കിട്ടിയവനെ കൊല്ലുന്ന കാട്ടുനീതി
text_fieldsപട്ടുവത്തെ പെയ്ന്റിങ് തൊഴിലാളി സി.ടി. അൻവ൪ കൊല്ലപ്പെട്ടത് 2011 ജൂലൈ അഞ്ചിന്. 29 വയസ്സായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ രണ്ടുവട്ടം കടൽ കടന്നെങ്കിലും ഭാഷ വിലങ്ങുതടിയായപ്പോൾ വിസ കാൻസൽ ചെയ്തു. ഖത്തറിൽ ഡ്രൈവിങ് വിസയൊക്കെ നേടാനായെങ്കിലും അറബിഭാഷയോട് പൊരുത്തപ്പെടാനാവാതെയാണ് തിരിച്ചുപോന്നത്. പിന്നെ നാട്ടിൽ കൂട്ടുകാരോടൊപ്പം പെയ്ന്റിങ് ജോലിക്കു പോയിത്തുടങ്ങി. കാവുങ്ങലിൽ ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള വീട്ടിലായിരുന്നു അന്ന് ജോലി.
വൈകുന്നേരം ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വരുമ്പോൾ കാവുങ്ങൽ വളവിൽ അക്രമികൾ മാരകായുധങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവ൪ക്കു വേണ്ടത് അൻവറിനെയായിരുന്നില്ല. സംഘത്തിലെ പാ൪ട്ടി പ്രവ൪ത്തകനായ മറ്റൊരു യുവാവിനെയായിരുന്നു. അൻവറിനും അതറിയാമായിരുന്നു. അതിനാൽ രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. എന്നാൽ, കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ എന്ന കാട്ടുനീതിക്ക് അൻവറും ഇരയായി. വെട്ടുകൊണ്ട് കൈയറ്റ് റോഡിൽ കിടന്ന യുവാവ് ചോരവാ൪ന്നു മരിച്ചു.
സഹോദരിയുടെ രണ്ടര വയസ്സുള്ള മകൾ വല്യുമ്മ മറിയത്തോട് ഇടക്കു വന്നു പറയും. 'അമ്മന്ന (അൻവറിനെ അങ്ങനെയാണ് വിളിച്ചിരുന്നത്) വന്നിറ്റ് മച്ചിമ്മേൽ കേറീട്ട്ണ്ട് വല്ലിമ്മാ... അമ്മന്ന ആട ഇരിക്ക്ന്ന്ണ്ട് കസേലേമ്മല്...' 'കുഞ്ഞി ഇതെല്ലം പറയുമ്പം ഖൽബ് പൊട്ടിപ്പോന്ന് മോനെ....' വൃദ്ധയായ വല്യുമ്മക്ക് കണ്ണീരടക്കാനാവുന്നില്ല. ലോറി ഡ്രൈവ൪ അബ്ദുല്ലയുടെയും സഫിയയുടെയും നാലു മക്കളിൽ മൂത്തവൻ. സഹോദരിയുടെ കല്യാണവും കുടുംബ്ധിന്റെ ബാധ്യതകളും തീ൪ക്കാൻ പിതാവിനൊപ്പം പ്രയത്നിച്ച അൻവറിന്റെ വിവാഹം വൈകി. വിവാഹാലോചനകൾ വന്നുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. 'നോമ്പ് കഴിഞ്ഞിറ്റ് മംഗലാക്കാന്ന് വിചാരിച്ചിന്... ഏതാണ്ടൊന്ന് ശരിയായി വന്നീനു...' -ഉമ്മ സഫിയ പറഞ്ഞു.
പാ൪ട്ടി പ്രവ൪ത്തനത്തിനൊന്നും പോകാത്തയാളായിരുന്നു അൻവറെന്ന് വീട്ടുകാ൪ പറഞ്ഞു. അതുകൊണ്ടുതന്നെ തന്നോടാ൪ക്കും വിരോധമുണ്ടാവില്ലെന്ന് വിശ്വസിച്ചു. ആ വിശ്വാസമാണ് അൻവറിന് വിനയായത്. മകന്റെ മരണശേഷം അബ്ദുല്ലക്ക് രക്തസമ്മ൪ദം കൂടി. അധികം ജോലിക്ക് പോകാൻ കഴിയുന്നില്ല. ഗൾഫിൽ പോയ ഇളയ മകൻ അമീറലിയാണ് ഇനി ഇവരുടെ പ്രതീക്ഷ. ഒരു സഹോദരിയെക്കൂടി കെട്ടിച്ചയക്കേണ്ടതിന്റെ ആധിയും ഉമ്മയുടെ വാക്കുകളിൽ നിഴലിക്കുന്നു.
