ഗുണ്ടകള്‍ ഉണ്ടാകുന്നത്?
text_fieldsഒരു സിനിമയിലെ ഡയലോഗ് കടമെടുത്താൽ ആൺഗുണ്ടക്ക് പെൺഗുണ്ടയിലുണ്ടായതല്ല ഇവരൊന്നും. നമുക്കിടയിൽ വള൪ന്നു വന്നവ൪തന്നെ. ക്വട്ടേഷൻ സംഘങ്ങളും അധോലോകവും ഉയ൪ന്നുവരുന്നതിന് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങൾ ഏറെയുണ്ട്.
ഇറ്റലിയിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും സഹിക്കാതെ അമേരിക്കയിലേക്ക് കുടിയേറിയവരാണ് ലോകത്തെ വിറപ്പിച്ച ലക്കി ലൂസിയാനോയും കപ്പോണുമടങ്ങുന്ന ആദ്യ ആഗോള അധോലോകം. യു.എസിൽ അക്കാലത്തുണ്ടായിരുന്ന മദ്യനിരോധവും അവ൪ക്ക് തുണയായി.
മുംബൈയിലെത്തിയാൽ ദാരിദ്ര്യവും കഷ്ടതകളും തന്നെയാണ് കൊച്ചുപിച്ചാത്തിയെടുത്ത് ചേരികളിലെ മനുഷ്യരെ തെരുവിലെത്തിച്ചത്. റോബിൻഹുഡിൻെറയും കായംകുളം കൊച്ചുണ്ണിയുടെയും കഥകൾപോലെയായിരുന്നു ആദ്യകാല അധോലോകങ്ങളുടെ പ്രവ൪ത്തനം. മുംബൈയെ വിറപ്പിക്കുമ്പോഴും മഹാനഗരത്തിലെ ആദ്യകാല അധോലോക നായകന്മാരായ കരീംലാലയും വരദരാജമുതലിയാരും ഹാജി മസ്താനും എവിടെയൊക്കെയോ ചില നന്മകൾ സൂക്ഷിച്ചിരുന്നു. സാധാരണക്കാ൪ക്കിടയിൽ രക്ഷകരുടെ പരിവേഷമായിരുന്നു അവ൪ക്ക്. വരദരാജ മുതലിയാ൪ മരിച്ചപ്പോൾ പതിനായിരങ്ങൾ ഒരുനോക്കുകാണാൻ തെരുവിലിറങ്ങിയത് മുംബൈ പൊലീസിനെ ഞെട്ടിച്ചിരുന്നു. പരസ്പരം തലയെടുക്കുന്ന ‘കുലംകുത്തിപ്പണിയും’ അവ൪ക്കില്ലായിരുന്നു. ആ കാലം പെട്ടെന്നാണ് മാറിയത്. പരസ്പരം വെടിയുതി൪ത്തും നിരപരാധികളെ തീ൪ത്തും ക്രൂരജന്മങ്ങളായി രണ്ടാംതലമുറ അധോലോകം. കരിഞ്ചന്തയിൽ സിനിമാ ടിക്കറ്റ് വിറ്റും അല്ലറച്ചില്ലറ അടിപിടിയുമായി നടന്ന ദാവൂദ് ഇബ്രാഹീം എന്ന സുന്ദരനായ ചെറുപ്പക്കാരൻെറ കൈയിലേക്ക് ആദ്യമായി തോക്ക് വെച്ചുകൊടുത്തതിന് ഹാജി മസ്താൻ ഖേദിച്ചു. പലതവണ. ഒടുവിൽ മുംബൈ സ്ഫോടന പരമ്പരകളിൽ ആസൂത്രകനെന്ന ആരോപണമുയ൪ന്ന്, പിറന്ന നാടിനുമാത്രമല്ല, ഇൻറ൪പോളിനും എഫ്.ബി.ഐക്കുംപോലും പിടികിട്ടാത്ത ഉയരങ്ങളിലേക്ക് ദാവൂദ് പറന്നു.
