സന്നിധാനത്തെ മാലിന്യം: ബയോഗ്യാസ് പ്ളാന്‍റിന് പദ്ധതി സമര്‍പ്പിക്കും -കലക്ടര്‍
text_fieldsപത്തനംതിട്ട: പമ്പയിലും സന്നിധാനത്തും സെപ്റ്റിക് ടാങ്കിലെ മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാനുള്ള നി൪ദേശം ശബരിമല മാസ്റ്റ൪ പ്ളാൻ നടപ്പാക്കാൻ രൂപവത്കരിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ സമ൪പ്പിക്കുമെന്ന് കലക്ട൪ പി. വേണുഗോപാൽ. സീറോ വേസ്റ്റ് മാനേജ്മെൻറ് പദ്ധതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ട൪.
ഖരമാലിന്യ നി൪മാ൪ജനത്തിന് സ൪ക്കാ൪ അഞ്ചുകോടി അനുവദിച്ചിട്ടുണ്ട്. സംസ്കരിച്ച മാലിന്യത്തിൽനിന്ന് ഹോട്ടലുകൾക്കും മറ്റും ആവശ്യമുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സംബന്ധിച്ച സാധ്യത ആരായും. ഇതുസംബന്ധിച്ച പദ്ധതി സമ൪പ്പിക്കാൻ മലിനീകരണ നിയന്ത്രണബോ൪ഡിനോട് നി൪ദേശിച്ചു. പ്ളാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്താൻ ഭക്ത൪ക്ക് തിളപ്പിച്ച വെള്ളം നൽകാനും പമ്പയിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഫിൽറ്റ൪ ചെയ്യാനും പദ്ധതി സമ൪പ്പിക്കാൻ ജലഅതോറിറ്റി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. പമ്പയിലെ കരിക്കിൻ മാലിന്യം, ട്രക്കിങ് പാത്തിലെയും സന്നിധാനത്തിലെയും പ്ളാസ്റ്റിക് മാലിന്യം എന്നിവ നീക്കുന്നതിന് പദ്ധതി സമ൪പ്പിക്കാൻ പെരിയാ൪ ടൈഗ൪ റിസ൪വ് ഉദ്യോഗസ്ഥരോടും ളാഹ മുതൽ പമ്പ വരെ പ്ളാസ്റ്റിക്കിൻെറ ഉപയോഗം ഇല്ലാതാക്കാൻ സാനിട്ടേഷൻ ചെക് പോസ്റ്റ് നി൪മിച്ച് ഭക്ത൪ പ്ളാസ്റ്റിക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പദ്ധതി സമ൪പ്പിക്കാൻ റാന്നി ഡി.എഫ്.ഒയോടും നി൪ദേശിച്ചു.
പമ്പയിലും വലിയാനവട്ടത്തും രൂപപ്പെട്ട മണൽത്തിട്ട നീക്കാനും വെള്ളത്തിൻെറ ഒഴുക്ക് സാധ്യമാക്കാനും ഇറിഗേഷൻ വകുപ്പ് സമ൪പ്പിച്ച പദ്ധതി അംഗീകാരത്തിന് ഉന്നതാധികാര സമിതി മുമ്പാകെ നൽകാനും തീരുമാനമായി.
മാലിന്യം നീക്കാൻ ടിപ്പറും ട്രാക്ടറും വാങ്ങി ചുമടിന് കഴുതയെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നി൪ദേശവും സമ൪പ്പിക്കും. നിലക്കലിലെ ബേസ് ക്യാമ്പ് വികസിപ്പിക്കാനും പമ്പയിൽ സാനിട്ടേഷൻ സൊസൈറ്റി, മലിനീകരണ നിയന്ത്രണ ബോ൪ഡ്, പൊലീസ് സ്റ്റേഷൻ, ആരോഗ്യ വിഭാഗം ഉൾപ്പെടെ സ൪ക്കാ൪ സംവിധാനം ഒരു കുടക്കീഴിലാക്കാൻ സ്ഥലം ലഭ്യത സംബന്ധിച്ച റിപ്പോ൪ട്ട് സമ൪പ്പിക്കാനും റാന്നി ഡി.എഫ്.ഒക്ക് നി൪ദേശം നൽകി.
ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രൻ, റാന്നി ഡി.എഫ്.ഒ ആ൪. കമലാഹ൪, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ട൪ കെ.പി. ശശിധരൻ നായ൪, സീനിയ൪ ഫിനാൻസ് ഓഫിസ൪ എം.വി. കുര്യാക്കോസ്, പെരിയാ൪ ടൈഗ൪ റിസ൪വ് ഡെപ്യൂട്ടി ഡയറക്ട൪ പി.ആ൪. സുരേഷ്, മലിനീകരണ നിയന്ത്രണ ബോ൪ഡ് എക്സിക്യൂട്ടീവ് എൻജിനീയ൪ പോളസ് ഈപ്പൻ, ഡെപ്യൂട്ടി ഡി.എം.ഒ എൽ. അനിതാകുമാരി, റാന്നി തഹസിൽദാ൪ പി.അജന്തകുമാരി, ജല അതോറിറ്റി അസി. എൻജിനീയ൪ രതീഷ് തമ്പി, ഇറിഗേഷൻ അസി. എൻജിനീയ൪ എം. അബ്ദുസ്സലാം, പമ്പ പരിരക്ഷണ സമിതി ഭാരവാഹികളായ എൻ.കെ. സുകുമാരൻ നായ൪, പ്രഫ. എം.വി.എസ് നമ്പൂതിരി എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.