ചന്ദ്രശേഖരന്‍ വധം: സി.പി.എമ്മിന്‍െറ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ക്ക് മൗനം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം പ്രതിരോധം തീ൪ക്കുമ്പോഴും ഈ വിഷയത്തിൽ പാ൪ട്ടിക്കു കീഴിലെ വ൪ഗ ബഹുജന സംഘടനകൾ പുല൪ത്തുന്നത് കടുത്ത മൗനം.
സംഭവംനടന്ന് ദിവസങ്ങളായിട്ടും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടക്കമുള്ള സംഘടനകൾ പാ൪ട്ടി നിലപാടിനെ അനുകൂലിച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവലിൻ അഴിമതിക്കേസിൽ പ്രതിചേ൪ത്ത സന്ദ൪ഭമുൾപ്പെടെ പാ൪ട്ടി പ്രതിരോധത്തിലായപ്പോഴെല്ലാം യുവജന-വിദ്യാ൪ഥി സംഘടനകൾ ശക്തമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനകമ്മിറ്റികളുടെ പ്രസ്താവനകളും നേതാക്കളുടെ ആഹ്വാനവും താഴെത്തട്ടിലെ പ്രവ൪ത്ത൪ക്കിടയിൽ ആവേശം സൃഷ്ടിക്കുകയും പന്തം കൊളുത്തി പ്രകടനങ്ങളടക്കം സംഘടിപ്പിക്കുകയും ചെയ്തു.
ഇത്തരം സന്ദ൪ഭങ്ങളിൽ സ൪ക്കാ൪ നിലപാടുകൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളാണ് ഈ സംഘടനകൾ നടത്താറുള്ളത്. പ്രതിഷേധം സ൪ക്കാറിനെ അറിയിക്കാനുള്ള മാ൪ഗമെന്ന നിലയിൽ ഇതിനെല്ലാം പാ൪ട്ടിയുടെ പിന്തുണയും ലഭിച്ചു. എന്നാൽ, സമീപകാലത്തൊന്നുമില്ലാത്ത വിധം സി.പി.എം പ്രതിരോധത്തിലായ സംഭവമായിട്ടും ചന്ദ്രശേഖരൻ വധത്തിൽ പ്രസ്താവനകളിൽ പോലും ഇത്തരം പ്രതിഷേധം കാണാനില്ല.
മലബാറിലെ വിദ്യാ൪ഥി-യുവജനപ്രവ൪ത്തക൪ക്കിടയിൽ ഒരു കാലത്ത് ആവേശം വിതച്ച നേതാക്കളുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു ചന്ദ്രശേഖരനെന്നതും ഇതിന് കാരണമായതായി സൂചനയുണ്ട്. അന്തരിച്ച മത്തായി ചാക്കോയടക്കമുള്ളവരുടെ കൂടെ വിദ്യാ൪ഥി പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചന്ദ്രശേഖരൻ പാ൪ട്ടിയിൽനിന്ന് പുറത്തുപോയെങ്കിലും പല നേതാക്കളും പ്രവ൪ത്തകരും അദ്ദേഹവുമായുള്ള ആത്മബന്ധം കൈവിട്ടിരുന്നില്ല. ചന്ദ്രശേഖരൻെറ ഭാര്യ രമയുമായും ഇവരെല്ലാം സൗഹൃദം കാത്തുസൂക്ഷിച്ചു. എ. പ്രദീപ്കുമാ൪ എം.എൽ.എ, മത്തായി ചാക്കോ എന്നിവരുടെ ഭാര്യമാ൪ രമയെ സാന്ത്വനിപ്പിക്കാൻ വീട്ടിൽ പോയതും ഇതിന് തെളിവാണ്.
മത്തായി ചാക്കോയും പ്രദീപ്കുമാറും ഔദ്യാഗിക പക്ഷത്തിന് എന്നും അനഭിമതരായിരുന്നു.
കോഴിക്കോട് ജില്ലയിലെ വിഭാഗീയ പ്രവ൪ത്തനത്തിന് ചുക്കാൻ പിടിച്ചത് മത്തായി ചാക്കോയാണെന്ന് പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള കമീഷൻ മുമ്പ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഐസ്ക്രീം പാ൪ല൪ കേസടക്കം പല സന്ദ൪ഭങ്ങളിലും മത്തായി ചാക്കോ പാ൪ട്ടിയുടെ നിലപാടിനെ വിമ൪ശിച്ചിരുന്നു. ഡി.വൈ.എഫ്.ഐ നേതൃത്വം ഔദ്യാഗിക നിലപാടിനോടൊപ്പമായിരുന്നു മിക്ക സന്ദ൪ഭങ്ങളിലുമെങ്കിലും നേതാക്കളായിരുന്ന എൻ.എൻ. കൃഷ്ണദാസ്, എം.ആ൪. മുരളി, ടി. ശശിധരൻ, മത്തായി ചാക്കോ, എ. പ്രദീപ്കുമാ൪ തുടങ്ങിയവ൪ക്കെല്ലാം വി.എസ്. പക്ഷത്തോടായിരുന്നു ചായ്വ്. പാ൪ട്ടി പിന്നീട് പലരെയും തരംതാഴ്ത്തുകയും എം.ആ൪. മുരളി പാ൪ട്ടിവിടുകയും ചെയ്തു.
ഇപ്പോൾ യുവജന സംഘടനയുടെ നേതൃത്വത്തിലുള്ള ടി.വി. രാജേഷും എം. സ്വരാജും ഔദ്യാഗിക പക്ഷത്താണെങ്കിലും പാ൪ട്ടി നിലപാടിനെ പിന്തുണച്ച് സംഘടന പരസ്യമായി രംഗത്തെത്താത്തതാണ് ച൪ച്ചയാകുന്നത്. പുതിയ പാ൪ട്ടി രൂപവത്കരിച്ചെങ്കിലും വലതുപക്ഷ ചേരിയിൽ പോകാതിരുന്ന ചന്ദ്രശേഖരന് യുവജന-വിദ്യാ൪ഥി പ്രവ൪ത്തക൪ക്കിടയിലും പ്രവാസികളായ പാ൪ട്ടി പ്രവ൪ത്തക൪ക്കിടയിലുമുള്ള സ്വാധീനം വെളിവാക്കുന്നതായിരുന്നു മരണശേഷം സോഷ്യൽ നെറ്റ്വ൪ക് സൈറ്റുകളിൽ പ്രചരിച്ച അനുശോചന സന്ദേശങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.