നിയമോപദേശക സമിതി രൂവവത്കരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ തൊഴിലാളികളുടെ ഇടയിൽ നിലനിൽക്കുന്ന തൊഴിൽ നിയമങ്ങളിലുള്ള അറിവില്ലായ്മ പരിഹരിക്കാനും അവരെ തൊഴിൽ നിയമങ്ങളുടെ ബലത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കാനും തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുമുള്ള വേദി ഒരുക്കാനും ലക്ഷ്യമിട്ട് നിയമ ഉപദേശക വേദി എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. വിവിധ സംഘടനാ പ്രതിനിധികളുടെ സഹകരണത്തോടെയാണ് കൂട്ടായ്മ രൂപവത്കരിച്ചത്. തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും നിയമോപദേശം നൽകാനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
നിയമ വിരുദ്ധമായി പാസ്പോ൪ട്ട് ആവശ്യപ്പെടുന്ന തൊഴിൽ ദായകരോട്, പാസ്പോ൪ട്ട് വാങ്ങി സൂക്ഷിച്ചിരിക്കുന്നു എന്ന് സമ്മതിക്കുന്ന രേഖ തൊഴിലാളികൾ വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് നിയമ ഉപദേശക വേദിയുടെ യോഗത്തിൽ പങ്കെടുത്ത നിയമ വിദഗ്ധ൪ നി൪ദേശിച്ചു. ബഹ്റൈിനിൽ നിലവിലുള്ള തൊഴിൽ നിയമങ്ങളും അത് നടപ്പാക്കാൻ പരിശ്രമിക്കുന്ന തൊഴിൽ വകുപ്പും മുന്നോട്ടു വെക്കുന്ന തൊഴിൽ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാൽ തൊഴിലാളികൾ നിരവധി പീഢനങ്ങൾ അനുഭവിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തായ പാസ്പോ൪ട്ട് പോലുള്ള രേഖകൾ അവരവരുടെ കൈകളിൽ സൂക്ഷിക്കാൻ അവകാശം ഉണ്ടെന്നിരിക്കെ അത് ബലമായി വാങ്ങിവെച്ച് തൊഴിൽ ദായകൻ ഭയരഹിതമായി പ്രവ൪ത്തിക്കുന്നുണ്ടെന്ന് അവ൪ ചൂണ്ടിക്കാട്ടി.
തൊഴിൽ കരാറിൽ ഏ൪പ്പെടുമ്പോൾ അതിൻെറ ഒരു കോപ്പി തൊഴിലാളി സൂക്ഷിക്കേണ്ടതുണ്ട്. ശൂന്യമായ ഒരു പേപ്പറിലും ഒപ്പിട്ടു കൊടുക്കാൻ കരാറിൽ ഏ൪പ്പെടുന്നവ൪ തയ്യാറാകരുത്. തൊഴിലാളിക്ക് മനസിലാക്കാൻ കഴിയാത്ത ഭാഷയിലാണ് കരാ൪ എഴുതി ഉണ്ടാക്കിയിട്ടുള്ളതെങ്കിൽ അത് മറ്റുള്ളവരുടെ സഹായത്താൽ വായിച്ചു മനസ്സിലാക്കിയ ശേഷമേ കരാറിൽ ഏ൪പ്പെടാവൂ. നാട്ടിൽനിന്ന് പുതുതായി വരുന്ന ആളുകൾ വിസയിൽ സൂചിപ്പിക്കുന്ന കമ്പനിയുടെ വിശദാംശങ്ങൾ എൽ.എം.ആ൪.എയുടെ ഔദ്യാഗിക സൈറ്റിൽനിന്ന് മനസ്സിലാക്കണമെന്നും അവ൪ വ്യക്തമാക്കി.
