വ്യാജ ഇഖാമക്ക് പിന്നില്‍ റാക്കറ്റെന്ന് സംശയം
text_fieldsറിയാദ്: വ്യാജ ഇഖാമ നി൪മാണത്തിനു പിന്നിൽ വൻറാക്കറ്റെന്ന് സംശയം. യഥാ൪ഥ തിരിച്ചറിയൽ (ഇഖാമ) കാ൪ഡിൻെറ വ്യാജൻ നി൪മിച്ച് അജ്ഞാതൻ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിൽ കൊല്ലം ആയു൪ സ്വദേശി ജലാലുദ്ദീൻ സമദ് കേസിൽ കുടുങ്ങിയ വാ൪ത്ത ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചതിനെ തുട൪ന്ന് സമാനമായ നിരവധി സംഭവങ്ങളുള്ളതായി വിവരം ലഭിച്ചു. സമദിൻെറ ഇഖാമക്ക് രണ്ട് വ്യാജൻ കൂടിയുണ്ടെന്നും മൂന്ന് പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും അറിവായി. റിയാദിലെ മൻഫുഅ, കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് പൊലീസ് സ്റ്റേഷനുകൾക്ക് പുറമെ റിയാദിലെ സുലൈമാനിയ പൊലീസ് സ്റ്റേഷനിലുമാണ് സമദിനെതിരെ കേസുള്ളത്. സമദിൻെറ ഇഖാമ അതേപടി പക൪ത്തി അതിൽ മറ്റ് മൂന്നു പേരുടെ ഫോട്ടോ ഒട്ടിച്ച നിലയിലുള്ളതാണ് വ്യാജ ഇഖാമകൾ. ഒരാൾ കടയ്ക്കൽ സ്വദേശിയാണെന്ന് അറിവായിട്ടുണ്ട്. അൽ അജ്മി റെൻറ് എ കാ൪ കമ്പനിയുടെ ബദീഅ, സുലൈമാനിയ ബ്രാഞ്ചുകളിൽനിന്ന് സമദിൻെറ ഇഖാമ ഉപയോഗിച്ച് കാറുകൾ വാടകക്കെടുത്ത് മടക്കിക്കൊടുത്തില്ലെന്നും വാടക നൽകിയില്ലെന്നുമാണ് മൻഫുഅ, സുലൈമാനിയ പൊലീസ് സ്റ്റേഷനുകളിലുള്ള കേസ്. വ്യാജ ഇഖാമകൾ ഉപയോഗിച്ച് വ്യത്യസ്തരായ രണ്ടുപേരാണ് ഇത് ചെയ്തിട്ടുള്ളതെന്നും വ്യക്തമായി. അതിൽ മൻഫുഅ പൊലീസ് സ്റ്റേഷനിലെ കേസിൽ പരിഹാരമായി. എന്നാൽ മറ്റു സ്റ്റേഷനുകളിലുള്ള കേസുകളിൽ പരിഹാരം കാണാനാകാത്തതും കുറ്റകൃത്യങ്ങൾ വേറെയുമുണ്ടായിട്ടുണ്ടോ എന്ന ആശങ്കയും തൻെറ ഭാവിയെ തന്നെ ബാധിക്കുന്നതാണെന്നും സമദ് പറഞ്ഞു. ഖത്തീഫ് സ്റ്റേഷനിൽ മദ്യപിച്ച് വാഹനം ഓടിച്ച് സൗദി പൗരൻെറ വാഹനത്തിലിടിച്ചെന്നാണ് കേസ്. ഫോട്ടോ വേറെയാണെങ്കിലും ഇഖാമയുടേയും ഡ്രൈവിങ് ലൈസൻസിൻേറയും നമ്പരും പേരും സമദിൻേറതാണ്. യഥാ൪ഥ ഇഖാമയുടേയും ഡ്രൈവിങ് ലൈസൻസിൻേറയും വ്യാജനുകൾ സൃഷ്ടിച്ച് പലവിധ കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘങ്ങൾ പ്രവ൪ത്തിക്കുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് സമദ് നേരിടുന്ന പ്രശ്നം. ബദീഅയിൽ ഐസ്ക്രീം ബിസിനസ് നടത്തുന്ന സമദ് സാമൂഹികപ്രവ൪ത്തകനും റിയാദ് നവോദയ സെൻട്രൽ കമ്മിറ്റിയംഗമാണ്. നാട്ടിൽ അവധിക്ക് പോകാൻ മേയ് 16ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സമദിനെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പറഞ്ഞ് എമിഗ്രേഷൻ വിഭാഗം തിരിച്ചയക്കുകയായിരുന്നു. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഇഖാമ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുന്നത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള ധാരാളം മലയാളികൾ ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ടത്രെ. ജിദ്ദയിൽ മലയാളിയുടെ ഇഖാമ വ്യാജമായി നി൪മിച്ച് നടത്തിയ തട്ടിപ്പിൽ രണ്ട് പാകിസ്താനികൾ ജയിലിലാണ്. മലയാളിയുടെ പേരിൽ 8000 റിയാലിൻെറ ട്രാഫിക് പിഴയാണ് വന്നത്. സമാനമായ നിരവധി സംഭവങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോൺ കണക്ഷൻ സ്വന്തം ഇഖാമയുടെ പേരിൽ എടുക്കുകയും ട്രാഫിക്, ജവാസാത്ത് വിവരങ്ങൾ എസ്.എം.എസ് സന്ദേശങ്ങളിലൂടെ അറിയുകയും ചെയ്താൽ ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് അനുഭവസ്ഥ൪ ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് പിഴ സംബന്ധിച്ച് എസ്.എം.എസ് കിട്ടുമ്പോൾ അത് എങ്ങനെയുണ്ടായതെന്ന് ബന്ധപ്പെട്ട വകുപ്പിൽ അന്വേഷിച്ച് ഉറപ്പുവരുത്തി പിഴയൊടുക്കണം. താനറിയാതെയുണ്ടായ പിഴയാണോ എന്ന് ഉറപ്പിക്കാൻ അതുകൊണ്ട് കഴിയും. ഇങ്ങനെ മുൻകരുതലുകളെടുത്താൽ വ്യാജ ഇഖാമ ഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.