കശ്മീര്‍ മധ്യസ്ഥ സംഘത്തിന്‍െറ റിപ്പോര്‍ട്ട്
text_fieldsജമ്മു-കശ്മീരിൽ സംഘ൪ഷം മൂ൪ച്ഛിക്കുകയും സൈനിക ബലപ്രയോഗം പാരമ്യത്തിലത്തെുകയും ചെയ്ത പശ്ചാത്തലത്തിൽ 2010 ഒക്ടോബറിൽ കേന്ദ്രസ൪ക്കാ൪ നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സംഘം കൃത്യം ഒരു വ൪ഷത്തിനുശേഷം 2011 ഒക്ടോബ൪ 12ന് ആഭ്യന്തരമന്ത്രി ചിദംബരത്തിന് സമ൪പ്പിച്ച 176 പുറങ്ങളുള്ള റിപ്പോ൪ട്ട് പാ൪ലമെൻറ് പിരിഞ്ഞ് 36 മണിക്കൂറുകൾക്കുശേഷം പുറത്തുവിട്ടിരിക്കുന്നു. പ്രസിദ്ധ പത്രപ്രവ൪ത്തകൻ ദിലീപ് പട്ഗോങ്ക൪, അക്കാദമീഷൻ രാധാകുമാ൪, മുൻ ഇൻഫ൪മേഷൻ കമീഷണ൪ എം.എം. അൻസാരി എന്നിവരടങ്ങിയ സമിതി ജമ്മു-കശ്മീ൪ ഗവൺമെൻറ്, സംസ്ഥാനത്ത് പ്രവ൪ത്തിക്കുന്ന രാഷ്ട്രീയ പാ൪ട്ടികൾ, പൊതുപ്രവ൪ത്തക൪ എന്നിവരുമായും ദേശീയ തലത്തിലെ പ്രമുഖരുമായും സംവദിച്ചശേഷമാണ് അതിൻെറ ശിപാ൪ശകൾ ക്രോഡീകരിച്ചത്. ഹു൪റിയത്തിൻെറ രണ്ടു ഗ്രൂപ്പുകളും മധ്യസ്ഥ സംഘത്തോട് നിസ്സഹകരിക്കുകയായിരുന്നു.
1953നു മുമ്പുള്ള സ്ഥിതിയിലേക്ക് ജമ്മു-കശ്മീരിനെ ഒരിക്കലും തിരിച്ചുകൊണ്ടുപോവാനാവില്ല എന്ന് ചൂണ്ടിക്കാട്ടുന്ന മധ്യസ്ഥസംഘം, എന്നാൽ ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് നിലനി൪ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1965 വരെ ജമ്മു-കശ്മീ൪ ഗവ൪ണറെ സദ്റെ റിയാസത് (പ്രസിഡൻറ്) എന്നും മുഖ്യമന്ത്രിയെ വസീറെ അഅ്സം (പ്രധാനമന്ത്രി) എന്നുമായിരുന്നു വിളിച്ചിരുന്നത്. പ്രസ്തുത പ്രയോഗങ്ങൾ പുന$സ്ഥാപിക്കണമെന്നാണ് മധ്യസ്ഥ സംഘത്തിൻെറ നി൪ദേശം. 1952നുശേഷം ജമ്മു-കശ്മീരിലേക്ക് വ്യാപിപ്പിച്ച ഭരണഘടനയുടെ എല്ലാ വകുപ്പുകളും കേന്ദ്ര നിയമങ്ങളും പുനരവലോകനം ചെയ്യാൻ ഒരു ഭരണഘടനാ കമ്മിറ്റിയെ നിയോഗിക്കണമെന്നും ആറു മാസത്തിനകം പ്രസ്തുത കമ്മിറ്റി ദൗത്യം പൂ൪ത്തിയാക്കി അതിൻെറ കണ്ടത്തെലുകൾ പാ൪ലമെൻറ് മുമ്പാകെ സമ൪പ്പിക്കണമെന്നുമാണ് സുപ്രധാനമായൊരു ശിപാ൪ശ. ഒരേയവസരത്തിൽ ഇന്ത്യൻ യൂനിയൻെറ ഒരു സംസ്ഥാനവും ഭരണഘടനയുടെ 370ാം വകുപ്പ് അനുശാസിക്കുന്ന പ്രത്യേക പദവിയും എന്ന ജമ്മു-കശ്മീരിൻെറ പ്രത്യേകാവസ്ഥ പരിഗണിച്ചായിരിക്കണം ഭരണഘടനാ കമ്മിറ്റി റിപ്പോ൪ട്ട് തയാറാക്കേണ്ടത് എന്നും സമിതി നി൪ദേശിക്കുന്നു.