ഒരു തൊഴിലാളിയേയും ദിവസം തുട൪ച്ചയായി 11 മണിക്കൂറിൽ കൂടുതൽ പണിചെയ്യിക്കാൻ തൊഴിൽ നിയമം അനുവദിക്കുന്നില്ല. തുട൪ച്ചയായി ആറ് മണിക്കൂ൪ ജോലി ചെയ്യുമ്പോൾ ഇടവേള അനുവദിക്കേണ്ടതാണ്. ആഴ്ചയിലെ പരമാവധി ജോലി സമയം 48 മണിക്കൂറിൽ കൂടാൻ പാടില്ല. അതിൽ കൂടുതൽ പണി ചെയ്യേണ്ടി വരുമ്പോൾ പകൽ സമയം അടിസ്ഥാന ശമ്പളത്തിനൊപ്പം 25 ശതമാനം കൂടുതൽ നൽകാൻ തൊഴിൽ ഉടമ ബാധ്യസ്ഥനാണ്. ജോലി സമയം വൈകുന്നേരം ഏഴ് മണിക്കും രാവിലെ ഏഴിനും ഇടയിലാണെങ്കിൽ 50ശതമാനം കൂടുതൽ തുക ശമ്പളത്തിനൊപ്പം നൽകേണ്ടതാണ്. അവധി ദിനങ്ങളിൽ പണി എടുക്കേണ്ടി വന്നാൽ 150 ശതമാനം അധികം ശമ്പളത്തിനൊപ്പം നൽകാൻ തൊഴിൽ ദാതാവ് ബാധ്യസ്ഥനാണ്.
അതിന് തയ്യാറല്ലെങ്കിൽ അവധി ദിനത്തിൽ തൊഴിലെടുത്തതിനു പകരം മറ്റൊരു ദിവസം അവധി ലഭിക്കൻ തൊഴിലാളി അ൪ഹനാണ്. സ്ത്രീ തൊഴിലാളികൾക്ക് 45 ദിവസം ശമ്പളത്തോടെയുള്ള പ്രസവ അവധിക്ക് യോഗ്യതയുണ്ട്. 15 ദിവസം കൂടി അവ൪ക്ക് ശമ്പള രഹിത അവധി എടുക്കാവുന്നതാണ്. പ്രസവത്തിനു ശേഷം രണ്ടു വ൪ഷം വരെ തൊഴിൽ സമയത്തിലെ ഒരു മണിക്കൂ൪ കൂടുതൽ ഇളവു ലഭിക്കാൻ സ്ത്രീ തൊഴിലാളികൾക്ക് യോഗ്യതയുണ്ട്. പണിസ്ഥലത്ത് എന്തെങ്കിലും അപകടം സംഭവിച്ചാൽ തൊഴിലാളി ഉടനെ സൽമാനിയാ ആശുപത്രിയിൽ ചികിത്സ തേടേണ്ടതും അതിനു ശേഷം സൽമാനിയ ആശുപത്രി കോമ്പൗണ്ടിൽ പ്രവ൪ത്തിക്കുന്ന ഗോസി കൗണ്ടറിൽ മെഡിക്കൽ സ൪ട്ടിഫിക്കറ്റ് കൊടുത്ത് തങ്ങളുടെ അപകടത്തിൻെറ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതുമാണ്.
മാസത്തിൽ ഒരിക്കൽ തൊഴിലാളികൾക്ക് നേരിട്ട് അവരുടെ പരാതികൾ ബോധിപ്പിക്കാനും അവ൪ക്ക് നിയമോപദേശങ്ങൾ നൽകാനും മനാമയിൽ നിയമ ഉപദേശക സമിതി സിറ്റങ് സംഘടിപ്പിക്കും. സമിതിയുടെ നിയമോപദേശകരായി അഡ്വ. ലതീഷ് ഭരതൻ, അഡ്വ. ഷബീ൪, അഡ്വ. ഷാജി സാമുവൽ, അഡ്വ. അനുജ തുടങ്ങിയവ൪ പ്രവ൪ത്തിക്കും. ഇതിൻെറ പീപ്പിൾ ബെഞ്ചിൽ കെ.ടി. സലീം, കെ. ആ൪. നായ൪, ജെയിംസ് കൂടൽ, കെ.വി. പ്രകാശ്, യോഗാനന്ദൻ, പങ്കജ് തുടങ്ങിയവ൪ സഹായങ്ങൾ ലഭ്യമാക്കും. വിശദ വിവരങ്ങൾക്ക് 39304316, 33834632 നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.