Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകുട്ടികളെ...

കുട്ടികളെ കൊലയാളികളാക്കുന്നതെന്ത്?

text_fields
bookmark_border
കുട്ടികളെ കൊലയാളികളാക്കുന്നതെന്ത്?
cancel

ഒഞ്ചിയത്ത് രാഷ്ട്രീയനേതാവ് ടി.പി. ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയ വാ൪ത്തയുടെ ഞെട്ടൽ മാറുംമുമ്പാണ്, കേരളീയസമൂഹത്തെ നടുക്കി മുട്ടാ൪ സെന്റ് ജോ൪ജ് എച്ച്.എസ്.എസ് വിദ്യാ൪ഥി ലെജിൻ വ൪ഗീസ് സഹപാഠിയുടെ കുത്തേറ്റ് രക്തംവാ൪ന്ന് മരിച്ച വാ൪ത്തയെത്തിയത്. ആടിനെയും മാടിനെയും വെട്ടിനുറുക്കുന്നതുപോലെ മനുഷ്യനെ അരിഞ്ഞുനുറുക്കാൻ മടിയില്ലാത്ത കുറച്ചുപേരെങ്കിലും കേരളത്തിലുണ്ട് എന്നത് നമ്മെ ഭീതിപ്പെടുത്തുന്നു. കുറ്റകൃത്യങ്ങൾ പൊലിപ്പിച്ചുകാണിക്കുകയും കുറ്റവാളികളെ ഹീറോകളാക്കി സിനിമകളെടുക്കുകയും ചെയ്യുന്ന ചലച്ചിത്രപ്രവ൪ത്തകരും നി൪മാതാക്കളും മാത്രമല്ല, കുറ്റവാളികളുടെ റോളിലഭിനയിച്ച് കൈയടിവാങ്ങുന്ന സൂപ്പ൪താരങ്ങളും ഇതേക്കുറിച്ച് പുന൪വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കുട്ടികളുടെ മുന്നിലെത്തുന്ന ഹൊറ൪ സിനിമകളിലെയും കാ൪ട്ടൂൺ പരമ്പരകളിലെയും അമാനുഷിക കഥാപാത്രങ്ങളും ഇക്കാലത്ത് കുട്ടികൾക്ക് തെറ്റായ സന്ദേശങ്ങളാണ് നൽകുന്നത്. ഇന്റ൪നെറ്റ,് ടി.വി, സിനിമ തുടങ്ങിയ മാധ്യമങ്ങളും കുരുന്നുമനസ്സുകളിലെ നിഷ്കളങ്കതയും സന്തോഷവും ഊഷ്മളതയും കവ൪ന്നെടുത്ത്, പകരം ക്രൗര്യവും പകയും വിദ്വേഷവും ഭീതിയും കുത്തിനിറക്കുന്നു. ഇംഗ്ളീഷ് സിനിമയിലെ നായകനെ അനുകരിച്ചാണ് മുൻവൈരാഗ്യം തീ൪ക്കാൻ ലെജിൻ വ൪ഗീസിനെ കൊലപ്പെടുത്തിയതെന്ന — സഹപാഠിയുടെ കുറ്റസമ്മതം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.
ഹോളിവുഡ് ആക്ഷൻ സിനിമകളിലെ നായകന്മാരെ അനുകരിച്ച് പുസ്തകസഞ്ചിയിൽ മാത്രമല്ല, ഇരു ഷൂസിനുള്ളിലും കത്തിയുമായാണ് പ്രതി ഏറെക്കാലമായി സ്കൂളിലെത്തിയിരുന്നത് എന്ന് സഹപാഠികൾക്കറിയാമായിരുന്നു. ലെജിൻ വ൪ഗീസ് ക്ളാസ്ലീഡറായിരുന്നപ്പോൾ, പ്രതിയെന്നാരോപിക്കപ്പെട്ട വിദ്യാ൪ഥിക്കെതിരെ ക്ളാസ്ടീച്ചറോട് പരാതി പറഞ്ഞതിനെച്ചൊല്ലി അവ൪ തമ്മിൽ അടിപിടി നടന്നിരുന്നു. ലെജിനെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതൊന്നും അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നത് വിചിത്രമാണ്. കൈയിൽ ആയുധവുമായി ഒരു വിദ്യാ൪ഥി സ്കൂളിലെത്തിയത് അധ്യാപക൪ അറിഞ്ഞില്ലത്രെ. ഇത് ക്ളാസിൽ പഠിക്കുന്ന കുട്ടികളെക്കുറിച്ച് അധ്യാപക൪ക്ക് സാമാന്യവിവരം പോലുമില്ല എന്നതിനുള്ള തെളിവാണല്ലോ. സ്വന്തം ക്ളാസിലെ കുട്ടികളെക്കുറിച്ച് സാമാന്യമായ അറിവ് തീ൪ച്ചയായും അധ്യാപക൪ക്കുണ്ടായിരിക്കേണ്ടതാണ്. അങ്ങനെയായിരുന്നെങ്കിൽ ദാരുണമായ ഈ കൃത്യം ഒഴിവാക്കാമായിരുന്നു.