സാമുദായിക പരിഗണനവെച്ച് ശിവസേന വള൪ത്തിയ അരുൺഗാവ്ലിയും ഒടുവിൽ സേനക്കുതന്നെ പാരയായി വള൪ന്നു. സമരത്തെ തുട൪ന്ന് തുണിമില്ലുകൾ ഒന്നടങ്കം പൂട്ടിയതോടെ തോക്കെടുക്കാൻ മുംബൈയിൽ യുവാക്കൾക്ക് പഞ്ഞമില്ലാതായി. ഇന്ന് കൊലകൾ ഹരമാക്കിയവരാണ് മുംബൈയെ ഭരിക്കുന്നത്. എം.ബി.എ, എൻജിനീയറിങ ് ബിരുദക്കാ൪ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് മുംബൈ പൊലീസിൻെറ പുതിയ കണക്കുകൾ പറയുന്നത്.
എന്തിനും മുംബൈയെ അനുകരിക്കുന്ന ഛോട്ടാമുംബൈയായ നമ്മുടെ കൊച്ചിയിൽ ഇത്ര സംഘടിതമല്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ, കാര്യങ്ങൾ പിടിവിട്ടുപോവുന്ന അവസ്ഥയാണ്. കേരളത്തിൽ ഗുണ്ടാസംഘങ്ങളുടെ സ്വഭാവത്തിലും ജീവിതനിലവാരത്തിലും കാര്യമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു. മുമ്പ് നിത്യവൃത്തിക്കു വേണ്ടിയായിരുന്നു ഇതൊക്കെയും. ഇന്ന് ഗുണ്ടാനേതാവ് എന്നത് താരപരിവേഷത്തിനുവേണ്ടിയാണ്. അതിനാൽ, അഭ്യസ്തവിദ്യരായ ഒരു വലിയവിഭാഗം യുവാക്കളാണ് ഇവിടേക്ക് ആക൪ഷിക്കപ്പെടുന്നത്. അടുത്തിടെ കേരളത്തിൽ ഉയ൪ന്നുവന്ന ഗുണ്ടാനേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. അധ്യാപകരുടെയും പൊലീസ്, സ൪ക്കാ൪ ഉദ്യോഗസ്ഥരുടെയും മക്കളാണ് ഇവരിൽ ഏറെയും. പണത്തോടുള്ള ആ൪ത്തിയും അധോലോക നായകരോടുള്ള വീരാരാധനയുമാണ് ഇവരെ നയിക്കുന്നത്.
എക്സിക്യൂട്ടിവ് ജോലിയായി ‘ഗുണ്ടാപ്രവ൪ത്തനം’ മാറിയിരിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. റിയൽ എസ്റ്റേറ്റും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോൾ ഗുണ്ടകൾക്ക് പ്രത്യേക മാനംനൽകിയിട്ടുണ്ട്. ടൈ കെട്ടി കലക്ഷൻ ഏജൻറ് എന്നപേരിൽ ക്വട്ടേഷൻ സംഘങ്ങളെ നിയോഗിക്കുകയാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. വലിയ പണിയൊന്നുമില്ല, വായ്പ അടക്കാത്തവരെ സമീപിച്ച് അവരെ വിരട്ടി പണം വാങ്ങണം. അതിനായി നൽകുന്നതോ മുന്തിയ ശമ്പളവും. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിൽ പ്രതിയായ മൃഗംസാജു ഹിമാലയ കമ്പനിയുടെ പി.ആ൪.ഒ ആയിരുന്നെന്ന് ഓ൪ക്കണം.
ഗുണ്ടകളുമായി ചില രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും അടുത്തബന്ധമാണ് പുല൪ത്തുന്നത്. വൈക്കം സ്വദേശിയായ പ്രവീണിനെ കൊലപ്പെടുത്താൻ പള്ളുരുത്തി ഡിവൈ.എസ്.പിയായിരിക്കേ ഷാജി എന്ന പൊലീസ് ഓഫിസ൪ ചെയ്തത് ഗുണ്ടയെ ഏ൪പ്പാടാക്കുകയായിരുന്നു. ഡിവൈ.എസ്.പിയുടെ ഭാര്യയുമായി ബന്ധം പുല൪ത്തുന്നുവെന്നതായിരുന്നു പ്രവീണിനെതിരെ തിരിയാൻ പൊലീസ് ഓഫിസറെ പ്രേരിപ്പിച്ച ഘടകം.
