ബദല്‍ ശക്തിയുടെ അശക്തി
text_fieldsഇന്ത്യൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന ഭാരതീയ ജനതാ പാ൪ട്ടി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആസൂത്രിത നീക്കങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ, പോയവാരത്തിൽ മുംബൈയിൽ സമ്മേളിച്ച ദേശീയ നി൪വാഹക സമിതി കാവിപ്പടയുടെ ബലത്തേക്കാൾ ബലഹീനതയാണ് അനാവരണം ചെയ്തത്. അച്ചടക്കത്തിലോ, കെട്ടുറപ്പിലോ ഒരിക്കലും അസൂയാ൪ഹമല്ലാത്ത അവസ്ഥയിൽ തുടരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ബദലായി ആ൪.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിക്ക് അവകാശപ്പെടാനുണ്ടായിരുന്നത് ഉൾപ്പാ൪ട്ടി ഭദ്രതയും ക൪ക്കശമായ അച്ചടക്കവുമായിരുന്നു. സമീപകാലത്തായി അക്കാര്യത്തിലും പാ൪ട്ടി കോൺഗ്രസിനെ മാതൃകയാക്കുന്നുവെന്നു കരുതേണ്ടിവരുന്ന സംഭവങ്ങളാണ് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നല്ല, കോൺഗ്രസിന്റെ കാര്യത്തിൽ അവസാനവാക്കായി സോണിയ ഗാന്ധി ഇപ്പോഴും അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ, കാവിപ്പടക്ക് അങ്ങനെയൊരാളുടെ അധീശത്വം ഇന്നില്ല. അടൽ ബിഹാരി വാജ്പേയി സാങ്കേതികമായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിലും സാക്ഷാൽ ബി.ജെ.പിക്കുപോലും അദ്ദേഹത്തിന്റെ കാര്യത്തിൽ മറവിരോഗം ബാധിച്ചിരിക്കുന്നു. രണ്ടാമനായിരുന്ന എൽ.കെ. അദ്വാനി 'ലോഹപുരുഷ്' എന്ന ബഹുമതിയൊക്കെ നഷ്ടപ്പെട്ട് പ്രാന്തവത്കൃതനായിട്ട് കാലംകുറച്ചായി. എൻ.ഡി.എക്ക് ഒരു രണ്ടാമൂഴം വിധിച്ചിട്ടുണ്ടെങ്കിൽ തലപ്പത്ത് ഏതായാലും അദ്വാനിയായിരിക്കില്ലെന്നുറപ്പ്. ഈ അവസ്ഥയിൽ രോഷവും അമ൪ഷവും രേഖപ്പെടുത്താനാണ് മുംബൈയിലെ സമാപന റാലി അദ്ദേഹം ബഹിഷ്കരിച്ചത്. തൽസ്ഥാനത്ത് ഭാവി പ്രധാനമന്ത്രിയായി സ്വയം അവതരിപ്പിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു മുന്നിൽ ദേശീയ നി൪വാഹക സമിതിയും പ്രസിഡന്റ് നിതിൻ ഗഡ്കരിയും മുട്ടുമടക്കിയത് അദ്വാനിയെ രോഷാകുലനാക്കി എന്നാണ് റിപ്പോ൪ട്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും സമാപനറാലിയിലെ അസാന്നിധ്യംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
മറുവശത്ത് തനിക്ക് തീ൪ത്തും അനഭിമതനായ ആ൪.എസ്.എസ് നോമിനി സഞ്ജയ് ജോഷിയെ നി൪വാഹക സമിതിയിൽനിന്ന് രാജിവെപ്പിച്ച ശേഷമേ യോഗത്തിൽ പങ്കെടുക്കാൻപോലും നരേന്ദ്രമോഡി തയാറായുള്ളൂ. ഇതേത്തുട൪ന്നാണ് ഗഡ്കരിക്ക് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പുവരുത്തിയ പാ൪ട്ടി ഭരണഘടനാ ഭേദഗതി പാസാക്കാനായതും. ഭരണഘടനപ്രകാരം ഒരാൾക്ക് തുട൪ച്ചയായി രണ്ടാം തവണ പ്രസിഡന്റാവാൻ പാടില്ല. ഗഡ്കരിക്ക് പിൻഗാമിയെ കണ്ടെത്തൽ കടുത്ത പ്രതിസന്ധിയിലേക്ക് പാ൪ട്ടിയെ നയിക്കുമെന്നു കണ്ട നേതൃത്വം അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ ഭരണഘടനാ ഭേദഗതിയിലൂടെ പോംവഴി കാണുകയായിരുന്നു. കഴിഞ്ഞ തവണ, താരതമ്യേന പ്രായംകുറഞ്ഞ ഗഡ്കരി അധ്യക്ഷസ്ഥാനത്ത് അവരോധിതനായതുതന്നെ ആ൪.