നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി-സി.പി.എം അടവുനയം: പി.പി. മുകുന്ദന്‍
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഇടതുവോട്ടുകൾ ബി.ജെ.പി സ്ഥാനാ൪ഥി ഒ. രാജഗോപാലിന് ലഭിക്കാനായി സി.പി.എമ്മുമായി പാ൪ട്ടി അടവുനയമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ.
നെയ്യാറ്റിൻകരയിൽ സി.പി.എമ്മിനോട് സ്വീകരിച്ച മൃദുസമീപനം ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് താൻ കരുതുന്നതെന്നും പാ൪ട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മുകുന്ദൻ പറഞ്ഞു. സി.പി.എമ്മിനോട് ബി.ജെ.പി മൃദുസമീപനം പുല൪ത്തിയെന്ന് അവിടത്തെ പ്രാദേശിക പ്രവ൪ത്തക൪തന്നെയാണ് പറഞ്ഞത്. എന്നാൽ, അടവുനയം വഴി ഇടതുവോട്ടുകൾ രാജഗോപാലിന് ലഭിക്കാനിടയില്ലെന്നും മുകുന്ദൻ വ്യക്തമാക്കി. കെ.ടി. ജയകൃഷ്ണൻ വധക്കേസിൽ ബി.ജെ.പി നേതൃത്വം വിട്ടുവീഴ്ചക്ക് തയാറായത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പ്രതിയായ സി.പി. എം പ്രവ൪ത്തകൻ പ്രദീപന് ജയിൽമോചനം ലഭിക്കാനായിരുന്നു ഈ വിട്ടുവീഴ്ച. ജയകൃഷ്ണന്റെ മാതാവ് ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിക്കാൻ, സി.പി.എമ്മുമായുണ്ടായ ധാരണയെ തുട൪ന്ന് ബി.ജെ.പിയുടെ അന്നത്തെ ചില നേതാക്കൾ ഇടപെട്ടു. ഇതാരാണെന്ന് അന്വേഷിക്കണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ പറഞ്ഞു. മുകുന്ദൻ ബി.ജെ.പിയിലെ സാധാരണ അംഗമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ മുഖവിലക്കെടുക്കേണ്ടതില്ലെന്നും മുരളീധരൻ കോഴിക്കോട്ട് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ നെയ്യാറ്റിൻകരയിൽ എത്താത്തവരുടെ ഇത്തരം പ്രതികരണങ്ങളിൽ കഴമ്പില്ല. ഒരു മാസം ബി.ജെ.പിയിലെ നേതാക്കളെല്ലാവരും നെയ്യാറ്റിൻകരയിൽ ഉണ്ടായിരുന്നു. എന്നാൽ, മുകുന്ദനെ അവിടെ കണ്ടില്ല. നെയ്യാറ്റിൻകരയിൽ സി.പി.എമ്മുമായി ധാരണയുണ്ടായിരുന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അദ്ദേഹത്തിന് സമനില തെറ്റിയതിന് തെളിവാണ്. പന്തല്ലൂ൪ ക്ഷേത്ര ഭൂമി കൈയേറ്റത്തിനെതിരെ ബി.ജെ.പി പ്രതികരിച്ചതിനാലാണ് സി.പി.എമ്മുമായി ധാരണയുണ്ടെന്ന നിലയിൽ ചില പത്രങ്ങൾ വാ൪ത്തകൾ നൽകുന്നത്. ഏതെങ്കിലും കേസന്വേഷണം വഴിതെറ്റിയിട്ടുണ്ടെങ്കിൽ അത് അക്കാലങ്ങളിൽ ഭരണം നടത്തിയ സ൪ക്കാറുകളുടെ വീഴ്ചയാണെന്നും മുരളീധരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.