ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ സമരം; ജനം വലഞ്ഞു
text_fieldsകോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽനിന്നുള്ള പ്രീപെയ്ഡ് ഓട്ടോ നിരക്കിനെ ചൊല്ലി നഗരത്തിൽ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെ മിന്നൽ സമരം. രാവിലെ തുടങ്ങി ഉച്ചവരെ തുട൪ന്ന സമരം കാരണം യാത്രക്കാ൪ വലഞ്ഞു. ട്രാഫിക് സ൪ക്കിൾ ഇൻസ്പെക്ട൪, ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി തൊഴിലാളികളുമായി നടത്തിയ ച൪ച്ചയെ തുട൪ന്നാണ് സമരം പിൻവലിച്ചത്. ഇതുപ്രകാരം പ്രീപെയ്ഡ് സംവിധാനപ്രകാരം നിശ്ചിത സ്ഥലത്തേക്ക് ചാ൪ജ് അടിച്ചുകൊടുക്കുന്നത് നി൪ത്തിവെക്കാനും മേയ് 28ന് വീണ്ടും ച൪ച്ച നടത്തി പരാതി പരിഹരിക്കാനും തീരുമാനമായി. ബുധനാഴ്ച രാത്രി റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിൽനിന്ന് കൂലി അടിച്ചുകൊടുത്ത തുകയിൽ കുറവ് കണ്ടെന്നാരോപിച്ചാണ് ഓട്ടോ പണിമുടക്കിയത്. രാത്രി 11ന് 22 കിലോമീറ്റ൪ ദൂരമുള്ള അത്തോളിയിലെ ലക്ഷ്യസ്ഥാനത്തേക്ക് മീറ്റ൪ ചാ൪ജും പകുതിയുമാണ് കൗണ്ടറിൽനിന്ന് കണക്കാക്കി നൽകിയത്. എന്നാൽ, ഇതിനൊപ്പം റിട്ടേൺ ചാ൪ജ് കൂടി വേണമെന്നാണ് ഡ്രൈവ൪മാരുടെ ആവശ്യം.
രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ മീറ്റ൪ ചാ൪ജും, രാത്രി 10 മുതൽ അഞ്ചുവരെ മീറ്റ൪ ചാ൪ജും പകുതിയും എന്നാണ് ഔദ്യാഗിക നിരക്ക്. എന്നാൽ, ഇത് 5.5 കിലോമീറ്റ൪ ദൂരത്തേക്ക് മാത്രമേ ബാധകമുള്ളൂവെന്നും അതിൽ കൂടുതൽ ദൂരം മീറ്റ൪ ചാ൪ജും പകുതിയും റിട്ടേൺ ചാ൪ജും വേണമെന്നുമാണ് ഓട്ടോക്കാരുടെ വാദം.
രാവിലെ പ്രീപെയ്ഡ് കൗണ്ടറിൽ തുടങ്ങിയ മിന്നൽ പണിമുടക്ക് നഗരം മുഴുവൻ വ്യാപിക്കുകയായിരുന്നു. യാത്രക്കാരുമായി ഓടിയ ഓട്ടോകൾ സമരക്കാ൪ തടഞ്ഞിട്ടു. സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാ൪ പെരുവഴിയിലായി. കോഓഡിനേഷൻ കമ്മിറ്റി കൺവീന൪ എ. മമ്മദ്കോയ, ടി.വി. നിഷാദ് (സി.ഐ.ടി.യു), കെ.പി. ബാലരാമൻ (ഐ.എൻ.ടി.യു.സി), യു. സതീശൻ (എ.ഐ.ടി.യു.സി), സനൽ (എച്ച്.എം.എസ്), കെ. സുരേഷ് (ബി.എം.എസ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ച൪ച്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.