കിറുക്കിനും ജീനിയസിനും ഇടക്ക്...
text_fieldsപ്രകോപനമുണ്ടാക്കുന്ന പ്രതികരണശേഷിയാണ് ഫ്രാങ്ക് റിബറിയുടെ കൂടപ്പിറപ്പ്. നന്മക്കൊപ്പം നടക്കണമെന്ന അടങ്ങാത്ത മോഹമാണ് റിബറിയെ മറ്റുള്ളവരിൽനിന്ന് വിഭിന്നനാക്കുന്നത്. രണ്ടാം വയസ്സിൽതന്നെ ഒരു കാറപകടത്തിൽ അത്യന്തം ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ വികലാംഗനോ മാരകരോഗിയോ ആയിത്തീ൪ന്നേക്കാമെന്ന് ഡോക്ട൪മാ൪ വിധികൽപിച്ചിരുന്ന ഒരാളാണ് പിൽക്കാലത്ത് കാൽപന്തുകളിയിലൂടെ താരപരിവേഷവുമായി മുന്നേറിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തികമായി പിന്നിലായിരുന്ന കുടുംബ്ധിൽ പിറന്നുവീണതു കാരണം ബാല്യംമുതലേ ഫ്രാങ്കിന്, കെട്ടിടനി൪മാണത്തൊഴിലാളിയായി പണിയെടുക്കേണ്ടിവന്നു. പിൽക്കാലത്ത് പ്രശസ്തനായപ്പോൾ അതേക്കുറിച്ച് അഭിമാനപൂ൪വം പ്രതികരിക്കാനും ഈ കിറുക്കൻ മറന്നില്ല.
ചെറുകിട ടീമുകളിൽ ബൂട്ടുകെട്ടി കളി തുടങ്ങിയ റിബറി 15ാം വയസ്സിൽത്തന്നെ യു.എസ് ബൊളാന്നയിൽ അമച്വ൪ താരമായി രജിസ്റ്റ൪ ചെയ്തു. 2004 ആഗസ്റ്റ് ഏഴിന് 2000 'ഫ്രാങ്ക്' മാസശമ്പളത്തിൽ എഫ്.സി മെറ്റ്സുമായി കരാറിൽ ഒപ്പിട്ടു. അവിടത്തെ പരിശീലകൻ ഷാൻ ഫെ൪ണാണ്ടോയാണ് ഫ്രാങ്കിനെ അന്ന് കൂട്ടിക്കൊണ്ടുവന്നത്. അതൊരു ദീ൪ഘകാല സൗഹൃദത്തിനും വഴിമരുന്നിട്ടു. ചുരുക്കിപ്പറഞ്ഞാൽ, റിബറി ഇന്നുവരെ പിണങ്ങിയിട്ടില്ലാത്ത ഒരേ ഒരു മനുഷ്യജീവിയേ ഉള്ളൂ. അത് ഷാൻ ഫെ൪ണാണ്ടോ മാത്രവും.
തൊട്ടതെല്ലാം പൊന്നാക്കുന്ന രാജകുമാരനായി ഗോളടിക്കലും അടിപ്പിക്കലുമായി മെറ്റ്സിൽ ഒരു സീസൺ അരങ്ങുതക൪ത്തു. ഫ്രഞ്ച് ദേശീയ കപ്പ് മത്സരത്തിൽ നാളുകൾക്കുശേഷം മെറ്റ്സ് മുത്തമിട്ടത് അന്നായിരുന്നു. അപ്പോഴാണ് തു൪ക്കിയിലെ ഗാലറ്റ്സറായി ഇസ്തംബൂളിന്റെ കണ്ണുകൾ റിബറിയിൽ പതിഞ്ഞത്. റിബറിയുടെ ഗോൾഡൻ ഗോളിൽ ഗാലറ്റ്സറായി അന്ന് തു൪ക്കിയുടെ ദേശീയ ജേതാക്കളുമായി.
തുട൪ന്നാണ് ഫ്രാങ്ക് റിബറിയെന്ന കാൽപന്തുകളിക്കാരനെ ലോകമറിയുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ഗാലറ്റ്സറായി ക്ളബ് അധികൃത൪ കളിക്കാരുടെ ശമ്പളം തടഞ്ഞുവെച്ചു. ഏഴു മാസം ശമ്പളമില്ലാതെ ബൂട്ടണിഞ്ഞ റിബറി സഹകളിക്കാരെ സംഘടിപ്പിച്ച് പ്രതിഷേധമറിയിച്ചു. ക്ളബ് അധികൃതരെ ക്രുദ്ധരാക്കാൻ അത് മതിയായിരുന്നു. റിബറിക്ക് ഭ്രഷ്ടുമായി. കളിക്കളത്തിൽപോലും പ്രവേശം നിഷേധിക്കപ്പെട്ടു.
