Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവോട്ടുകള്‍...

വോട്ടുകള്‍ നേരത്തേയെത്തി; തിരക്കൊഴിഞ്ഞ് സമാപനം

text_fields
bookmark_border
വോട്ടുകള്‍ നേരത്തേയെത്തി; തിരക്കൊഴിഞ്ഞ് സമാപനം
cancel

നെയ്യാറ്റിൻകര: വോട്ടെടുപ്പിൻെറ അവസാന മണിക്കൂറിൽ തിരക്കൊഴിഞ്ഞ ബൂത്തുകൾ. വിരലിലെണ്ണാവുന്ന ചിലസ്ഥലങ്ങളിൽ ഒഴികെ വോട്ട൪മാ൪ പോലുമില്ല.
ഫിനിഷിങ്ങിലെ തിക്കും തിരക്കും അതിൻെറ ത൪ക്കങ്ങളുമില്ല. ശേഷിക്കുന്നവരെ തേടിപ്പിടിച്ച് അവസാന മിനിറ്റിൽ പോളിങ് ബൂത്തിൻെറ ഗേറ്റിനുള്ളിൽ ഓടിച്ചുകയറ്റുന്ന കാഴ്ചകളില്ലാതെയാണ് നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് അവസാനിച്ചത്. കേരളത്തിൻെറ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അസാധാരണമായ ജനാധിപത്യമര്യാദയാണ് ഇക്കാര്യത്തിൽ വോട്ട൪മാ൪ പ്രകടിപ്പിച്ചത്. എന്നാൽ ഒറ്റപ്പെട്ട ബൂത്തുകളിൽ തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞും പോളിങ് നടന്നു.
രാവിലെ പോളിങ് തുടങ്ങിയത് മുതൽ വൻ തിരക്കാണ് മണ്ഡലത്തിലുടനീളം അനുഭവപ്പെട്ടത്. പോളിങ് ആരംഭിച്ച ഏഴിനുതന്നെ ബൂത്തുകളിൽ വരി പ്രത്യക്ഷപ്പെട്ടു.
ആദ്യ രണ്ട് മണിക്കൂറിനകം 20 ശതമാനം വോട്ടാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. എതാണ്ട് എല്ലാ പ്രദേശങ്ങളിലും ഈ നിലയിൽ വോട്ട് രേഖപ്പെട്ടു. രാവിലെ തന്നെ സ്ത്രീകളും കൂട്ടത്തോടെയെത്തി.
10 ഓടെ 30 ശതമാനം വോട്ട് പെട്ടിയിലായി. കുളത്തൂ൪, തിരുപുറം, ചെങ്കൽ പഞ്ചായത്തുകളിൽ വൻ തോതിൽ വോട്ടുവീണു. നാല് മണിക്കൂ൪ പിന്നിട്ടപ്പോൾ അത് 35 ശതമാനമായി. പിന്നീട് അൽപം മന്ദഗതിയിലായി. ഒപ്പം മണ്ഡലത്തെ ചെറുതായി നനച്ച് ചാറ്റൽ മഴയും വീണു. എന്നാൽ ചില പ്രദേശങ്ങളിൽ അപ്പോഴും കനത്ത പോളിങ് നടക്കുന്നുണ്ടായിരുന്നു. 11.30 ന് തന്നെ പകുതി വോട്ട് ചെയ്ത ബൂത്തുകൾ നിരവധിയുണ്ട്.
പന്ത്രണ്ടോടെ പോളിങ് 40 ശതമാനത്തിലെത്തി. എന്നാൽ രാവിലെ കണ്ട കുത്തൊഴുക്ക് അപ്പോഴേക്കും കുറഞ്ഞിരുന്നു. 50 ശതമാനം പിന്നിടാൻ പിന്നെയും ഒരു മണിക്കൂറിലധികമെടുത്തു. 1.30ന് മൊത്തം വോട്ട് 50.5 ശതമാനമായപ്പോൾ മണ്ഡലത്തിലെ നാല് പഞ്ചായത്തും നഗരസഭയും പകുതി വോട്ടിലെത്തിയിരുന്നു. പിന്നിൽ നിന്നത് കുളത്തൂ൪ മാത്രം -49.4 ശതമാനം. വൻ തിരക്കുണ്ടായില്ലെങ്കിലും ഇടവേളകളില്ലാതെ മിക്കയിടത്തും വോട്ടിങ് തുട൪ന്നു. മൂന്നോടെ 60 ശതമാനം പിന്നിട്ടപ്പോൾ അത് 90 അടുത്തേക്കുമെന്ന പ്രതീക്ഷയിലായി നേതാക്കൾ. എന്നാൽ മൂന്നരക്കുശേഷം കാര്യമായ തിരക്കുണ്ടായില്ല. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ വൻതോതിൽ വോട്ട൪മാരെത്തിയെങ്കിലും ഭൂരിഭാഗം സ്ഥലത്തും വോട്ട൪മാരുടെ വരികൾ പോലും അപ്രത്യക്ഷമായി. വളരെ പതിയെയാണ് പിന്നെ വോട്ടിങ് നില ഉയ൪ന്നത്. നാല് മണി പിന്നിട്ടപ്പോൾ അത് 70ലെത്തി. രാത്രി 10ന് തെരഞ്ഞെടുപ്പ് കമീഷൻ ലഭ്യമാക്കിയ കണക്കുപ്രകാരം മൊത്തം 80.1 ശതമാനമാണ് പോളിങ്. അന്തിമ കണക്കിൽ ഇതിൽ നേരിയ വ്യത്യാസംവരും.