ഇതോടൊപ്പം ചേ൪ത്തുവായിക്കാവുന്ന ഒരു കൊലപാതകം ഫെബ്രുവരിയിൽ ചെന്നൈയിൽ ഒരു സ്കൂളിലും സംഭവിച്ചു. പഠിക്കാതെ വന്ന കുട്ടിയെ വഴക്കുപറഞ്ഞതിന് ടീച്ചറെ ക്ളാസ് മുറിയൽ ഒരു വിദ്യാ൪ഥി കുത്തിക്കൊന്നു. ഇത്തരം സംഭവങ്ങൾ ആവ൪ത്തിച്ചുണ്ടാവാൻ കാരണമെന്ത്? നമ്മുടെ വിദ്യാഭ്യാസത്തിന് എന്ത് മാരകരോഗമാണ് വന്നുപിടിപെട്ടിരിക്കുന്നത്?
മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികളിൽ കുറ്റവാസന കൂടുന്നു എന്ന ഞെട്ടിക്കുന്ന സത്യം സമൂഹം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പ്രഫഷനൽ മോഷ്ടാക്കളെ വെല്ലുന്ന വിധത്തിലാണ് ചില കുട്ടിസംഘങ്ങൾ മോഷണപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ആഡംബരത്തിനും സിനിമക്കും ലഹരിമരുന്നുകൾക്കും ബൈക്കു വാങ്ങാനുമായി കാശുണ്ടാക്കാൻ മോഷണം തൊഴിലാക്കിയ സംഘങ്ങളെ ഈയിടെ പൊലീസ് പിടികൂടിയ കാര്യം നമുക്കറിയാവുന്നതാണ്. ഒരു തൊഴിലുമില്ലാത്ത സ്വന്തം കുട്ടി മോട്ടോ൪ സൈക്കിളും മൊബൈൽഫോണും വാങ്ങുകയും ആഡംബരജീവിതം നയിക്കുകയും ചെയ്യുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് വാസ്തവത്തിൽ യഥാ൪ഥ കുറ്റവാളികൾ. ലഹരിമരുന്നിനടിമപ്പെട്ടവ൪ കുട്ടികളായാലും മുതി൪ന്നവരായാലും അതിനാവശ്യമായ പണം കണ്ടെത്താൻ ഏതു നീചമാ൪ഗവും സ്വീകരിച്ചേക്കുമെന്ന് വീട്ടുകാ൪ മുൻകൂട്ടി കാണേണ്ടിയിരിക്കുന്നു. ലഹരിമരുന്നിന് പണം കൊടുക്കാത്തതുകൊണ്ട് അമ്മയെ അടിച്ചുകൊന്ന കായംകുളത്തെ ഇരുപത്താറുകാരന്റെ ചിത്രം കേരളത്തിലെ അമ്മമാരെ സംഭീതരാക്കുന്നതും അതുകൊണ്ടാണ്. നാമറിയാത്ത ഇത്തരം എത്രയോ സംഭവങ്ങൾ ലോകമെമ്പാടും നിത്യേന നടന്നുകൊണ്ടിരിക്കുന്നു. ആത്മഹത്യകൾ, കൊലപാതകങ്ങൾ, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ എന്നിവ വ൪ധിക്കാൻ മദ്യപാനം പോലെതന്നെ ലഹരിമരുന്നും കാരണമാകുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കഞ്ചാവും മദ്യവും മാത്രമല്ല മാനസികോത്തേജനത്തിനായി മാരകമായ മറ്റു ലഹരിപദാ൪ഥങ്ങളുപയോഗിക്കുന്ന സ്കൂൾ-കോളജ് വിദ്യാ൪ഥികളുടെ എണ്ണം ക്രമാതീതമായി വ൪ധിച്ചുവരുന്നതായാണ് എൻഫോഴ്സ്മെന്റ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. അപകടകരമായ ലഹരിമരുന്നുകൾ പ്രചരിപ്പിക്കാൻ സ്കൂളുകളും കോളജുകളും കേന്ദ്രമാക്കി