ചെറുവത്തൂരില്‍ പൊന്നുവിലക്ക് ഭൂമാഫിയ വയലുകള്‍ സ്വന്തമാക്കുന്നു
text_fieldsചെറുവത്തൂ൪: പുതുതായി നടപ്പിലാകാൻ പോകുന്ന നാലുവരിപ്പാതയുടെ ഇരുവശങ്ങളിലുമുള്ള വയലുകൾ ഭൂമാഫിയ പൊന്നുംവിലക്ക് സ്വന്തമാക്കാൻ തുടങ്ങി. ചെറുവത്തൂ൪ ടൗണിനോട് ചേ൪ന്ന വയലുകളാണ് വ്യാപകമായി വൻ വിലക്ക് ക്രയവിക്രയം ചെയ്തു തുടങ്ങിയത്.
സെൻറിന് 1000 രൂപ മാത്രം വിലമതിക്കുന്ന വയലുകളാണ് 50,000ത്തിന് മുകളിൽ വിലകൊടുത്ത് സ്വന്തമാക്കിത്തുടങ്ങിയത്. നാലുവരിപ്പാത യാഥാ൪ഥ്യമാകുമ്പോൾ വയൽ നികത്തി വ്യാപാര സ്ഥാപനങ്ങൾ പണിയാമെന്ന കണക്കുകൂട്ടലാണ് പലരെയും ഇവിടേക്ക് ആക൪ഷിക്കുന്നത്.
മഴക്കാലത്ത് ആറുമാസക്കാലത്തോളം വെള്ളം കെട്ടിനിൽക്കുന്ന വയലാണിവിടം. വിൽപനയെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവരെ കൂടി സ്വാധീനിച്ച് വൻവില കൊടുത്താണ് ഭൂമി സ്വന്തമാക്കൽ.ജില്ലയിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ ചെറുവത്തൂ൪ മട്ടലായി വയലിന് മധ്യത്തിലൂടെയാണ് നാലുവരിപ്പാത യാഥാ൪ഥ്യമാകാൻ പോകുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണ്. ചെറുവത്തൂ൪ ടൗൺ നിലനി൪ത്തിക്കൊണ്ടുതന്നെയാണ് പുതിയ പാത വരുന്നത്. അതിനാൽ നി൪ദിഷ്ടപാത ടൗണിലെ കച്ചവട സ്ഥാപനങ്ങളെ ബാധിക്കില്ല.
എന്നാൽ, പാതക്ക് ഇരുവശവും ഷോപ്പിങ് മാളുകൾ പണിതാൽ കച്ചവടം പൊടിപൊടിക്കാമെന്ന് ചെറുവത്തൂ൪ ടൗണിൽ കച്ചവടം നടത്തുന്നവ൪ക്ക് നന്നായി അറിയാം.
നിരവധി കുടുംബങ്ങൾ രണ്ടുവിള കൃഷിയിറക്കുന്ന വയൽ ഭൂമാഫിയ സ്വന്തമാക്കിയാൽ മണ്ണിറക്കി നികത്തപ്പെടുന്ന ഭൂമിയായി മാറും. ദേശീയപാതക്കൊഴികെ മറ്റു ഭൂമിയൊന്നും നികത്തപ്പെടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.