ഫസല്‍ വധക്കേസ്: സി.പി.എം വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന് സി.ബി.ഐ
text_fieldsകൊച്ചി: ഫസൽ വധക്കേസ് അന്വേഷണം വഴിതിരിച്ചുവിട്ട് തലശേരിയിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ സി.പി.എം നേതാക്കൾ ശ്രമിച്ചെന്ന് സി.ബി.ഐ. കാരായി രാജനും ചന്ദ്രശേഖരനുമടക്കം എട്ടുപേ൪ക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശത്ത് ആ൪.എസ്.സും എൻ.ഡി.എഫും തമ്മിൽ നിലനിന്ന കശപിശ മുതലെടുത്താണ് അന്വേഷണം അവരിലേക്ക് തിരിച്ചുവിടാൻ സി.പി.എം നേതാക്കൾ ശ്രമിച്ചത്. കൊലപാതകത്തിന് മുമ്പുതന്നെ കാരായി രാജനും ചന്ദ്രശേഖരനും ഇതിനായി ഗൂഢാലോചന നടത്തുകയും ആക്രമണശേഷം ഇത് നടപ്പാക്കുകയും ചെയ്തു.
അന്വേഷണം ഒരു തരത്തിലും സി.പി.എമ്മിനുനേ൪ക്ക് വരരുതെന്ന ലക്ഷ്യത്തോടെ ആക്രമണത്തിനായി തെരഞ്ഞെടുത്തത് ആ൪.എസ്.എസുകാ൪ ഉൾപ്പെട്ട പ്രദേശമാണ്. കൊടി സുനി അടക്കമുള്ള സി.പി.എം അനുഭാവികളായ ക്രിമിനലുകൾക്ക് ഇതുസംബന്ധിച്ച് ഇവ൪ നി൪ദേശം നൽകിയിരുന്നത്രേ. ഒടുവിൽ ഫസൽ കൊല്ലപ്പെട്ടുവെന്ന വിവരം കേസിലെ നാലാം പ്രതിയായ അരുൺദാസിൽനിന്ന് അറിഞ്ഞ ചന്ദ്രശേഖരനും രാജനും ആക്രമണത്തിന് പിന്നിൽ ആ൪.എസ്.എസാണെന്ന് പ്രചരിപ്പിച്ചു. ഈ ആരോപണത്തിന് ശക്തിപകരാൻ ഫസലിന്റെ രക്തത്തിൽ തൂവാല മുക്കിയ ശേഷം ഇത് ദ൪മഠം മോസ്കോ നഗറിലെ ആ൪.എസ്.എസ് കാര്യവാഹക് അശോകന്റെ ബന്ധുവീടിന് സമീപം ഉപേക്ഷിച്ചു.
ഫസലിന്റെ മൃതദേഹം കണ്ണൂ൪ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ആക്രമണത്തിന് പിന്നിൽ ആ൪.എസ്.എസും യുവമോ൪ച്ചയുമാണെന്ന രീതിയിൽ കാരായി രാജൻ പ്രസംഗിച്ചു. സി.പി.എം പ്രവ൪ത്തകരിലൂടെ ആ൪.എസ്.സിനെതിരെ പ്രതിഷേധ യോഗങ്ങൾ നടത്തിച്ചു.
സി.പി.എം പ്രവ൪ത്തകനായിരുന്ന അശോകൻ ആ൪.എസ്.എസിലേക്ക് മാറിയതിലുള്ള വിരോധം തീ൪ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹത്തിന്റെ ബന്ധുവീടിന് സമീപം രക്തം കല൪ന്ന തൂവാല ഇട്ടത്. എൻ.ഡി.എഫിന്റെ ജില്ലാ നേതാക്കൾക്ക് 'ആക്രമണത്തിൽ പങ്കെടുത്ത' ആ൪.എസ്.എസ് പ്രവ൪ത്തകരുടെ പട്ടിക കൈമാറി തങ്ങളല്ല കൊലക്ക് പിന്നിലെന്ന് അവരെയും വിശ്വസിപ്പിച്ചു. 2006ലെ റമദാൻ മാസത്തിൽ ആ൪.എസ്.എസും എൻ.ഡി.എഫുമായുണ്ടായ കശപിശയുടെ തുട൪ച്ചയാണ് ഫസലിന്റെ കൊലപാതകമെന്ന് വരുത്തിത്തീ൪ക്കാനായിരുന്നു സി.പി.എം ശ്രമം. സി.പി.എം അനുഭാവികളായ ക്രിമിനലുകളെ മാത്രം രാഷ്ട്രീയ കൊലക്കുവേണ്ടി ഉപയോഗിക്കുകവഴി കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പങ്കാളിത്തം ഒരിക്കലും പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇവ൪ നടത്തിയത്. ഒടുവിൽ അന്വേഷണം സി.പി.എമ്മിലേക്ക് നീങ്ങിയപ്പോൾ സംസ്ഥാന ഭരണം ഉപയോഗിച്ചും അട്ടിമറികൾക്ക് ശ്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.