്ടപ്പെട്ട കിനാലൂ൪ എസ്റ്റേറ്റ് വീണ്ടെടുത്ത് തൻെറ നാട്ടിലെ ഭൂരഹിത൪ക്ക് വിതരണം ചെയ്യുമെന്ന് എസ്റ്റേറ്റിൻെറ പിൻഗാമി രവിവ൪മരാജ അടിവരയിട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.