വഖ്ഫ് പദ്ധതി: ചാരിറ്റി ഡിന്നറില്‍ 24 മില്യന്‍ പിരിഞ്ഞുകിട്ടി
text_fieldsദോഹ: ഡോ. യൂസുഫുൽ ഖറദാവി അധ്യക്ഷനായ അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമിതി ആരംഭിക്കുന്ന വഖ്ഫ് പദ്ധതിയുടെ ധനശേഖരണാ൪ഥം നടത്തിയ ആദ്യ ചാരിറ്റി ഡിന്നറിൽ 24 മില്യൻ റിയാൽ പിരിഞ്ഞുകിട്ടി.
‘സമുദായ നവോഥാനം’ എന്ന് നാമകരണം ചെയ്ത പദ്ധതിക്ക് ആവശ്യമായ ഭൂമി അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് സംഭാവന ചെയ്തത്. ഷെറാട്ടൺ ഹോട്ടലിൽ തിങ്കളാഴ്ച രാത്രി നടന്ന ഡിന്നറിൽ കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെ മന്ത്രിമാരും, മതപണ്ഡിതൻമാരും, വ്യാപാര വ്യവസായ പ്രമുഖരുമടങ്ങുന്ന നിരവധി പ്രമുഖ൪ പങ്കെടുത്തു.
പദ്ധതിയിലേക്ക് സംഭാവനയായി ലഭിച്ച പുരാവസ്തുക്കൾ ലേലം ചെയ്ത വകയിലും വൻതുക ലഭിച്ചു. കഅ്ബയെ മൂടിയിരുന്ന ഒരു ‘കിസ്വ’ ശൈഖ് തമീം 51 ലക്ഷം റിയാലിനാണ് ലേലം വിളിച്ചെടുത്തത്. വ്യവസായ പ്രമുഖനായ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി അഞ്ച് മില്യൺ റിയാൽ നൽകി. ശൈഖ് ഖറദാവി നേരത്തെ രണ്ടു മില്യൺ റിയാൽ സംഭാവന പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ആദ്യപടിയായി നാൽപത് നില ടവ൪ പണിയാനാണ് ഉദ്ദേശിക്കുന്നത്.
പണ്ഡിത സഭാംഗം ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ആൽമഹ്മൂദ് അതിഥികളെ സ്വാഗതം ചെയ്തു. പദ്ധതിയിലേക്ക് പരമാവധി ധനസഹായം നൽകണമെന്ന് അദ്ദേഹം അഭ്യ൪ഥിച്ചു. ഇസ്ലാമിക ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഖത്ത൪ ഭരണകൂടവും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ശൈഖ് ഖറദാവി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.