പണി അറിയാത്ത ഓപറേറ്റര്‍മാര്‍ വാട്ടര്‍ അതോറിറ്റിക്ക് തലവേദനയാകുന്നു
text_fieldsആറാട്ടുപുഴ: പമ്പ്ഹൗസുകളിൽ ജോലിചെയ്യുന്ന അവിദഗ്ധരായ ഓപറേറ്റ൪മാ൪ ജല അതോറിറ്റിക്ക് തലവേദനയാകുന്നു. അടിക്കടിയുണ്ടാകുന്ന മോട്ടോ൪ തകരാറുകളിൽ ഏറെയും ഓപറേറ്റ൪മാരുടെ പരിചയക്കുറവുമൂലം ഉണ്ടാകുന്നതാണെന്നാണ് ജല അതോറിറ്റിയുടെ വിലയിരുത്തൽ. കരാറുകാരൻെറ കീഴിലുള്ള തൊഴിലാളികളാണ് ഓപറേറ്റ൪മാരായി ജോലിചെയ്യുന്നത്.
നിശ്ചിത എണ്ണം പമ്പ്ഹൗസുകൾ പ്രവ൪ത്തിപ്പിക്കാനുള്ള ചുമതല ഏതെങ്കിലും കരാറുകാരെ ഏൽപ്പിക്കുകയാണ് ജല അതോറിറ്റി ചെയ്യുന്നത്. ഇവിടേക്കുള്ള ഓപറേറ്റ൪മാരെ നിയമിക്കാനുള്ള അധികാരം കരാറുകാരനായിരിക്കും. പമ്പ് ഓപറേറ്റ൪മാ൪ക്ക് ബന്ധപ്പെട്ട വിഷയത്തിൽ സാങ്കേതിക പരിജ്ഞാനം വേണമെന്നാണ് ജല അതോറിറ്റിയുടെ ചട്ടം. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരുടെ നോമിനികളായി നിയമിക്കുന്നവരിൽ ഭൂരിഭാഗം പേ൪ക്കും ഇതുമായി ബന്ധമില്ലാത്തവരാണ്.
മോട്ടോ൪ പ്രവ൪ത്തിപ്പിക്കാനും നി൪ത്താനും മാത്രമുള്ള അറിവുവെച്ചാണ് പമ്പ് ഓപറേറ്റ൪മാരായി പ്രവ൪ത്തിക്കുന്നത്. വോൾട്ടേജിൻെറ വ്യതിയാനം മനസ്സിലാക്കുകയും വെള്ളം പമ്പുചെയ്യുന്നതിനിടെയുണ്ടാകുന്ന കുഴപ്പങ്ങൾ അറിഞ്ഞും വേണ്ടകാര്യങ്ങൾ ചെയ്യാൻ ഇവ൪ക്കറിയില്ല. മോട്ടോ൪ തകരാറിലാകുന്നതിൻെറ പ്രധാന കാരണം ഇതാണെന്നാണ് വാട്ട൪ അതോറിറ്റി അധികൃത൪ പറയുന്നത്. ഇത്തരം ഓപറേറ്റ൪മാരെ പിരിച്ചുവിടണമെന്ന് അടുത്തിടെ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ നി൪ദേശിച്ചിരുന്നു.
ആഴ്ചകളിലും മാസങ്ങളിലുമൊക്കെ വെള്ളം ശുദ്ധീകരിക്കുന്നതിന് ക്ളോറിനേഷൻ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ, കൃത്യമായ അളവിലും രീതിയിലും ഇത് നി൪വഹിക്കാൻ ഓപറേറ്റ൪മാരിൽ പല൪ക്കും അറിയാത്തതിനാൽ ശുദ്ധീകരണം നടക്കുന്നില്ല. മോട്ടോ൪ തകരാറിലാകുമ്പോൾ കരാറുകാ൪ അവിദഗ്ധരായ ആളുകളെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് ട്യൂബ്വെല്ലിൻെറ തന്നെ നാശത്തിന് കാരണമായിട്ടുണ്ട്. ആറാട്ടുപുഴയിൽ രണ്ട് ട്യൂബ്വെല്ലുകൾ ഇതുമൂലം പ്രവ൪ത്തനരഹിതമായി. കേടായ മോട്ടോ൪ എസ്കവേറ്റ൪ ഉപയോഗിച്ച് കുഴൽകിണറിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിച്ചതാണ് കാരണം.
ജല അതോറിറ്റി കായംകുളം സെക്ഷൻ ഓഫിസിൻെറ പരിധിയിൽ 35 പേരാണ് കരാറുകാരൻെറ കീഴിൽ പമ്പ് ഓപറേറ്റ൪മാരായി ജോലിചെയ്യുന്നത്. ഹരിപ്പാട് സബ്ഡിവിഷൻ ഓഫിസിൻെറ കീഴിലും ധാരാളംപേരുണ്ട്. അവിദഗ്ധ ഓപറേറ്റ൪മാരുടെ വീഴ്ചമൂലം ഉണ്ടാകുന്ന മോട്ടോറിൻെറ തകരാറുകൾ വാട്ട൪ അതോറിറ്റിയെ വെള്ളംകുടിപ്പിക്കുകയാണ്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശ പഞ്ചായത്തുകളിലാണ് മോട്ടോ൪ തകരാ൪ ജലഅതോറിറ്റിക്ക് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്.
പൈപ്പുജലത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ കുടിവെള്ളം മുടങ്ങിയാൽ ഉടൻ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങളുമായി രംഗത്തിറങ്ങും. ഡ്യൂട്ടിസമയത്ത് മോട്ടോ൪ ഓൺചെയ്തശേഷം പലരും മുങ്ങുകയാണത്രേ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.