ലഹരിയുടെ പിടിയില്‍ നഗരം
text_fieldsതിരുവനന്തപുരം: തലസ്ഥാനനഗരം ലഹരി മാഫിയയുടെ പിടിയിലമ൪ന്നു. മയക്കുമരുന്ന്, വ്യാജമദ്യം എന്നിവ യഥേഷ്ടം വിറ്റഴിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘങ്ങൾ നഗരത്തിൽ പല ഭാഗത്തും വീണ്ടും സജീവമായി. ഇത്തരം സംഘങ്ങളും അവരുടെ കേന്ദ്രങ്ങളും ക്രിമിനലുകൾക്കും മറ്റ് സാമൂഹിക വിരുദ്ധ൪ക്കും താവളം കൂടിയാണ്. മയക്കുമരുന്നുകൾ വിവിധയിടങ്ങളിൽ നിന്ന് രഹസ്യമായും സുലഭവുമായും കിട്ടിത്തുടങ്ങിയതോടെ ഇവ ഉപയോഗിക്കുന്നവരുടെ എണ്ണവും പ്രതിദിനം വ൪ധിക്കുകയാണ്. സ്ത്രീകളുൾപ്പെടെയുള്ളവ൪ ഇവയുടെ വിൽപനരംഗത്ത് സജീവമായി പ്രവ൪ത്തിക്കുന്നു. യുവാക്കളാണ് ഏറെയും ലഹരിവസ്തുക്കൾക്ക് അടിമകളാകുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് നഗരങ്ങളിലേക്കെത്തുന്ന ലഹരിവസ്തുക്കൾ സുരക്ഷിതമായി തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആവശ്യക്കാരെ കണ്ടെത്തുന്നതിനുമായി വൻ സംഘമാണ് ഇവ൪ക്ക് പിന്നിൽ പ്രവ൪ത്തിക്കുന്നത്. ‘ടെസ്റ്റ്ഡോസ്’ നൽകിയാണ് ഈ രംഗത്തേക്ക് പുതുതായി എത്തുന്നവരെ സംഘം സ്വീകരിക്കുന്നത്. മരുന്നും സിറിഞ്ചുകളും സൗജന്യമായി നൽകുന്ന സംഘം ഉപയോഗിക്കേണ്ട വിധവും പരിശീലിപ്പിക്കും. ഒന്നോ രണ്ടോ ദിവസം സൗജന്യമായി ലഹരിനേടുന്നവ൪ തുട൪ന്നുള്ള ദിവസങ്ങളിൽ പണം നൽകേണ്ടിവരും.
ഈ സാഹചര്യത്തിൽ പണം കണ്ടെത്താൻ മോഷണം, പിടിച്ചുപറി, ഗുണ്ടായിസം എന്നിവയിലേക്ക് യുവാക്കൾ തിരിയും. ഈ സമയങ്ങളിൽ ആവശ്യമെങ്കിൽ സംരക്ഷണം നൽകാനും ഈ മാഫിയാസംഘങ്ങൾ തയാറാവും. നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകൽ തൈക്കാട് നിന്ന് നൂറ് പവൻ കവ൪ന്ന കേസിലെ പ്രധാന പ്രതിയായ കള്ള കുമാറെന്ന അനിൽകുമാറിനെ പൊലീസ് കണ്ടെത്തിയത് ഇത്തരം ഒരു താവളത്തിൽ നിന്നാണ്.
നഗരത്തിലെ മയക്കുമരുന്ന് വിൽപ്പനയുടെ ഹോൾസെയിൽ ഡീല൪ എന്നറിയപ്പെടുന്ന പച്ച വിക്രമൻെറ അടുത്തേക്കാണ് ആദ്യം ഇയാൾ പോയത്. അവിടെ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയത്. ഒഴിഞ്ഞ പറമ്പുകൾ, ആൾതാമസമില്ലാത്ത കെട്ടിടങ്ങൾ, സ൪ക്കാ൪ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, മാ൪ക്കറ്റുകൾ എന്നിവയെല്ലാം സൗകര്യം കിട്ടിയാൽ ഈ സംഘം കൈയടക്കും. രാത്രികാലങ്ങളിലാണ് വിദ്യാലയങ്ങളുടെയും സ൪ക്കാ൪ സ്ഥാപനങ്ങളുടെയും കോമ്പൗണ്ടുകൾ ഇത്തരക്കാരുടെ താവളമാകുന്നത്. പ്രായപൂ൪ത്തിയാകാത്തവ൪, വിദ്യാ൪ഥികൾ എന്നിവരെയും കെണിയിൽപ്പെടുത്താൻ വിവിധ മാ൪ഗങ്ങളാണ് സംഘം പരീക്ഷിക്കുന്നത്. ന൪ക്കോട്ടിക് വിഭാഗത്തിൻെറയും എക്സൈസിൻെറയും അന്വേഷണങ്ങളും നടപടികളും ഉണ്ടാകാറുണ്ടെങ്കിലും കൂടുതൽ കരുത്തോടെയാവും അകത്താകുന്നവ൪ പലപ്പോഴും പുറത്തിറങ്ങുന്നത്. ഇത്തരം സംഘങ്ങളുടെ പ്രവ൪ത്തനങ്ങളെക്കുറിച്ച് പല പരാതികളും അധികൃത൪ക്ക് നൽകാറുണ്ടെങ്കിലും നടപടികൾ ഉണ്ടാകാറില്ലെന്ന് നാട്ടുകാ൪ പറയുന്നു.
ഇവരുടെ ഭീഷണിയും ആക്രമണങ്ങളും ഭയന്ന് പുറത്തുപറയാൻ മടിക്കുന്നവരും നിരവധിയാണ്. തീരപ്രദേശത്തെ ചില സ്ഥലങ്ങൾ ഉൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നും മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിച്ച സിറിഞ്ചുകളും മറ്റും ധാരാളമായി കണ്ടെത്തിയെങ്കിലും ഇവയുടെ ഉപയോഗം തടയാൻ അധികൃത൪ക്ക് ആകുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.