മനാമക്ക് വിശ്വസിക്കാനാകുന്നില്ല; നൗഷാദിന്‍െറ അന്ത്യം...
text_fieldsമനാമ: നൗഷാദ് ഷോപ്പിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിതന്നെയാണ് ഇപ്പോഴും മനാമയിലെ വ്യാപാരികൾ. അവൻെറ കളിയും ചിരിയും തമാശയുമെല്ലാം ഇപ്പോഴും അവരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. നൗഷാദ് മരിച്ചെന്ന് വിശ്വസിക്കാൻ അവ൪ക്കാകുന്നില്ല. വിശേഷങ്ങൾ പങ്കുവെക്കാനും തമാശ പറഞ്ഞ് ചിരിക്കാനും നാട്ടിൽനിന്ന് നൗഷാദ് ഇനി വരില്ലെന്ന യാഥാ൪ഥ്യവുമായി അവ൪ക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. വിങ്ങുന്ന മനസ്സോടെയാണ് നൗഷാദിനു വേണ്ടി കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കളും സഹപ്രവ൪ത്തകരും യമനി പള്ളിയിൽ പ്രാ൪ഥനക്ക് എത്തിയത്. എന്നിട്ടും മനാമയിലെ ‘അൽ ഫലൂജ’ മൊബൈൽ ഷോപ്പിന് മുന്നിലെത്തുമ്പോൾ എപ്പോഴും പ്രസന്നമായി നിൽക്കുന്ന നൗഷാദിനു വേണ്ടി അവരുടെ കണ്ണുകൾ പരതുന്നു...നാലര വ൪ഷം മാത്രമേ നൗഷാദ് ബഹ്റൈനിലുണ്ടായിരുന്നുള്ളൂവെങ്കിലും നാലര പതിറ്റാണ്ടിൻെറ ഓ൪മകൾ ബാക്കിയാക്കിയാണ് നൗഷാദിൻെറ വിടവാങ്ങൽ.
കാഞ്ഞങ്ങാട് നീലേശ്വരം ചിറമ്മൽ നാസറിൻെറ മകൻ നൗഷാദ് (25) കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലാണ് നിര്യാനായത്. കല്യാണം കഴിക്കാൻ നാട്ടിൽ പോയി നവ വധുവിനെയും കൂട്ടിയായിരുന്നു പിന്നീടുള്ള തിരിച്ചു വരവ്.
ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കഴുത്ത് വേദനയുടെ രൂപത്തിൽ നൗഷാദിനെ രോഗം തേടിയെത്തിയത്. കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോൾ തോന്നിയ കഴുത്ത് വേദന...ഇവിടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് മരുന്ന് കഴിച്ചെങ്കിലും സുഖമായില്ല. തുട൪ന്നാണ് കഴിഞ്ഞ ഒക്ടോബറിൽ നൗഷാദ് നാട്ടിലേക്ക് തിരിക്കുന്നത്. ചികിത്സിച്ച് സുഖപ്പെട്ട് തിരിച്ചുവരാമെന്ന് എല്ലാവ൪ക്കും വാക്കുനൽകി ഭാര്യയെയും കൂട്ടി നൗഷാദ് നാട്ടിലേക്ക് വിമാനം കയറി.
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് രോഗത്തിൻെറ ഗൗരവം മനസ്സിലാകുന്നത്. നൗഷാദിന് അ൪ബുദത്തിൻെറ തുടക്കമായിരുന്നു. ആത്മവിശ്വാസം കൈവിടാതെ നൗഷാദ് രോഗത്തെ നേരിട്ടു. ചികിത്സ തുടരുമ്പോഴും ബഹ്റൈനിലെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെടുമായിരുന്നു.
സുഖപ്പെട്ടാൽ ഉടനെ തിരിച്ചുവരുമെന്നായിരുന്നു അപ്പോഴും അവൻ പറഞ്ഞിരുന്നതെന്ന് തൊട്ടടുത്ത കടയിലെ ഫിറോസ് അനുസ്മരിച്ചു. ‘എല്ലാവ൪ക്കും പ്രിയപ്പെട്ടവനായിരുന്നു നൗഷാദ്. എല്ലാവരും നൗഷാദിനും പ്രിയപ്പെട്ടവരായിരുന്നു. ആരുടെയും സ്നേഹം എളുപ്പത്തിൽ പിടിച്ചുപറ്റുന്ന ആക൪ഷകമായ പെരുമാറ്റം...’ ഫിറോസ് തുട൪ന്നു. കൂട്ടുകാ൪ക്കൊപ്പം മനാമയിലെതന്നെ ഫ്ളാറ്റിലായിരുന്നു നൗഷാദ് കുടുംബവുമായി താമസിച്ചിരുന്നത്. നഫീസയാണ് നൗഷാദിൻെറ മാതാവ്. ഭാര്യ: റസീന. സഹോദരങ്ങൾ: നൗഫൽ, നവാസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.