ഗുണ്ടകൾ അകത്തായാലും ആസൂത്രക൪ പുറത്താണ്. ഇവരെ സംരക്ഷിക്കാൻ രാഷ്ട്രീയ പാ൪ട്ടികളും സജീവമാണ്. ഇങ്ങനെ സംരക്ഷിച്ച് സംരക്ഷിച്ച് ശിവസേനയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് സി.പി.എമ്മടക്കമുള്ള കക്ഷികൾ.
സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതിൽ പൊതുസമൂഹത്തിനുമുണ്ട് ചെറുതല്ലാത്ത പങ്ക്. നമ്മുടെ നാട്ടിലെ ‘ജനകീയ’ മാഫിയയായ മണൽ മാഫിയയുടെ കാര്യം തന്നെയെടുക്കുക. ഇന്നത്തെ പല ‘പ്രമുഖരുടെയും’ തുടക്കം അവിടെയാണ്. മണൽക്കടത്ത് മോശം കാര്യമായി പൊതുസമൂഹം കാണുന്നുമില്ല. ദിനംപ്രതി ആയിരം രൂപവരെ കിട്ടുമ്പോൾ സ്കൂൾകുട്ടികൾവരെ മണൽവണ്ടികൾക്ക് എസ്കോ൪ട്ട് പോവുകയാണ്. ഈ അമിതപണം മദ്യത്തിനും മറ്റുമായിപോവുന്നതോടെ കാലക്രമത്തിൽ അവിടെയൊരു കുറ്റവാളിസംഘം രൂപപ്പെടുകയായി.
സ൪ക്കാ൪ നടപടികൾക്കും സംസ്ഥാനത്ത് കൊണ്ടുവന്ന ഗുണ്ടാവിരുദ്ധനിയമത്തിനും ഉദ്ദേശിച്ച ഫലമുണ്ടായില്ല. കരുതൽതടങ്കൽ എന്ന സുഖവാസത്തിനു ശേഷം പുറത്തിറങ്ങുന്ന ഗുണ്ടകൾ വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തുടരുന്നുവെന്നു മാത്രം.
ജയിലുകളിലും ഇതേ സ്ഥിതിയാണ്. അടക്കമോഷണത്തിന് അകത്താവുന്നവൻ ആളെത്തട്ടാനുള്ള ക്വട്ടേഷനുമായി പുറത്തിറങ്ങും.
മുംബൈമോഡൽ എൻകൗണ്ട൪ വിദഗ്ധരെ കൊണ്ടുവന്നിട്ടോ നിയമം ക൪ക്കശമാക്കിയിട്ടോ അവസാനിപ്പിക്കാവുന്നതല്ല ഇതെന്ന് വ്യക്തം. ഈ ‘പ്രതിഭാസത്തെ’ നേരിടാൻ സാമൂഹിക കാരണങ്ങൾ പഠിച്ചുകൊണ്ടുള്ള സംവിധാനമാണ് വേണ്ടത്. ജനകീയ പൊലീസ് സംവിധാനത്തിനൊക്കെ ഇക്കാര്യത്തിൽ ഒരുപാട് സാധ്യതകളുണ്ട്. ഒപ്പം കൊച്ചുതെറ്റുകളെ പ്രോത്സാഹിപ്പിച്ച് ‘പിച്ചാത്തിക്കുട്ടപ്പന്മാരെ’ വള൪ത്താതിരിക്കാൻ രാഷ്ട്രീയക്കാരടക്കമുള്ള നമ്മുടെ പൊതുസമൂഹവും ജാഗ്രത കാട്ടണം.
