പ്രതീക്ഷയോടെ ഏലംകുളവും പുലാമന്തോളും
text_fieldsപെരിന്തൽമണ്ണ: കുന്തിപ്പുഴയോരത്തെ രണ്ട് ഗ്രാമപഞ്ചായത്തുകൾ വികസന കുതിപ്പിനു കാതോ൪ക്കുകയാണ്. ഗ്രാമങ്ങളുടെ മടിത്തട്ടിലൂടെ പുഴയൊഴുകുമ്പോഴും ഏലംകുളത്തും പുലാമന്തോളിലും രൂക്ഷമായ പ്രശ്നം കുടിവെള്ളം തന്നെ.
15 വ൪ഷം മുമ്പ് നി൪മാണം തുടങ്ങിയ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതി വഴി ഇരു പഞ്ചായത്തുകൾക്കും ഇതുവരെ ഗുണം ലഭിച്ചിട്ടില്ല. ഏലംകുളം പഞ്ചായത്തിലെ പെരുമ്പറമ്പ്, പുലാമന്തോൾ പഞ്ചായത്തിലെ ആലമ്പാറ എന്നിവിടങ്ങളിൽ ജല സംഭരണികൾ നി൪മിച്ചിട്ട് 10 വ൪ഷത്തിലധികമായി. പദ്ധതി കഴിഞ്ഞ വ൪ഷം ഭാഗികമായി കമീഷൻ ചെയ്തെങ്കിലും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് മാത്രമാണ് പ്രയോജനം.
പെരിന്തൽമണ്ണ നഗരം ഉൾപ്പെടെ സമീപ പ്രദേശങ്ങളിലേക്കെല്ലാം വെള്ളമെത്തിക്കുന്നത് കുന്തിപ്പുഴയിലെ കട്ടുപ്പാറയിൽ നിന്ന് പമ്പ് ചെയ്താണ്. എന്നാൽ, കട്ടുപ്പാറ ഉൾപ്പെടുന്ന പുലാമന്തോൾ ഗ്രാമപഞ്ചായത്തിൻെറ പല ഭാഗങ്ങളിലും വേനലിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഇരു പഞ്ചായത്തുകളിലുമായി പത്തോളം വലിയ കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. പുലാമന്തോൾ പഞ്ചായത്തിൽ കട്ടുപ്പാറ, പുലാമന്തോൾ, പാലൂ൪ ഹൈസ്കൂൾ, കിളിക്കുന്നുകാവ്, വളപുരം എന്നിവയും ഏലംകുളം പഞ്ചായത്തിൽ തോണിക്കടവ്, മാട്ടായിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലുമാണ് പമ്പ് ഹൗസുകളുള്ളത്. മിക്കതും വ൪ഷങ്ങൾ പഴക്കമുള്ള പദ്ധതികളാണ്. കാലപ്പഴക്കം ചെന്ന മോട്ടോറുകളും യന്ത്ര സാമഗ്രികളുമാണ് ഇവിടെ ഉപയോഗിക്കുന്നത്. മോട്ടോ൪ കത്തുന്നതും മറ്റു തകരാറുകളും നിത്യ സംഭവമാണ്. പഴയ മോട്ടോറുകൾ മാറ്റി സ്ഥാപിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം.
ഇരു പഞ്ചായത്തുകളിലുമായി നിരവധി ജനകീയ കുടിവെള്ള പദ്ധതികളും പ്രവ൪ത്തിക്കുന്നുണ്ട്. കോളനികളിൽ പ്രവ൪ത്തിക്കുന്ന ഇത്തരം പദ്ധതികൾക്ക് കാര്യമായ സഹായം ലഭിക്കുന്നില്ല.
ഇരു പഞ്ചായത്തിലെയും ഉൾപ്രദേശങ്ങളിലെ റോഡുകൾ വികസനം കാത്ത് കിടക്കുകയാണ്. അലീഗഢ് സ൪വകലാശാല മലപ്പുറം കേന്ദ്രം നിലവിൽ വന്നിട്ടും ഇവിടേക്കുള്ള പ്രധാന റോഡായ ചെറുകര റെയിൽവേ ഗേറ്റ് - പാറക്കൽ മുക്ക് - കുന്നക്കാവ് റോഡിന് ശാപമോക്ഷമായിട്ടില്ല.
മാട്ടായക്കുന്ന് റോഡ്, ചളങ്കോൾകുഴി റോഡ് തുടങ്ങിയവയും തക൪ന്ന നിലയിലാണ്. പുലാമന്തോൾ ചെമ്മലശ്ശേരി നാല് സെൻറ് കോളനി റോഡ് പാടെ തക൪ന്ന് കാൽനടപോലും ദുരിതപൂ൪ണമാണ്. വാഹനങ്ങൾ കോളനിയെ അവഗണിക്കാൻ തുടങ്ങിയിട്ട് വ൪ഷങ്ങളായി.
വള്ളുവനാട് വികസന അതോറിറ്റിയുടെ രൂപവത്കരണത്തോടെ വികസന സ്വപ്നങ്ങൾ പൂവണിയുന്നതും കാത്ത് കഴിയുകയാണ് ഇവിടങ്ങളിലെ ഗ്രാമവാസികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.