പ്രതിസന്ധിക്ക് പരിഹാരം അകലെ; ‘ക്വിറ്റ്കോസ്’ അടച്ചുപൂട്ടലിലേക്ക്
text_fieldsകൊല്ലം: ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ‘ക്വിറ്റ്കോസ്’ അടച്ചുപൂട്ടലിലേക്ക്. ഉമയനല്ലൂരിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 1971 ൽ ആരംഭിച്ച സഹകരണ സ്ഥാപനമാണ് ക്വയിലോൺ എൻജിനീയറിങ് ടെക്നീഷ്യൻസ് കോ- ഓപറേറ്റീവ് സൊസൈറ്റി (ക്വിറ്റ്കോസ്) പ്രതിസന്ധിയിലായതോടെ ജീവനക്കാരും ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്നു.
വേണ്ടത്ര പ്രവ൪ത്തന മൂലധനം ഇല്ലാത്തതാണ് ലെയ്ത്ത് മെഷീനുകൾ നി൪മിക്കുന്ന സ്ഥാപനത്തെ പ്രതിസന്ധിയിലേക്കെത്തിച്ചത്. ഒമ്പത് കോടി രൂപയുടെ ആസ്തി കണക്കാക്കുന്ന സ്ഥാപനത്തിന് 12 കോടിയിലേറെ രൂപയുടെ കടബാധ്യതയുണ്ട്. വേണ്ടത്ര ആസൂത്രണമില്ലായ്മയും സാമ്പത്തിക തിരിമറികളും ക്വിറ്റ്കോസിനെ നഷ്ടത്തിലാക്കിയെന്നാണ് ജീവനക്കാരുടെ ആരോപണം. 300 ഓളം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ നിലവിൽ അമ്പതോളം പേ൪ മാത്രമാണുള്ളത്. 80 മാസത്തെവരെ ശമ്പള കുടിശ്ശിക പല തൊഴിലാളികൾക്കും നൽകാനുണ്ട്.
സഹകരണ മേഖലയിൽ തൊഴിലാളി പങ്കാളിത്തത്തോടെ പ്രവ൪ത്തിക്കുന്ന ഏക മെഷീൻ ടൂൾ ഫാക്ടറിയാണിത്. ഇവിടെ എച്ച്.എം.ടിയുടെ സാങ്കേതിക സഹകരണത്തോടെ മൂന്നുതരം ലെയ്ത്ത് മെഷീനുകളാണ് നി൪മിച്ച് വിതരണം ചെയ്യുന്നത്.
1992 വരെ എച്ച്.എം.ടിയാണ് മെഷീനുകൾ വിതരണം ചെയ്തിരുന്നത്. ഓ൪ഡ൪ അനുസരിച്ച് അവ൪ക്ക് മെഷീനുകൾ വിതരണം ചെയ്യാൻ കഴിയാതെ വന്നപ്പോൾ പിന്നീട് വിപണനം നേരിട്ടായി.
എൻജിനീയറിങ് കോളജുകൾ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലെയ്ത്തുകൾ നി൪മിച്ച് നൽകാൻ ശേഷിയുള്ള സംസ്ഥാനത്തെ ഏക കമ്പനി കൂടിയാണ് ക്വിറ്റ്കോസ്.ഇപ്പോൾ നൂറോളം മെഷീനുകൾക്ക് ഓ൪ഡറുള്ള സാഹചര്യത്തിൽ പ്രവ൪ത്തന മൂലധനം ഇല്ലാത്തതിനാൽ പ്രതിസന്ധിയിലാണെന്ന് ജീവനക്കാ൪ പറയുന്നു.വൻ സാമ്പത്തികബാധ്യതയാൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാ൪ മുഖ്യമന്ത്രിക്കും ഇതര വകുപ്പ് മേധാവികൾക്കും നിവേദനം നൽകിയിരുന്നു.
ഇതിൻെറ അടിസ്ഥാനത്തിൽ ഒമ്പതുമാസം മുമ്പ് പുതിയ മാനേജിങ് ഡയറക്ടറെ അനുവദിച്ചെങ്കിലും സ്ഥാപനത്തിൻെറ പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾക്ക് അനുവദിച്ച 90 ലക്ഷം രൂപ നേടിയെടുക്കാനുള്ള താൽപര്യം പോലും എം.ഡി കാണിക്കുന്നില്ലെന്നാണ് ആരോപണം. ജീവനക്കാരുടെ ഇ.എസ്.ഐ, പി.എഫ് വിഹിതങ്ങളൊന്നും കൃത്യമായി അധികൃത൪ അടയ്ക്കുന്നില്ല.25000, 35000, 40000, 50000 രൂപ വീതം വിവിധ തസ്തികകളിലേക്ക് ഷെയറിനത്തിൽ വാങ്ങിയാണ് എല്ലാവ൪ക്കും ഇവിടെ ജോലി നൽകിയത്. എന്നാൽ ഇതുവരെ ഷെയ൪ സ൪ട്ടിഫിക്കറ്റുപോലും നൽകിയിട്ടില്ല. ജീവനക്കാ൪ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മുൻ എം.ഡി ഇപ്പോൾ സസ്പെൻഷനിലാണ്. ഇദ്ദേഹത്തിനെതിരെ ഇപ്പോൾ വകുപ്പുതല അന്വേഷണവും നടക്കുകയാണ്. ഇത് തൃപ്തികരമല്ലെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
മെഷീനുകൾക്ക് ആവശ്യക്കാ൪ ഏറെയുണ്ടായിട്ടും ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങി സ്ഥാപനം പ്രവ൪ത്തിപ്പിക്കുന്നതിന് ഇപ്പോഴത്തെ ഭരണസമിതിയും മാനേജിങ് ഡയറക്ടറും ഒന്നും ചെയ്യുന്നില്ലത്രെ. ഈ സാഹര്യത്തിൽ ഇവിടത്തെ ജീവനക്കാ൪ എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ്. അധികൃത൪ക്ക് കമ്പനിയുടെ പ്രവ൪ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെങ്കിൽ സൊസൈറ്റി പിരിച്ചുവിട്ട് ശമ്പള കുടിശ്ശികയും മറ്റനുകൂല്യങ്ങളും നഷ്ടപരിഹാരവും നൽകണമെന്നാണ് ജീവനക്കാ൪ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.