വോട്ട് ചെയ്യാൻ തീരുമാനിച്ചവ൪ ഏതാണ്ട് മൂന്നിന് മുമ്പുതന്നെ അത് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് കണ്ട ദൃശ്യങ്ങൾ. രാവിലെ കൂട്ടത്തോടെ എത്തിയ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട വോട്ട൪മാരാണ് അവസാന സമയങ്ങളിലെത്തിയത്. വോട്ട് ഉറപ്പാക്കാനായി ഓടിനടന്ന വിവിധ പാ൪ട്ടി പ്രവ൪ത്തകരും മൂന്നോടെ വിശ്രമം തുടങ്ങിയിരുന്നു. അവരുടെ തിരക്കുകൂടി ഇല്ലാതായതോടെ പല ബൂത്ത് പരിസരങ്ങളും ഏറെക്കുറെ നിശബ്ദമായി. കണ്ടുവെച്ച വോട്ടുകളെല്ലാം ഉച്ചയോടെ ചെയ്യിപ്പിക്കുന്നതിൽ പ്രധാന പാ൪ട്ടികളുടെ പ്രവ൪ത്തകരും ശ്രദ്ധിച്ചു. അതോടെ പൊതുവെ തിരക്കില്ലാത്ത സമാപ്തിയിലേക്ക് തെരഞ്ഞെടുപ്പ് നീങ്ങുകയും ചെയ്തു.
എന്നാൽ മണ്ഡലത്തിലെ ഈ പൊതുകാഴ്ചക്ക് വിരുദ്ധമായ ദൃശ്യങ്ങൾ ചില ബൂത്തുകളിലുണ്ടായിരുന്നു. നെയ്യാറ്റിൻകര നഗരസഭയിലെ പെരുമ്പഴുതൂ൪ പോലുള്ള ചില മേഖലകളിൽ ഉച്ചക്ക് ശേഷമാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. അതിയന്നൂരിലും തിരക്കുണ്ടായെങ്കിലും ഒറ്റപ്പെട്ട ബൂത്തുകളിലൊഴികെ അവസാനസമയത്ത് അതുമില്ലാതായി.
ചെങ്കൽ പഞ്ചായത്തിലെ 70ാം നമ്പ൪ ബൂത്തിൽ വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും ഏറെ നേരം പോളിങ് തുട൪ന്നു. അഞ്ച് മണിക്ക് 153 വോട്ട൪മാ൪ വരിയിലുണ്ടായിരുന്നു. അവ൪ക്ക് ടോക്കൺ കൊടുത്തു. കുളത്തൂരിലെ വിരാലിയിലും അതിയന്നൂരിലെ ശാസ്താംതലയിലും സമയം പിന്നിട്ടിട്ടും വോട്ടിങ് തുട൪ന്നു. ഈ ബൂത്തുകളിൽ രാത്രി ആറരയോടെയാണ് പോളിങ് അവസാനിച്ചത്.
സംഘ൪ഷ സാധ്യതയുണ്ടെന്ന വ്യാപക പ്രചാരണം കഴിഞ്ഞദിവസങ്ങളിൽ ഇവിടെയുണ്ടായിരുന്നു. വെള്ളിയാഴ്ച അങ്ങിങ്ങ് ഏറ്റുമുട്ടലുകളും ആക്രമണങ്ങളുമുണ്ടായതിനാൽ ഈ ആശങ്ക വ൪ധിക്കുകയും ചെയ്തു. അതോടെ നേരത്തേ തന്നെ വോട്ടുകൾ ഉറപ്പാക്കാൻ പാ൪ട്ടികൾ പ്രത്യേകം ശ്രദ്ധിച്ചതാണ് ഉച്ചക്കുമുമ്പ് തന്നെ വലിയ പോളിങ്ങിന് വഴിയൊരുക്കിയത്. അക്രമം ഭയന്ന് വോട്ട൪മാ൪ നേരത്തേ എത്തുകയും ചെയ്തു.
ചായ്ക്കോട്ടുകോണം ബൂത്തിൽ ബി.ജെ.പി-യു.ഡി. എഫ് പ്രവ൪ത്തക൪ തമ്മിൽ രാവിലെ ചെറിയ സംഘ൪ഷമുണ്ടായിരുന്നു. ഇവിടെ മൂന്നോടെ ഏതാണ്ട് 77 ശതമാനം വോട്ടുകൾ പോൾ ചെയ്യപ്പെട്ടു. ചെറിയ ചില അസ്വാരസ്യങ്ങളുണ്ടായ മറ്റിടങ്ങളിലും വോട്ടുകൾ കുറയുന്നതിന് പകരം വേഗത്തിൽ പോൾ ചെയ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story