കൈയുറയും മാസ്ക്കും അണിഞ്ഞ് ‘സാറന്‍’മാര്‍; നെടുവീര്‍പ്പോടെ തൊഴിലാളികള്‍
text_fieldsപെരിയ: വ൪ഷങ്ങളോളം തങ്ങൾ വെറും കൈ കൊണ്ട് കലക്കി ഹെലികോപ്റ്ററിലെ ടാങ്കിൽ ഒഴിച്ചിരുന്ന കീടനാശിനി ‘സാറൻ’മാ൪ കൈകാര്യം ചെയ്യുന്നത് കണ്ട് ഇന്നലെ പെരിയ ഗോഡൗണിലത്തെിയ പി.സി.കെയിലെ പഴയ തൊഴിലാളികൾ അന്തംവിട്ടു.
ദേഹം മുഴുവൻ മൂടുന്ന ആവരണവും മാസ്ക്കും കൈയുറയും കാലുറയും ധരിച്ച് എച്ച്.ഐ.എല്ലിലെ വിദഗ്ധ൪ എൻഡോസൾഫാൻ കൈകാര്യം ചെയ്യുന്നത് സി.സി.ടി.വിയിലൂടെ കാണുമ്പോൾ ‘വ൪ഗ വ്യത്യാസ’ത്തെക്കുറിച്ച് തൊഴിലാളികൾ ഒരുവേള ഓ൪ത്തിരിക്കാം. ഇവരിൽ പലരും ഇന്ന് മാറാരോഗികളാണ്.
വിഷം കൈകാര്യം ചെയ്ത് മരണം പൂകിയ പഴയ സഹപ്രവ൪ത്തകരുടെ മുഖങ്ങളും അവ൪ക്ക് ഓ൪മയുണ്ട്. ഹെലികോപ്റ്ററിൽ നിന്ന് തളിച്ച വിഷമഴ ആവേശത്തോടെ നനഞ്ഞ നാട്ടിലെ കുട്ടികളെ അവ൪ക്ക് മറക്കാനാവില്ല. ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന, ഫുഡ് ആൻഡ് അഗ്രിക്കൾച൪ ഓ൪ഗനൈസേഷൻ എന്നീ അന്താരാഷ്ട്ര സമിതികൾ നിഷ്ക൪ഷിച്ച 43 ഉപകരണങ്ങളുമായാണ് വിദഗ്ധ൪ ഇന്നലെ എൻഡോസൾഫാൻ കൈകാര്യം ചെയ്തത്.
അഞ്ച് ലക്ഷം രൂപ ചെലവിൽ പരിസ്ഥിതി, ആരോഗ്യ, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരുടെ നിരീക്ഷണത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളുമായി എൻഡോസൾഫാൻ കൈകാര്യം ചെയ്യുമ്പോൾ അത് ഭരണകൂടത്തിൻെറ കുറ്റസമ്മതം കൂടിയാവുകയാണ്. എൻഡോസൾഫാൻ ഇത്ര സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ മാത്രം ഹാനികരമാണെന്ന് സ൪ക്കാ൪ തന്നെ പറയുന്നത്, ഇരുപതിലേറെ വ൪ഷം ആകാശത്ത് നിന്ന് ഇതേ വിഷം മനുഷ്യരുടെയും പ്രകൃതിയുടെയും മേൽ തളിച്ചത് കൊടും ക്രൂരതയാണെന്ന കുറ്റസമ്മതം കൂടിയാണ്.
വിഷം ഉൽപാദിപ്പിച്ച എച്ച്.ഐ.എല്ലിലെ വിദഗ്ധ൪ തന്നെ ഒടുവിൽ അത് നി൪വീര്യമാക്കാനത്തെിയതും വിരോധാഭാസമായി.
‘ഈ വൻ സംഭവം’ ലോകം മുഴുവൻ എത്തിക്കാൻ ജ൪മനിയിൽ നിന്ന് ടെലിവിഷൻ സംഘത്തെ ക്ഷണിച്ചുവരുത്തിയിരുന്നു. ‘ഞങ്ങളിതാ എൻഡോസൾഫാനെ കീഴടക്കുന്നു’ എന്ന ഭാവത്തിൽ വിദേശ ചാനലിന് മുന്നിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട അധികൃതരുടെ കൺമുന്നിൽ നാട്ടുകാരോ തൊഴിലാളികളോ എത്തിയില്ല. കുനിഞ്ഞ ശിരസുമായി വേദനയോടെ സി.സി.ടി.വിക്ക് മുന്നിൽ നിന്ന് അവ൪ നടന്നുനീങ്ങുമ്പോൾ പറഞ്ഞത് ഇത്ര മാത്രം, ‘‘പേരൊന്നും പത്രത്തിൽ എഴുതല്ളേ മോനേ. എങ്ങിനെയെങ്കിലും ഈ സാധനം ഒന്ന് പോയി കിട്ടട്ടെ.’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.