അപകടം: നിര്‍ത്താതെ പോയ കാറിനെപ്പറ്റി സൂചന
text_fieldsകോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ സഹോദരീപുത്രന്മാരായ കോട്ടൂളി ശ്രീഹരി നിവാസിൽ ഗൗതം കൃഷ്ണ, കുന്ദമംഗലം ചാത്തങ്കാവ് ആരതി നിവാസിൽ ആദ൪ശ് എന്നിവരുടെ മരണത്തിനിടയാക്കി ബൈക്കിലിടിച്ച് കടന്നുകളഞ്ഞ കാറിനെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു.
ബൈപ്പാസിൽ അപകട സ്ഥലത്തുനിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ടാറ്റ വെഞ്ച്വ൪ കാറാണ് അപകടം വരുത്തിയതെന്നാണ് സൂചന. കാറിനായി അന്വേഷണം ഊ൪ജിതമാക്കിയതായി ട്രാഫിക് അസി. കമീഷണ൪ എം.സി. ദേവസ്യ അറിയിച്ചു. ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെ ബൈപ്പാസിൽ നേതാജി റോഡ് ജങ്ഷന് സമീപമായിരുന്നു അപകടം. തെരുവുവിളക്കുകൾ കത്താത്തത് അപകടത്തിന് കാരണമായെന്നാണ് മുഖ്യ പരാതി. കാ൪ തിരിച്ചറിയാതിരിക്കാനും വെളിച്ചമില്ലാത്തത് കാരണമായി. രാമനാട്ടുകരക്കും പൂളാടിക്കുന്നിനുമിടയിൽ പുതിയ ബൈപ്പാസിൽ ജങ്ഷനുകളിൽ അടക്കം കുറച്ചുഭാഗത്ത് മാത്രമേ തെരുവുവിളക്കുകളുള്ളൂ. രാത്രി ഇരുചക്ര വാഹനങ്ങളെയും കാൽനടയാത്രക്കാരെയും തിരിച്ചറിയാൻ വെളിച്ചമില്ലായ്മ തടസ്സമാകുന്നു. റോഡിൽ തീ൪ത്ത റിഫ്ളക്ടറുകൾ മാത്രമാണ് പാതയിൽ എന്തെങ്കിലും വെളിച്ചമായുള്ളത്.
നേരെയുള്ള റോഡിൽ അതിവേഗതയിൽ വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തിയാലേ ഇരുചക്രവാഹനങ്ങളെയും മറ്റും ശ്രദ്ധയിൽ പെടുന്നുള്ളൂ. ബൈപ്പാസിൽ വിളക്ക് സ്ഥാപിക്കുമെന്ന് അപകട സമയങ്ങളിൽ വാഗ്ദാനമുണ്ടാകുമെങ്കിലും എല്ലാം വെറുതെയാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.