തൊട്ടപ്പോള്‍ തീര്‍ന്നു പൊലീസുകാരുടെ ‘പാമ്പുപേടി’
text_fieldsഅടൂ൪: വടക്കടത്തുകാവ് പരുത്തപ്പാറ കെ.എ.പി മൂന്നാം ബറ്റാലിയൻ ആസ്ഥാനത്തെത്തിയ പാമ്പുപിടിത്തക്കാരൻ വാവാ സുരേഷ് പൊലീസ് ട്രെയിനികളുടെയും ഉദ്യോഗസ്ഥരുടെയും ‘പാമ്പ് പേടി’ പമ്പ കടത്തി. സുരേഷ് കൂട്ടിലടച്ചു കൊണ്ടുവന്ന പാമ്പുകളെ ഓരോന്നായി തുറന്നുവിട്ടപ്പോൾ ആദ്യമൊന്ന് ഭയന്നെങ്കിലും സുരേഷിൻെറ ചെയ്തികളും ബോധവത്കരണവും മൂലം പൊലീസ് ട്രെയിനികളും മറ്റും ഭീതിയൊഴിഞ്ഞ് പാമ്പുകളുമായി ചങ്ങാത്തം കൂടി.
ഉഗ്രവിഷമുള്ള പാമ്പുകളെ തൊട്ടുനോക്കിയും കഴുത്തിലണിഞ്ഞും രസിച്ച പൊലീസ് ട്രെയിനികൾക്കൊപ്പം ഉദ്യോഗസ്ഥരുടെ മക്കളും കൂടി.
വിവിധതരം പാമ്പുകളുടെ പ്രത്യേകതകൾ, അവയോട് പെരുമാറേണ്ട രീതികൾ, പാമ്പുകളെ പിടിക്കേണ്ടതെങ്ങനെ, പാമ്പ് കടിച്ചാൽ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ എന്നിവയെല്ലാം വിവരിച്ചശേഷമാണ് സുരേഷ് മടങ്ങിയത്. അണലി, മൂ൪ഖൻ എന്നിവ രണ്ടു വീതവും കാട്ടുചേര, കാട്ടുപാമ്പ് എന്നിവയെയാണ് സുരേഷ് പരിചയപ്പെടുത്തിയത്.
12 വയസ്സുള്ളപ്പോൾ പാമ്പ് പിടിത്തത്തിൽ വ്യാപൃതനായ സുരേഷിന് 222 തവണ പാമ്പുകടിയേറ്റിട്ടുണ്ട്.
ബറ്റാലിയൻ കമാൻഡൻറ് കെ.കെ. പ്രേമചന്ദ്രൻ, ഡെപ്യൂട്ടി കമാൻഡൻറ് കെ.ടി ചാക്കോ, അസിസ്റ്റൻറ് കമാൻഡൻറുമാരായ അലക്സ് എബ്രഹാം, ജയകുമാ൪ എന്നിവ൪ പരിശീലനത്തിന് മേൽനോട്ടം വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.