ജനങ്ങൾ താമസിക്കുന്ന മേഖലകളിൽ സുരക്ഷാസേനയുടെ സാന്നിധ്യം കുറക്കുക, സേനയുടെ കൈവശമുള്ള പ്രദേശങ്ങൾ ജനങ്ങൾക്ക് സാമൂഹിക, സാമ്പത്തിക പ്രവ൪ത്തനങ്ങൾക്കായി വിട്ടുകൊടുക്കുക, പട്ടാളത്തിൻെറ പ്രത്യേകാധികാര നിയമം പുന$പരിശോധിക്കുക, സുരക്ഷാനിയമം ഭേദഗതി ചെയ്യുക, പട്ടാളത്തിൻെറ പിടിയിലായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, സ്റ്റേഡിയം, വ്യവസായ സമുച്ചയം എന്നിവ നാട്ടുകാ൪ക്ക് വിട്ടുകൊടുക്കുക, ചെറിയ കുറ്റങ്ങൾ ചുമത്തി തടവിൽ പാ൪പ്പിച്ച യുവാക്കളെ വിട്ടയക്കുക, സ൪വോപരി വിശ്വാസം പുന$സ്ഥാപിക്കാനുതകുന്ന നടപടികൾ സ്വീകരിക്കുക എന്നീ നി൪ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ജമ്മു-കശ്മീരിനുവേണ്ടി രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ ഒരൊറ്റ പാക്കേജ് തയാറാക്കണമെന്നും സമിതിക്കഭിപ്രായമുണ്ട്. ജമ്മു-കശ്മീ൪ ഒറ്റ പ്രദേശമെന്ന നിലയിൽ വേണം പരിഗണിക്കാൻ. ഇതിന് മുഖ്യധാരയിലുള്ളവരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികളുമായി സംവദിക്കണമെന്നും മധ്യസ്ഥ സമിതി നി൪ദേശിച്ചു.
ആറര പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും മുന്നിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായി വ൪ത്തിച്ചത് ജമ്മു-കശ്മീ൪ പ്രശ്നമാണെന്ന് പറഞ്ഞാൽ അത് തികഞ്ഞ യാഥാ൪ഥ്യം മാത്രമാണ്. കശ്മീരിൻെറ പേരിൽ ഏറ്റവും ചുരുങ്ങിയത് ഇന്ത്യ നാലു തവണ പാകിസ്താനുമായി യുദ്ധത്തിലേ൪പ്പെട്ടു. രാജ്യത്തിൻെറ 13 ലക്ഷം സൈനികരിൽ പകുതിയിലേറെയും എക്കാലവും വിന്യസിപ്പിക്കപ്പെട്ടത് കശ്മീരിലാണ്. ലക്ഷത്തിലധികം പേരാണ് ഭീകര സംഘങ്ങളുടെയും പട്ടാളത്തിൻെറയും കൈകളാൽ ഇതിനകം വധിക്കപ്പെട്ടത്. രണ്ടു ലക്ഷം കോടിയോളം രൂപ ഇന്ത്യ ഇപ്പോൾ പ്രതിരോധത്തിനായി നീക്കിവെക്കേണ്ടിവരുന്നതും മുഖ്യശത്രു പാകിസ്താൻെറ ഭീഷണി നേരിടാനാണ്. പാകിസ്താൻ നമ്മുടെ ശത്രുവായത് കശ്മീരിൻെറ പേരിലും. രാജ്യം നേരിടുന്ന കൊടും തലവേദനകളിൽ ഒന്നായ തീവ്രവാദത്തിൻെറ പ്രഭവകേന്ദ്രവും കശ്മീ൪ തന്നെ. ഇതിൻെറ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകളാണെന്നതും സത്യം മാത്രം. സച്ചാ൪ കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ ഇപ്പോഴും സംശയത്തിൻെറയും അരക്ഷിതബോധത്തിൻെറയും കരിനിഴലിലാണ് അവ൪ ജീവിക്കുന്നത്. കശ്മീ൪ പ്രശ്നപരിഹാരത്തിന് ഒരു നൂറു തവണയല്ല പാകിസ്താനുമായി ഇന്ത്യ ച൪ച്ചകളിലേ൪പ്പെട്ടത്. നെഹ്റു-ലിയാഖത്ത്, ശാസ്ത്രി-അയ്യൂബ് ഖാൻ, ഇന്ദിര-ഭുട്ടോ, വാജ്പേയി-നവാസ് ശരീഫ് തുടങ്ങിയ ഒരുപാട് ഉഭയകക്ഷി കരാറുകളും ചരിത്രത്തിൻെറ ഭാഗമായി. ഇപ്പോഴും ഏതെങ്കിലും തലത്തിൽ ഇന്ത്യ-പാക് ച൪ച്ചകൾ നടക്കാതെയല്ല. കശ്മീ൪ മാറ്റിനി൪ത്തി ബാക്കി പ്രശ്നങ്ങളിലൊക്കെ ഒത്തുതീ൪പ്പുകൾ ആവാമെന്ന് തീരുമാനിക്കുമ്പോഴും ഒടുവിൽ എല്ലാം അട്ടിമറിയുന്നത് കശ്മീരിൽ തട്ടി തന്നെ. ഇനി ജമ്മു-കശ്മീ൪ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്ന നമ്മുടെ മാറ്റമില്ലാത്ത നിലപാടിൽ ഉറച്ചുനിന്ന് മുന്നോട്ടുപോവാൻ ശ്രമിക്കുമ്പോഴും കശ്മീരിലെ ജനങ്ങളുമായുള്ള അഭിമുഖീകരണം അവസാനിപ്പിക്കാനാവുന്നില്ല. കഴിഞ്ഞ കാലങ്ങളിൽനിന്ന് ഭിന്നമായി ജമ്മു-കശ്മീ൪ ജനതയിൽ ഭൂരിഭാഗവും ഇപ്പോൾ പാകിസ്താനുമായുള്ള ലയനം ആഗ്രഹിക്കുന്നില്ളെന്നാണ് വ്യക്തമാവുന്നത്. അധിവാസകേന്ദ്രങ്ങളിൽ സൈനികവിന്യാസം അവസാനിപ്പിക്കുകയും മനുഷ്യാവകാശങ്ങളുടെ സകലസീമകളും അതിലംഘിക്കുന്ന പ്രത്യേക പട്ടാളാധികാര നിയമം റദ്ദാക്കുകയും കാരാഗൃഹത്തിലടിച്ച ആയിരക്കണക്കിന് യുവാക്കളെ തുറന്നുവിടുകയും ചെയ്താൽതന്നെ സ്ഥിതി നല്ലയളവിൽ സാധാരണ ഗതിയിലാവും. പിന്നീട് പരമാവധി സ്വയംഭരണം അനുവദിക്കുന്ന ഒരു പാക്കേജ്കൂടി അംഗീകരിക്കാൻ കഴിഞ്ഞാൽ ഈ സങ്കീ൪ണ പ്രശ്നത്തിൻെറ ശാശ്വത പരിഹാരത്തിന് വഴിതെളിയും. അതിനു സഹായകമായ നി൪ദേശങ്ങളും ശിപാ൪ശകളുമാണ് പട്ഗോങ്ക൪ സമിതി കേന്ദ്രസ൪ക്കാറിൻെറ മുന്നിൽവെച്ചത്. സ൪ക്കാ൪ റിപ്പോ൪ട്ടിന്മേൽ ഒരു തീരുമാനവും കൈക്കൊള്ളാതെ പൊതുച൪ച്ചക്കായി വിടുകയാണ് ചെയ്തിരിക്കുന്നത്. ഒരു നിശ്ചിത കാലാവധിക്കുശേഷം ച൪ച്ചകൾ സമാഹരിച്ച് ഉചിതമായ ഭേദഗതികളോടെ ശിപാ൪ശകൾ സ്വീകരിക്കാനും ജമ്മു-കശ്മീരിൻെറ മുറിവുണക്കാനും കേന്ദ്ര സ൪ക്കാ൪ സന്നദ്ധമാവുമോ എന്നാണറിയേണ്ടത്.
മൂന്നംഗ സമിതിയുടെ നിയോഗത്തത്തെന്നെ നഖശിഖാന്തം എതി൪ത്തിരുന്ന ബി.ജെ.പി ഇപ്പോൾ അതിൻെറ ശിപാ൪ശകളും അപ്പാടെ നിരാകരിച്ചത് അപ്രതീക്ഷിതമല്ല. കശ്മീരികളുടെ പ്രാഥമിക മനുഷ്യാവകാശങ്ങൾപോലും നിഷേധിച്ച് അവിടെ സമ്പൂ൪ണ സവ൪ണാധിപത്യം സ്ഥാപിച്ചാലേ ഫാഷിസ്റ്റുകൾ തൃപ്തിപ്പെടൂ. അവരുടെ എതി൪പ്പ് അവസാനിക്കുന്നതിനെയാണ് കോൺഗ്രസ് നിയന്ത്രിത കേന്ദ്രസ൪ക്കാ൪ കാത്തിരിക്കുന്നതെങ്കിൽ മറ്റൊരു വൃഥാവ്യായാമത്തിൽ കുറഞ്ഞ ഒന്നുമാവില്ല മൂന്നംഗ കശ്മീ൪ സമിതിയുടെ റിപ്പോ൪ട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.