എസ്.എസിന്റെ ക൪ക്കശമായ ഇടപെടൽ മൂലമാണ്. ഇത്തവണ പക്ഷേ, തങ്ങളുടെ പ്രിയങ്കരനായ ജോഷിയെ രാജിവെപ്പിച്ച നടപടി ആ൪.എസ്.എസിൽ പ്രബലമായ ഒരു വിഭാഗത്തിന് ഒട്ടും ദഹിച്ചിട്ടില്ലെന്നാണ് സൂചന. അദ്ദേഹത്തെ തിരിച്ചെടുപ്പിക്കാൻ അവ൪ രംഗത്തിറങ്ങിയിട്ടുമുണ്ട്. ക൪ണാടകയിൽ സദാനന്ദഗൗഡ-യെദിയൂരപ്പ വടംവലി ബി.ജെ.പിയെ വട്ടംകറക്കിക്കൊണ്ടിരിക്കെ, രാജസ്ഥാനിലും ഗ്രൂപ്പിസം മൂ൪ധന്യത്തിലാണ്. ബിഹാറിൽ എൻ.ഡി.എ ഘടകമായ ജനതാദൾ-യു മുഖ്യമന്ത്രി നിതീഷ്കുമാറിനെപ്പോലെത്തന്നെ ബി.ജെ.പിക്കാരനായ ഉപമുഖ്യമന്ത്രി സുശീൽകുമാറും പ്രധാനമന്ത്രി പദവിയിൽ നരേന്ദ്രമോഡിയെ ഉയ൪ത്തിക്കാട്ടുന്നതിന് അനുകൂലമല്ല. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിഹാറിൽ കാലുകുത്താൻപോലും മോഡിയെ അവ൪ അനുവദിച്ചിരുന്നില്ലല്ലോ.
രാജ്യത്ത് യു.പി.എയുടെ രണ്ടാമൂഴം പരാജയത്തിൽനിന്ന് പരാജയത്തിലേക്ക് പതിച്ചുകൊണ്ടിരിക്കെയാണ് 'കായ പഴുത്തപ്പോൾ കാക്കക്ക് വായ്പുണ്ണ്' എന്ന പഴഞ്ചൊല്ലുപോലെ, ബദലായി ഉയരേണ്ട എൻ.ഡി.എയിലെ മുഖ്യഘടകത്തിൽ കുലംകുത്തൽ പരിപാടി മൂ൪ധന്യത്തിലേക്ക് നീങ്ങുന്നത്. സകലസീമകളും അതിലംഘിച്ച വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും മുമ്പാകെ അന്തംവിട്ടുനിൽക്കുകയാണ് മൻമോഹൻസിങ് സ൪ക്കാ൪. ഇന്ത്യയിൽ പരമാവധി വില കുറഞ്ഞ രണ്ട് വസ്തുക്കൾ ഇന്ത്യൻ ഉറുപ്പികയും മനുഷ്യനും മാത്രമാണ്. മുച്ചൂടും പരാജയപ്പെട്ട നവലിബറൽ പോളിസിയാണ് ഈ സ്ഥിതിവിശേഷത്തിന്റെ മുഖ്യഹേതുവെന്ന് ബോധ്യപ്പെട്ടിട്ടും ജനിതക ദൗ൪ബല്യം മറികടന്ന് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ആസൂത്രണ വിദഗ്ധൻ അഹ്ലുവാലിയക്കോ മാറിച്ചിന്തിക്കാൻ കഴിയുന്നില്ല. സുവ൪ണാവസരത്തിൽനിന്ന് പരമാവധി മുതലെടുക്കേണ്ട ഈ ഘട്ടത്തിൽ ബി.ജെ.പി തമ്മിൽത്തല്ലി നശിക്കുന്നത് പാ൪ട്ടിയുടെ രാജ്യസഭാംഗവും മുതി൪ന്ന നിയമജ്ഞനുമായ രാംജത്മലാനിക്ക് സഹിക്കാനാവുന്നില്ല. അഴിമതിക്കെതിരെ രാജ്യംചുറ്റി ജനങ്ങളെ ബോധവത്കരിക്കേണ്ട ബി.ജെ.പി നേതാക്കൾ നാവുചുഴറ്റി പരസ്പരം വീഴ്ത്താൻ ശ്രമിക്കുന്നതിലുള്ള തന്റെ സങ്കടവും രോഷവുമാണ് നിതിൻ ഗഡ്കരിക്ക് അയച്ച കത്തിലൂടെ ജത്മലാനി പ്രകടിപ്പിച്ചത്. കത്തിലെ ആരോപണം ഒഴുക്കൻമട്ടിൽ നിരാകരിക്കാനല്ലാതെ ആഭ്യന്തര കലഹമൊതുക്കി ബി.ജെ.പിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല. ഭാരതീയ ഫാഷിസത്തിന്റെ ഭീകരമുഖമായ സംഘ്പരിവാറിന്റെ ഈ പതനത്തിൽ ദുഃഖിക്കാൻ സമാനമനസ്ക൪ മാത്രമേ കാണൂ. എന്നാൽ, മെച്ചപ്പെട്ട ഒരു ബദൽ ദേശീയതലത്തിൽ രൂപപ്പെടാത്തത് രാജ്യസ്നേഹികളെ പൊതുവെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.