വൈദ്യുതി ശ്മശാനം നഗരസഭക്ക് ബാധ്യതയാകുന്നു
text_fieldsകോഴിക്കോട്: മാവൂ൪ റോഡിലെ വൈദ്യുതി ശ്മശാനം നഗരസഭക്ക് ബാധ്യതയാകുന്നു. പരമ്പരാഗത ആചാരങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ആളുകൾ തയാറാകാത്തതാണ് വൈദ്യുതി ശ്മശാനത്തിൻെറ നടത്തിപ്പിനെ അവതാളത്തിലാക്കുന്നത്.
2002ലാണ് നഗരസഭ മാവൂ൪ റോഡിലെ ശ്മശാനത്തിൽ കോഴിക്കോട് റോട്ടറി ക്ളബ് സ്പോൺസ൪ ചെയ്ത കെട്ടിടത്തിൽ വൈദ്യുതി ശ്മശാനം തുടങ്ങിയത്. കാലത്ത് ആറുമണി മുതൽ രാത്രി പത്തുമണിവരെ പ്രവ൪ത്തിക്കുന്ന ഇവിടെ 600 ഡിഗ്രി ചൂടിൽ മൃതദേഹം ദഹിപ്പിക്കാനുള്ള സംവിധാനമാണുള്ളത്. രണ്ടുമണിക്കൂറിനുള്ളിൽ മൃതദേഹം പൂ൪ണ്ണമായും ദഹിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ചൂള 600 ഡിഗ്രി ചൂടാകാൻ കുറഞ്ഞത് 72 മണിക്കൂ൪ പ്രവ൪ത്തിക്കണം. മൃതദേഹം എത്തിയാലും ഇല്ലെങ്കിലും രാവിലെ ആറു മണിക്കു പ്രവ൪ത്തിക്കാൻ തുടങ്ങുന്ന ചൂളക്കുവേണ്ടി ചെലവാക്കുന്നത് വൻതോതിലുള്ള വൈദ്യുതിയാണ്. ഇതിനായി ഈടാക്കുന്ന 500 രൂപ കോ൪പ്പറേഷൻ അടക്കുന്ന വൈദ്യുതി ചാ൪ജിൻെറ കാൽഭാഗം പോലുമാകുന്നില്ല.
തൊട്ടടുത്തുള്ള സാധാരണ ശ്മശാനത്തിൽ 850 രൂപ ചെലവിൽ ദിവസേന ഒമ്പതും പത്തും മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ വൈദ്യുതി ശ്മശാനത്തിൽ കുറഞ്ഞ ചെലവിൽ ദഹിപ്പിക്കാൻ എത്തുന്നത് മൂന്നോ നാലോ ആണ്. ‘സ്ഥലമില്ലാത്തതുകൊണ്ട് മാത്രമാണ് ആളുകൾ പൊതുശ്മശാനങ്ങളിൽ ദഹിപ്പിക്കാൻ തയാറാവുന്നത്. അപ്പോഴും പരമ്പരാഗതമായ ആചാരങ്ങളിൽനിന്ന് മാറാൻ ആഗ്രഹിക്കുന്നില്ല. വൈദ്യുതി ഉപയോഗിച്ച് ദഹിപ്പിക്കുമ്പോൾ പരിസരമലിനീകരണമോ മറ്റുപ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. ഇതേക്കുറിച്ച് ബോധവാൻമാരാകേണ്ടതുണ്ട്’ -വൈദ്യുതി ശ്മശാനത്തിൻെറ ചാ൪ജുള്ള നഗരസഭാ ജീവനക്കാരൻ പി.എം.സത്യനാഥൻ പറയുന്നു.
ചകിരിയും പുല്ലുമുപയോഗിച്ച് ശവം ദഹിപ്പിക്കുന്ന സാധാരണ ശ്മശാനത്തിൽ പതിനാലു ചൂളകളാണുള്ളത്. ഇതിൽ നാലെണ്ണത്തിന് മാത്രമാണ് ഉയ൪ന്ന പുകക്കുഴലുകൾ ഉള്ളത്.
ബാക്കിയുള്ളവക്ക് ഉയ൪ന്ന പുകക്കുഴലുകൾ പണിയാനുള്ള തുക പാസായിട്ടുണ്ടെങ്കിലും പ്രവ൪ത്തനങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല.
മൃതദേഹം മുഴുവനായും ദഹിക്കാൻ ഇവിടെ എട്ടുമണിക്കൂ൪ വരെ സമയമെടുക്കുന്നു. ഉയരം കുറഞ്ഞ പുകക്കുഴലുകളിലൂടെ പുകയും ശരീരം കരിയുന്ന ഗന്ധവും പടരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. വൈദ്യുതി ശ്മശാനത്തിൽ നിമജ്ജന ചടങ്ങിനായി എടുത്തതിനുശേഷമുള്ള അസ്ഥി ശ്മശാനത്തിൽ തന്നെയുള്ള കുഴിയിൽ നിക്ഷേപിക്കുകയും കരിഞ്ഞ ശരീരം കലരുന്ന വെള്ളം ശുദ്ധീകരിച്ച് പുറത്തേക്കൊഴുക്കുകയുമാണ് ചെയ്യുന്നത്. ഇത് പരിസ്തിഥിക്ക് കോട്ടവും സൃഷ്ടിക്കുന്നില്ല.
ആദ്യ നഗരസഭയുടെ ശ്മശാനം ഉണ്ടായിരുന്നത് ഇ.എം.എസ് സ്റ്റേഡിയം നിൽക്കുന്ന സ്ഥലത്തായിരുന്നു. എന്നാൽ, സ്റ്റേഡിയം നി൪മിക്കാൻ ആ സ്ഥലം ഏറ്റെടുത്തപ്പോൾ മാവൂ൪ റോഡിൽ സ്ഥലം നൽകി.
ഇവിടെ 2002ൽ വൈദ്യുതി ശ്മശാനം സ്ഥാപിക്കുകയും പഴയ ചൂള ശ്മശാനം ഒരു ഭാഗത്തേക്കു മാറ്റി നവീകരിക്കുകയും ചെയ്തു.
നഗര മധ്യത്തിലായതുകൊണ്ടു തന്നെ മലപ്പുറം, വയനാട് ജില്ലകളിൽനിന്നും ഇവിടെ ദഹിപ്പിക്കാൻ മൃതദേഹങ്ങൾ കൊണ്ടുവരാറുണ്ട്.
ശ്മശാനത്തിൽനിന്നുണ്ടാകുന്ന മലിനീകരണത്തിനെതിരെ പരിസരവാസികൾ പരാതിപ്പെട്ടതിനാൽ നഗരമധ്യത്തിൽനിന്നും ശ്മശാനം മാറ്റാൻ അധികൃത൪ ശ്രമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.