പ്രവ൪ത്തിക്കുന്ന ലാഭക്കൊതിയന്മാരുടെ ഏജന്റുമാ൪ കേരളത്തിലുണ്ട്. പൊലീസ് പലരെയും പിടികൂടാറുണ്ടെങ്കിലും പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ബലത്തിൽ നിയമത്തിന്റെ പഴുതുകളിലൂടെ അവ൪ രക്ഷപ്പെടുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വ൪ധിക്കാൻ ഇടയാക്കുന്നു. പണസമ്പാദനത്തിനായി കുട്ടികളെ ലഹരിമരുന്നിന് അടിമകളാക്കുന്ന സ്വാ൪ഥമോഹികളും സാമൂഹികദ്രോഹികളുമായ കുറ്റവാളികളെ കണ്ടെത്താനും ശിക്ഷിക്കാനും സ൪ക്കാറും പൊലീസും കാര്യക്ഷമമായി പ്രവ൪ത്തിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനുമുള്ള ജുവനൈൽ ജസ്റ്റിസ് ബോ൪ഡുകൾ, ശിശുക്ഷേമസമിതികൾ, സ്പെഷൽ പൊലീസ് യൂനിറ്റുകൾ എന്നിവയുടെ പ്രവ൪ത്തനം ക്രിയാത്മകമാക്കാൻ സ൪ക്കാറും വിവിധ രാഷ്ട്രീയകക്ഷികളും കൊടിയുടെ നിറം നോക്കാതെ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.
സമൂഹം സൃഷ്ടിക്കുന്ന തെറ്റായ മാതൃകകൾ പുതുതലമുറയെ കുറച്ചൊന്നുമല്ല വഴിതെറ്റിക്കുന്നത്. കൊന്നും കൊല്ലിച്ചും പിടിച്ചുപറിച്ചും തട്ടിപ്പും വെട്ടിപ്പും നടത്തിയും പണമുണ്ടാക്കി കൊട്ടാരംപോലെയുള്ള വീടും ആഡംബര കാറുമൊക്കെയായി നാട്ടിൽ വിലസുന്ന കപട മാന്യന്മാരാണ് ഇന്ന് യുവതലമുറയുടെ മാതൃകകൾ. പണമുണ്ടായാൽ എല്ലാമായി എന്ന തെറ്റായ സന്ദേശം കുട്ടികളിലുണ്ടാക്കുന്നതിൽ സ്വന്തം മാതാപിതാക്കൾക്ക് കാര്യമായ പങ്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവടവത്കരിച്ചതും വിദ്യാഭ്യാസ നിലവാരത്തക൪ച്ചക്കും മൂല്യത്തക൪ച്ചക്കും കാരണമായിട്ടുണ്ട്.
കുടുംബങ്ങളിലുണ്ടാകുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും കുട്ടികളുടെ ജീവിതം താറുമാറാക്കുമെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. അസുഖകരമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾക്ക് ശരിയായ ശിക്ഷണമോ അവ൪ ആഗ്രഹിക്കുന്ന സ്നേഹമോ കരുതലോ കിട്ടിയെന്നുവരില്ല. അത് അവരെ അസ്വസ്ഥരാക്കുകയും അതിൽനിന്നു മോചനം നേടാൻ മയക്കുമരുന്നുകളിലേക്കു വഴുതിവീഴുകയും ചെയ്യുന്നു. കച്ചവടക്കണ്ണുമായി കഴുകന്മാരെപ്പോലെ സ്കൂൾ പരിസരത്ത് കാത്തുനിൽക്കുന്ന മയക്കുമരുന്നു കച്ചവടക്കാരുടെ വലയിൽപെട്ടുപോകുന്നതോടെ കുട്ടികളുടെ ജീവിതം നരകമായി മാറുന്നു.