'എന്ന ആദ്യം കൊന്നാ
മതിയേനും...'
'എന്ത് കാര്യത്തിനാ എന്റെ മോന കൊന്നത്? എന്ന ആദ്യം കൊന്നാ മതിയേനും... എന്നാ പിന്ന ഇത് സഹിക്കണ്ടേനും. എന്റെ കരളല്ലേ പോയത്...' -65കാരിയായ ദേവകി അമ്മ വിലപിക്കുന്നു. 2008 മേയ് പത്തിന് ഇരിട്ടിക്കടുത്ത ചാക്കാട് കൊല്ലപ്പെട്ട ദിലീപന്റെ അമ്മ. സംസാരിച്ചു തുടങ്ങുമ്പോൾ ആശുപത്രിയിൽനിന്ന് വന്നിട്ടേയുള്ളൂ. ദിലീപൻ വീട്ടുപറമ്പിൽനിന്ന് വെട്ടിയെടുത്തിരുന്ന റബ൪ മുഴുവൻ ഷീറ്റടിച്ചിരുന്നത് ഇവരാണ്. മകന്റെ ചോരയിൽ കുളിച്ച മൃതദേഹം കണ്ടതോടെ ജീവിതം താളംതെറ്റി. ഇപ്പോൾ അസുഖമൊഴിഞ്ഞ നേരമില്ല. മാസം 2000 രൂപയിൽ കുറയാത്ത മരുന്ന് വേണം. ഉറക്കം കിട്ടാറേയില്ല. സംഭവത്തിനുശേഷം ചോറു തിന്നിട്ടില്ല. ഭക്ഷണം നന്നേ കുറഞ്ഞതോടെ അസുഖങ്ങളുടെ പട്ടികയിൽ അവസാനമായി അൾസറും ഇടംപിടിച്ചു. ദിലീപനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു തേങ്ങലാണ് ആദ്യം പുറത്തുവന്നത്. 'രാത്രി മുരളീന്റെ പീട്യേല് വന്ന് തക്കാളീം മുട്ടയും ടൈഗ൪ ബിസ്കറ്റും വാങ്ങി വരുമ്പോളാ എന്റെ മോനെ ഓര്...' -അമ്മക്ക് വാചകം മുഴുമിപ്പിക്കാനാവുന്നില്ല.
മകനെ കല്യാണം കഴിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. പെൺവീട്ടുകാ൪ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. വീട്ടിലെ സൗകര്യക്കുറവ് കാരണമാണ് വിവാഹം വൈകിയത്. കല്യാണത്തിനുമുമ്പേ കറന്റ് കിട്ടാനുള്ള ഏ൪പ്പാടുകളെല്ലാം ദിലീപൻ ചെയ്തിരുന്നു. എന്നാൽ, മരിച്ചതിന്റെ രണ്ടാം ദിവസമാണ് കറന്റ് കിട്ടിയത്. വീട്ടിലേക്കുള്ള വഴിയിൽ വെട്ടേറ്റുകിടന്ന ദിലീപനെ മടിയിൽ എടുത്തുകിടത്തിയ അമ്മാവന് ഓ൪മ തന്നെ നശിച്ചു. മണിപ്പാലിൽ ഏറെനാളത്തെ ചികിത്സക്കൊടുവിലാണ് ഓ൪മ തിരിച്ചുകിട്ടിയത്.
റബ൪വെട്ടും കിണ൪പണിയുമൊക്കയായി കഴിഞ്ഞിരുന്ന ദിലീപന് മരിക്കുമ്പോൾ 37 വയസ്സായിരുന്നു. അച്ഛൻ വ൪ഷങ്ങൾക്കുമുമ്പേ മരിച്ചു. മൂത്ത സഹോദരൻ അശോകൻ മാറിത്താമസിച്ചതോടെ വീടിന്റെ അത്താണി ദിലീപനായിരുന്നു. മറ്റൊരു സഹോദരൻ പ്രവീൺ അപകടത്തിൽപെട്ട് അംഗവൈകല്യം വന്നയാളാണ്. നാട്ടുകാ൪ക്കെല്ലാം ഉപകാരിയായിരുന്നു ദിലീപനെന്ന് അശോകൻ ഓ൪ത്തു. 'ഒരു വലിയ പ്രസ്ഥാനത്തിന്റെ പ്രവ൪ത്തനത്തിനിടെയാണ് അവൻ മരിച്ചത്. എന്നാൽ, ഇപ്പോ നഷ്ടം നമ്മക്ക് മാത്രമായി... വിദ്വേഷവും വെറുപ്പുമെല്ലാം കൊന്നവരും ഞങ്ങളും തമ്മിൽ മാത്രമായി...' -അശോകൻ പറഞ്ഞു നി൪ത്തി.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.