വിശ്വരൂപം കണ്ട ഓപറേഷൻ ഉണ്ണിത്താൻ
സുരേഷ് ഗോപി സിനിമകളിലും പിന്നെ നമ്മുടെയൊക്കെ വാമൊഴിയിലും ഒതുങ്ങിനിന്നിരുന്ന രാഷ്ട്രീയ-പൊലീസ്-ഗുണ്ട ബന്ധം അതിൻെറ വിശ്വരൂപത്തിൽ മുന്നിൽ വന്നുനിന്ന സംഭവമായിരുന്നു കൊല്ലത്ത് മാതൃഭൂമി ലേഖകൻ വി.ബി. ഉണ്ണിത്താന് നേരെയുണ്ടായ വധശ്രമം.
കൊല്ലത്തെ സ൪ക്കാ൪ അതിഥി മന്ദിരത്തിൽ ഉയ൪ന്നപൊലീസ് ഉദ്യോഗസ്ഥ൪ നടത്തിയ ഒത്തുചേരലുമായി ബന്ധപ്പെട്ടു വന്ന വാ൪ത്തയായിരുന്നു അത് എഴുതിയയാളെ തീ൪ത്തുകളയാനുള്ള തീരുമാനത്തിലെത്തിയത്. ക്വട്ടേഷൻെറ ലക്ഷ്യം ലേഖകനെ വകവരുത്തുകയായിരുന്നുവെങ്കിലും അതും എഴുതിയ കൈ ഇല്ലാതാക്കലും നടന്നില്ല. പിന്നെ കിട്ടിയത് കാലും നടുവുമൊക്കെയായി. അത് ഏറക്കുറെ നല്ലരീതിയിൽതന്നെ തീ൪ത്ത് കൊടുക്കുകയും ചെയ്തു. വധശ്രമത്തിന് പിന്നിൽ പ്രവ൪ത്തിച്ച ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ക്വട്ടേഷൻ സംഘങ്ങളും കണ്ടാൽ അറിയുന്നവ൪ മാത്രമായിരുന്നില്ല. ഗോവയിലും മുംബൈയിലും പിന്നെ എവിടെയൊക്കെ സുഖവാസകേന്ദ്രങ്ങളുണ്ടോ അവിടെയൊക്കെ കുടുംബസമേതം ഉല്ലാസയാത്ര നടത്താൻ വിധമുള്ള ഉറ്റ കുടുംബ ചങ്ങാതിമാരുമായിരുന്നു.
ഉണ്ണിത്താൻ വധശ്രമം വൻ ച൪ച്ചയായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അവരുടെ അന്വേഷണത്തിനൊടുവിൽ ഡിവൈ.എസ്.പി സന്തോഷ് നായരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൈംബ്രാഞ്ച് എല്ലാം അവസാനിപ്പിക്കാനിരിക്കെയാണ് സി.ബി.ഐ എത്തുന്നത്. തുടക്കം മുതൽ സംശയത്തിൻെറ നിഴലിലായിരുന്ന ഒരു ഡിവൈ.എസ്.പിയെക്കുറിച്ച് മാധ്യമപ്രവ൪ത്തകരടക്കമുള്ളവ൪ ക്രൈംബ്രാഞ്ച് അന്വേഷണ തലവനോട് പല പ്രാവശ്യം സംശയം ഉന്നയിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിനൊടുവിൽ നടത്തിയ വാ൪ത്താ സമ്മേളനത്തിൽ തലവൻ ഈ ഡിവൈ.എസ്.പി യെ കുറിച്ച് പറഞ്ഞത് ‘ഈ അന്വേഷണ പുരോഗതിയിൽ നി൪ണായക വിവരങ്ങൾ തന്ന് സഹായിച്ച വ്യക്തിയായിരുന്നു അദ്ദേഹം’ എന്നായിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ എല്ലാം തലതിരിഞ്ഞു. മിടുക്കനും അന്വേഷണത്തിന് സഹായിച്ച ഡിവൈ.എസ്.പിയുമായ റഷീദ് ഉണ്ണിത്താൻ വധശ്രമകേസിൽ പിടിയിലായി. അദ്ദേഹത്തിൻെറ മാന്യത തെളിയിക്കുന്ന നാടകങ്ങളാണ് കോടതിയിലും ആശുപത്രിയിലുമൊക്കെ തൽസമയ സംപ്രേഷണങ്ങളിലൂടെ ജനലക്ഷങ്ങൾ കണ്ട് ആസ്വദിച്ചത്.
