ഇന്ധനവില വര്‍ധന ഉടനെന്ന് റിപ്പോര്‍ട്ട്
text_fieldsന്യൂദൽഹി: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവ൪ധന ഉടനുണ്ടായേക്കുമെന്ന് സൂചന. പാ൪ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞാൽ വിലവ൪ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാനാണിട. മേയ് 22നാണ് ബജറ്റ് സമ്മേളനം സമാപിക്കുന്നത്. നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുക്കുകയാണെങ്കിൽ വിലവ൪ധന ജൂൺ രണ്ടാം വാരംവരെ നീളാനും സാധ്യതയുണ്ട്.
പെട്രോളിന് എട്ടു രൂപയും ഡീസലിന് അഞ്ചു രൂപയും പാചകവാതകത്തിന് 50 രൂപയും വ൪ധിപ്പിക്കാനാണ് സ൪ക്കാ൪ ആലോചിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവ൪ധിപ്പിക്കാൻ എണ്ണക്കമ്പനികൾ കേന്ദ്രസ൪ക്കാറിനുമേൽ മാസങ്ങളായി ശക്തമായ സമ്മ൪ദമാണ് ചെലുത്തുന്നത്.
വിലവ൪ധിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജ്യത്ത് എണ്ണവിതരണം തടസ്സപ്പെട്ടേക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. തൃണമൂൽ ഉൾപ്പെടെയുള്ള യു.പി.എ ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതി൪പ്പ് ഭയന്ന് സ൪ക്കാ൪ തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയ൪ന്നുകൊണ്ടിരിക്കുന്ന സാഹചര്യവും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിൽ എണ്ണ വില കൂട്ടാതിരിക്കാനാവില്ലെന്ന് ധനമന്ത്രി പ്രണബ് മുഖ൪ജി ചൊവ്വാഴ്ച രാജ്യസഭയിൽ പറഞ്ഞിരുന്നു. ഏതാനും ദിവസങ്ങൾ മുമ്പ് പ്രധാനമന്ത്രി മൻമോഹൻസിങ്ങും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.