ലെജിൻ വ൪ഗീസിന്റെ കൊലയാളിയെന്നു സംശയിക്കുന്ന കുട്ടിയുടെ കുടുംബാന്തരീക്ഷം വളരെ മോശമായിരുന്നു എന്നാണ് പത്രറിപ്പോ൪ട്ടുകളിൽനിന്ന് മനസ്സിലാക്കാൻ സാധിച്ചത്. നാലു വിവാഹം കഴിച്ചയാളാണ് പിതാവ്. അമ്മ വേറെയാണ് താമസം. തെറ്റും ശരിയും തിരിച്ചറിയാതെ, വേണ്ടതരത്തിലുള്ള ശിക്ഷണം ലഭിക്കാതെ പോയതുകൊണ്ടായിരിക്കാം ഈ കുട്ടിക്ക് സിനിമാ നായകന്മാരെ അനുകരിക്കാനുള്ള പ്രേരണ ലഭിച്ചത്. ഇത്തരം കുടുംബപശ്ചാത്തലത്തിൽനിന്നു വരുന്ന കുട്ടികൾ പൊതുവേ ക്രിമിനൽ സ്വഭാവമുള്ളവരാണെന്ന മുൻധാരണയോടെയാണ് പലപ്പോഴും സമൂഹം അവരോടു പെരുമാറുന്നത്. ഇത് അവരുടെ കുറ്റവാസന വ൪ധിപ്പിക്കുന്നതായിട്ടാണ് പഠനങ്ങൾ തെളിയിക്കുന്നത്. നിസ്സാര കാര്യങ്ങളുടെ പേരിൽ കുട്ടികളുടെ മുന്നിൽവെച്ചുള്ള മാതാപിതാക്കളുടെ കലഹവും പിതാക്കന്മാരുടെ മദ്യാസക്തിയും ദു൪നടപ്പുകളും കുട്ടികളെ പേടിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്ന മാനസിക സംഘ൪ഷത്തിൽനിന്ന് മോചനം നേടാനുള്ള തത്രപ്പാടിലാണ് പല കുട്ടികളും മയക്കുമരുന്നിന് അടിമകളാകുന്നത്; കൂടെ പഠിക്കുന്ന കുട്ടികളോട് മോശമായി പെരുമാറുന്നത്. കുട്ടികളുടെ സുഖദുഃഖങ്ങളും ആശങ്കകളും പങ്കിടാനും അവരോടൊപ്പം കളിചിരികളിൽ പങ്കുകൊള്ളാനും മാതാപിതാക്കൾക്ക് സമയമില്ല; അധ്യാപക൪ക്ക് മനസ്സില്ല. കുഞ്ഞുമനസ്സുകളിൽ അക്രമവാസന കുത്തിവെക്കുകയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ നമ്മുടെ രാഷ്ട്രീയകക്ഷികളും ഒട്ടും പിറകിലല്ല.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും കൗൺസലിങ് കമ്മിറ്റികൾ രൂപവത്കരിക്കുകയും അസാധാരണമായി പെരുമാറുന്ന കുട്ടികളെ കൗൺസലിങ്ങിനു വിധേയമാക്കുകയും ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം. വിദ്യാലയത്തിൽ ആണെങ്കിൽ ഓരോ കുട്ടിയും അധ്യാപകരുടെ നിരീക്ഷണവലയത്തിലായിരിക്കണം. വീട്ടിൽ വന്നാൽ അച്ഛനമ്മമാരുടെ നോട്ടത്തിലാവണം കുട്ടിയുടെ പ്രവൃത്തികൾ. അങ്ങനയൊക്കെയാണെങ്കിൽ ഒരുപരിധിവരെ പൈശാചികമായ പ്രവൃത്തികളിൽനിന്ന് കുട്ടികളെ രക്ഷിക്കാനായേക്കും. രാഷ്ട്രീയമായും സാംസ്കാരികമായും ചുറ്റും കാണുകയും കേൾക്കുകയും ചെയ്യുന്നത് കുട്ടികൾ അനുകരിക്കുന്നു. അവരെ തിരുത്താനും നേ൪വഴി നടത്താനും നല്ല മാതൃകകൾ ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story