ഡിവൈ.എസ്.പി റഷീദ് നടത്തിയ നാടകം വളരെ ഉന്നതതലത്തിൽ തന്നെ ആസൂത്രണം ചെയ്തതാണെന്നും റഷീദ് അത് നന്നായി അഭിനയിച്ചുവെന്നേയുള്ളൂവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ആദ്യം അറസ്റ്റിലായ ഡിവൈ.എസ്.പി സന്തോഷ് നായ൪ പറഞ്ഞ കാര്യങ്ങളാണ് രണ്ടാം ഡിവൈ.എസ്.പി റഷീദിനെ കുടുക്കിയത്. ഇനി ചോദ്യംചെയ്യലിൽ റഷീദ് വെളിപ്പെടുത്തുന്ന ‘ഭീകര’ സത്യങ്ങൾ എന്തൊക്കെയാവും.
ഇവിടെയും
‘സ്ത്രീ ശാക്തീകരണം’
ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾക്കിടയിൽ ഒരു ‘ഗുണ്ടി’ കൂടി ഉണ്ടെങ്കിലോ? കേരളാപൊലീസിൻെറ റൊക്കോഡിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയെന്ന പേരു വീണത് ചേ൪ത്തലക്കടുത്ത് കുത്തിയതോട് സ്വദേശിയായ ശോഭ ജോണിനാണ്. അധോലോകത്തിൻെറ മാസ്മരിക പ്രഭയിൽ സ്വയം മറന്ന് എത്തിയതാണ് ഇവ൪. കൈനിറയെ പണം. സുഖവാസം. സന്തോഷം.
ശോഭാജോണും സ്വന്തമായി ഒരു ടീമുണ്ടാക്കി. ഞരമ്പ് രോഗികളെയായിരുന്നു ഇവ൪ ഉന്നംവെച്ചത്. പിഴച്ചില്ല. വലനിറയെ ഇരകൾ. ശബരിമല തന്ത്രിവരെ കുടുങ്ങി. ഇനിയാര് വേണം? വരാപ്പുഴ പീഡനക്കേസിലും തന്ത്രിക്കേസിലുമാണ് ഇവ൪ പിടിക്കപ്പെട്ടത്.
ശബരിമല തന്ത്രിയെ കെണിയിൽ വീഴ്ത്തിയതോടെ ശോഭക്ക് ഈ രംഗത്ത് റേറ്റിങ് കൂടി. നിരവധിക്കേസുകളിൽ പ്രതിയായിരുന്നെങ്കിലും പൊലീസിനുള്ളിലെ ഞരമ്പ്രോഗികൾ ശോഭയെ അകമഴിഞ്ഞ് സഹായിച്ചു. സഹായിക്കാനാവാതെ നിസ്സഹായാവസ്ഥയിലെത്തിയപ്പോൾ മാത്രമാണ് ഈ വനിതാഗുണ്ട കുടുങ്ങിയത്. ഇവരെ ഗുണ്ടാലിസ്റ്റിൽ പെടുത്തണമെന്ന് മുതി൪ന്ന പൊലീസ് ഓഫിസ൪ ശിപാ൪ശ ചെയ്തതാണ്. പക്ഷേ, നടന്നില്ല. ഒടുവിൽ വ്യത്യസ്തമായൊരു ആൻഡി കൈ്ളമാക്സു പോലെ ശോഭ പിടിക്കപ്പെട്ടു. ഗുണ്ടാ ലിസ്റ്റിലായി. ഇപ്പോൾ റിമാൻഡിൽ.
( അവസാനിച്ചു)
ഏകോപനം: എം. ഋജു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.