തലശ്ശേരി ശിശുഭവനില്‍ രക്ഷിതാക്കളെ തേടി ഒമ്പതോളം കുരുന്നുകള്‍
text_fieldsതലശ്ശേരി: ഒമ്പതോളം കുരുന്നുകൾ തലശ്ശേരി ശിശുഭവനിൽ രക്ഷിതാക്കളെയും കാത്ത് കഴിയുന്നു. കുടുംബങ്ങളിൽ നിന്ന് വഴിതെറ്റിയും അലഞ്ഞുതിരിഞ്ഞുമാണ് ഇവരിൽ ഏറെ പേരും തലശ്ശേരിയിൽ എത്തിയിരിക്കുന്നത്.
നേപ്പാൾ സ്വദേശി ശിവപാണ്ഡെ (16), മഹാരാഷ്ട്ര താനെ മസ്സോളി സ്വദേശി പത്ത് വയസ്സുകാരൻ സന്തോഷ്, തമിഴ്നാട് പഴനി ക്ഷേത്രത്തിന് സമീപത്തെ വിജയരാജ് (13), സഹോദരൻ മണികണ്ഠൻ (15), കൊൽക്കത്ത സ്വദേശി ഹിമൂൺ (12), രാജസ്ഥാനി സ്വദേശികളായ രാജ് (12), തൻവീ൪ അലി (ഒമ്പത്), ക൪ണാടക തുംകൂറിലെ കുമാ൪ (17), ബംഗളൂരുവിലെ അഞ്ച് വയസ്സുകാരൻ വെങ്കിടേഷ് എന്നിവരാണ് തലശ്ശേരി ശിശുഭവനത്തിൽ കഴിയുന്നത്. രക്ഷിതാക്കളെ കണ്ടെത്താനായി ഇവരെ അതത് സംസ്ഥാനത്തെ ചിൽഡ്രൻ വെൽഫെയ൪ കമ്മിറ്റിക്ക് കൈമാറാനൊരുങ്ങുകയാണ് തലശ്ശേരി ശിശുഭവൻ അധികൃത൪.
നേപ്പാളി ബാലനായ ശിവപാണ്ഡെ നാല് മാസത്തോളമായി തലശ്ശേരി ശിശുഭവനിലെത്തിയിട്ട്. ഇതിനുമുമ്പ് തൃശ്ശൂ൪ ശിശുഭവനിലായിരുന്നു. തലശ്ശേശരിയിൽ നിന്നും മേയ് അവസാനം ശിവപാണ്ഡെയെ ബിഹാ൪ പട്നയിലെ ചിൽഡ്രൻ ഹോമിലേക്ക് മാറ്റും. പനി വന്ന് അബോധാവസ്ഥയിൽ കണ്ണൂരിൽ കണ്ടെത്തിയ തമിഴ് ബാലൻ വിജയരാജിനെ റെയിൽവേ പൊലീസാണ് ശിശുഭവനത്തിലെത്തിച്ചത്. തുട൪ന്ന് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന സഹോദരൻ മണികണ്ഠനെയും തലശ്ശേരിയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇരുവരെയും ഈ മാസം അവസാനം മധുര ഡിണ്ടിഗലിലെ ജുവനൈൽ ഹോമിലേക്ക് മാറ്റും.
രണ്ട് വ൪ഷമായി തലശ്ശേരി ജുവനൈൽ ഹോമിൽ കഴിയുന്ന സന്തോഷിനെ മുംബൈ താനെ ജുവനൈൽ ഹോമിലേക്കും ഹിമൂണിനെ കൊൽക്കത്ത മു൪ഷിദാബാദ് ചൈൽഡ് വെൽഫെയ൪ കമ്മിറ്റിക്കും കൈമാറും. രാജസ്ഥാൻ സ്വദേശികളായ രാജിനെയും തൻവീ൪ അലിയെയും അജ്മീ൪ ജുവനൈൽ ഹോമിലേക്കും അഞ്ച് വയസ്സുകാരനായ വെങ്കിടേഷിനെ ബംഗളൂരു ജുവനൈൽ ഹോമിലേക്കും മാറ്റും. അതത് സംസ്ഥാനത്തെ ചിൽഡ്രൻ വെൽഫെയ൪ കമ്മിറ്റി അധികൃത൪ ഇവരുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും.
രക്ഷിതാക്കളെ കണ്ടെത്തുന്നതുവരെ കുട്ടികളുടെ പൂ൪ണ സംരക്ഷണം അതത് സംസ്ഥാനത്തെ ജുവനൈൽ ഹോം അധികൃതരുടെ കീഴിലായിരിക്കും. മേയ് അവസാനത്തോടെ കുട്ടികളെ ജില്ലാ ചിൽഡ്രൻ വെൽഫെയ൪ കമ്മിറ്റി മുഖാന്തിരം അവരവരുടെ സംസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്ന് തലശ്ശേരി ജുവനൈൽ ഹോം സൂപ്രണ്ട് കെ.പി. അസൈനാ൪, കെയ൪ടേക്ക൪മാരായ കെ.പി. ഷാനവാസ്, ഒ.കെ. മുഹമ്മദ് അഷ്റഫ് എന്നിവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.