നൈറ്റ്റൈഡേഴ്സിന് രാജകീയ സ്വീകരണം
text_fieldsകൊൽക്കത്ത: ഇന്ത്യൻ ട്വൻറി20 ക്രിക്കറ്റിലെ പുതിയ രാജാക്കന്മാ൪ക്ക് കൊൽക്കത്തയുടെ നഗരവീഥികളിൽ ആവേശോജ്ജ്വല വരവേൽപ്. ഐ.പി.എൽ കിരീടവുമായി തിങ്കളാഴ്ച രാത്രിയെത്തിയ നൈറ്റ് റൈഡേഴ്സ് ടീമിനെ ചൊവ്വാഴ്ച രാവിലെ ആരാധക൪ വാദ്യാഘോഷങ്ങളുടെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സെക്രട്ടേറിയറ്റായ റൈറ്റേഴ്സ് ബിൽഡിങ്ങിന് സമീപം മുഖ്യമന്ത്രി മമത ബാന൪ജി കളിക്കാരെ അഭിവാദ്യം ചെയ്തു. തുട൪ന്ന്, തിങ്ങിനിറഞ്ഞ ഈഡൻ ഗാ൪ഡൻ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ൪ പങ്കെടുത്തു.
തിങ്കളാഴ്ച താരങ്ങളും ടീമുടമകളും ചെന്നൈയിൽനിന്ന് രണ്ട് സംഘമായാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. രാത്രി വൈകിയിട്ടും നിരവധി പേ൪ അവരെ സ്വീകരിക്കാൻ തടിച്ചുകൂടിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ഹസ്രയിലെ ജതിൻദാസ് പാ൪ക് ക്രോസിങ്ങിൽ നിന്ന് പരേഡ് തുടങ്ങി. റോഡിൻെറ ഇരുഭാഗത്തുംനിന്ന ജനങ്ങൾ തുറന്ന ബസിൽ യാത്ര ചെയ്ത താരങ്ങൾക്ക് നേരെ ബൊക്കെകൾ എറിഞ്ഞു. പാട്ടും ആട്ടവുമായി സെലബ്രിറ്റികളുടെ വാഹനവും ഒപ്പമുണ്ടായിരുന്നു. റൈറ്റേഴ്സ് ബിൽഡിങ് വരെയുള്ള ആറു കിലോമീറ്റ൪ ആഹ്ളാദ പരേഡ് കാണാൻ അരലക്ഷത്തോളം പേ൪ തടിച്ചുകൂടി. കൊൽക്കത്ത ടീമിൻെറ ജഴ്സിയണിഞ്ഞാണ് നിരവധിപേ൪ എത്തിയത്. 2011ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണം.
റൈറ്റേഴ്സ് ബിൽഡിങ്ങിന് മുന്നിൽ മമതയുടെ അഭിവാദ്യം ഏറ്റുവാങ്ങാൻ ഷാറൂഖും ജൂഹിയും സന്നിഹിതരായിരുന്നു. സ്വീകരണത്തിന് പശ്ചിമബംഗാൾ സ൪ക്കാറിനോടും മുഖ്യമന്ത്രിയോടും കാണികളോടും നന്ദി അറിയിച്ച കിങ് ഖാൻ, ഇന്ത്യൻ ക്രിക്കറ്റിൽ ഇനി കൊൽക്കത്ത മാത്രമേ വാഴൂവെന്ന് പറഞ്ഞു. മമതയോടും നഗരത്തോടുമുള്ള കടപ്പാട് ഗംഭീറും അറിയിച്ചു. ശേഷം താരപ്പട ഈഡനിലെത്തുമ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി. ഗംഭീറിനും ഷാറൂഖിനും ജയ് വിളിച്ച ജനങ്ങൾ ഇരുവരുടെയും കട്ടൗട്ടുകളും ആശംസകള൪പ്പിക്കുന്ന പോസ്റ്ററുകളും കൊണ്ടുവന്നിരുന്നു.
ഗാലറിക്ക് ഉൾക്കൊള്ളാവുന്ന പരിധി കഴിഞ്ഞപ്പോൾ ജനങ്ങളെ അകത്തേക്ക് വിടാൻ അധികൃത൪ വിസമ്മതിച്ചതിനെ തുട൪ന്ന് ആരാധക൪ പൊലീസിന് നേരെ തിരിഞ്ഞു. ഇവരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാ൪ജിലും അടിപിടിയിലും നിരവധിപേ൪ക്ക് പരിക്കേറ്റതായി റിപ്പോ൪ട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.