അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാറിനെതിരായ നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി. മുൻ സ൪ക്കാറിന്റെ കാലത്ത് അരുണിനെ ഐ.സി.ടി അക്കാദമി ഡയറക്ട൪, ഐ.എച്ച്.ആ൪.ഡി അഡീഷനൽ ഡയറക്ട൪ തസ്തികകളിൽ നിയമിച്ചതിൽ ക്രമക്കേട് നടന്നുവെന്ന നിയമസഭാ സമിതി കണ്ടെത്തിയിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മാത്രം ഐ.സി.ടി അക്കാദമി രൂപവത്കരിക്കണമെന്ന കേന്ദ്ര നി൪ദേശപ്രകാരം എൽ.ഡി.എഫ് സ൪ക്കാ൪ ആദ്യം ചില നടപടികളെടുക്കുകയും പിന്നീട് അതിൽ നിന്ന് പിന്മാറി ചുമതല ഐ.എച്ച്.ആ൪.ഡിയെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഐ.സി.ടി അക്കാദമി ഡയറക്ടറായി അരുണിനെ നിയമിക്കുന്നതിന് സൊസൈറ്റി രൂപവത്കരിക്കുന്നതിനുള്ള രേഖയിൽ ഡയറക്ട൪ എന്ന നിലയിൽ അദ്ദേഹം ഒപ്പുവെച്ചിട്ടുണ്ട്. അദ്ദേഹത്തെ ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻമന്ത്രി എം.എ. ബേബി, മുൻ ഐ.ടി സെക്രട്ടറി കെ. സുരേഷ്കുമാ൪, ഐ.എച്ച്.ആ൪.ഡി മുൻഡയറക്ട൪ വി.സുബ്രമണി എന്നിവരുടെ നേതൃത്വത്തിലാണ് അരുണിനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതെന്നും സമിതി നിയമസഭയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ കുറ്റപ്പെടുത്തുന്നു.
ഐ.എച്ച്.ആ൪.ഡി അഡീഷനൽ ഡയറക്ടറായി നിയമിക്കപ്പെടാനുള്ള യോഗ്യത അരുണിന് ഇല്ലെന്ന ആരോപണം ശരിയാണെന്നും സമിതി കണ്ടെത്തി. അഡീഷനൽ ഡയറക്ട൪ക്ക് മുമ്പുള്ള ജോയന്റ് ഡയറക്ട൪ തസ്തികയിൽ നിയമിക്കപ്പെടാനുള്ള യോഗ്യതയും അരുണിന് ഇല്ല. അഡീഷനൽ ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവ൪ ഐ.എച്ച്.ആ൪.ഡിയിൽ ഉണ്ടായിട്ടും അരുണിന് വേണ്ടി യോഗ്യതയിൽ വഴിവിട്ട് മാറ്റം വരുത്തുകയായിരുന്നു. ഈ മാറ്റങ്ങൾക്ക് 2011 ഫെബ്രുവരി മുതൽ മാത്രമാണ് ഐ.എച്ച്.ആ൪.ഡി ജനറൽബോഡി പ്രാബല്യം നൽകിയിട്ടുള്ളത്. എന്നാൽ മാറ്റംവരുത്തിയ യോഗ്യതപ്രകാരം 2010 ഒക്ടോബറിൽ അരുണിനെ നിയമിച്ചു. വി.എസിന്റെ മകൻ എന്ന പരിഗണനയിലാണ് നിയമങ്ങൾ കാറ്റിൽപറത്തി അരുണിനെ നിയമിച്ചതെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്.
പി.സി. വിഷ്ണുനാഥ് നിയമസഭയിൽ ആരോപണം ഉന്നയിച്ചതിനെ തുട൪ന്നാണ് നിയമസഭാ സമിതി അരുൺകുമാറിനെതിരെ അന്വേഷണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.