കോച്ച് ഷാൻ ഫെ൪ണാണ്ടോ കരുത്തരായ ഒളിമ്പിക് മാഴ്സേയുടെ പരിശീലകനാകുന്നത് ഈ സമയത്തായിരുന്നു. അന്ത൪ദേശീയ സ്പോ൪ട്സ് കോടതിക്കൊരു പരാതി സമ൪പ്പിച്ച് റിബറി നേരേ മാഴ്സേയിലേക്ക് നടന്നുകയറി. മാഴ്സേയുടെ ബൂട്ടണിഞ്ഞ് നിരവധി മിന്നുന്ന ഗോളുകളടിച്ചുകൂട്ടി. അപ്പോഴാണ് ലോക സ്പോ൪ട്സ് കോടതി അന്തിമവിധി പ്രഖ്യാപിക്കുന്നത്. അത് റിബറിക്കനുകൂലമായിരുന്നു.
റിബറിയുടെ പ്രതികരണശേഷിയുടെ ശക്തി ഇവിടംകൊണ്ടൊന്നും അവസാനിച്ചുവെന്ന് കരുതേണ്ട. 2010ൽ ദക്ഷിണാഫ്രിക്കയിൽ ഫ്രഞ്ച് ടീം, ലോക കായികചരിത്രത്തിൽ ഇടംനേടിയത് കോച്ചിനെതിരെ ഫ്രഞ്ച് താരങ്ങൾ നടത്തിയ സമരത്തെ തുട൪ന്നായിരുന്നു. അന്ന് ഏകാധിപതിയെപ്പോലെ പെരുമാറിയ പരിശീലകൻ റെയ്മോ ഡൊമ്നിക്കിനെതിരെ ഫ്രഞ്ച് താരങ്ങൾ പ്രതിഷേധമുയ൪ത്തിയത് റിബറിയുടെ നേതൃത്വത്തിലായിരുന്നു. 'ദീസ്ന'യിലെ വിപ്ലവമെന്ന് പിൽക്കാലത്ത് അറിയപ്പെട്ട ടീം ബഹിഷ്കരണവും സസ്പെൻഷനുമൊക്കെ തുടങ്ങിവെച്ചതും റിബറിയായിരുന്നു. അഞ്ചു വ൪ഷത്തേക്ക് ഫ്രഞ്ച് ജഴ്സി അണിയുന്നതിൽനിന്ന് ഫ്രഞ്ച് ഫെഡറേഷൻ റിബറിയെ വിലക്കുകയും ചെയ്തു. എന്നാൽ, പുറത്തായത് പരിശീലകൻ റെയ്മോ ആയിരുന്നു. പകരമെത്തിയ ലോറാൻ ബ്ലാങ്ക് റിബറിയെ വിശ്വാസത്തിലെടുത്തു, ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ന് ഫ്രഞ്ച് ടീമിന്റെ നിയന്ത്രണം റിബറിയുടെ കൈകളിലാണ്. 'ജനറൽ' എന്ന് കൂട്ടുകാ൪ സ്നേഹപൂ൪വം വിളിക്കുംവരെ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു.
2007 ജൂലൈ മുതൽ റിബറി ബയറൺ മ്യൂണിക് ക്ളബിലെ അംഗമാണ്. 25 ദശലക്ഷം യൂറോയായിരുന്നു 'വിടുതൽ തുകയായി' മാഴ്സേക്ക് ബയറൺ നൽകിയത്. അതായത്, ജ൪മൻ ബുണ്ടസ് ലിഗാ ട്രാൻസ്ഫ൪ തുകയിലെ രണ്ടാം സ്ഥാനം.
ബയറണുവേണ്ടി രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കലാശക്കളിക്ക് അ൪ഹത നേടിയ റിബറി നാലു തവണ അവരെ ജ൪മൻ ദേശീയ ചാമ്പ്യന്മാരാക്കി. രണ്ടാം വയസ്സിലെ കാറപകടത്തിന്റെ അടയാളങ്ങൾ ഇന്നും റിബറിയുടെ മുഖത്ത് പ്രകടമാണ്. 2002 ജനുവരി മുതൽ ഫ്രാങ്ക് റിബറി ഫ്രാങ്ക് ബിലാൽ റിബറിയാണ്. അന്നുമുതൽ ബിലാൽ ഇസ്ലാംമതവിശ്വാസിയാണ്. നന്മയുടെ വഴിയേ നടക്കുമെന്ന് പ്രതിജ്ഞയെടുത്ത ബിലാൽ വിവാഹം കഴിച്ചിരിക്കുന്നത് അൽജീരിയൻ പൈതൃകമുള്ള വാഹിബ ബലാമിയെ. 2005 ജൂലൈ എട്ടിന് പിറന്ന ഹിസ്യായും 2008 ജനുവരി ഒമ്പതിന് പിറന്ന ഷാഹിനസും മക്കൾ.
ഫ്രാങ്ക് ബിലാലിനെ മറ്റുള്ളവരിൽനിന്ന് വേ൪തിരിച്ചുനി൪ത്തുന്നത് ഒരിക്കലും കൈവിട്ടുപോകാത്ത ആത്മവിശ്വാസമാണ്. കൈയിൽ വേദപുസ്തകവുമായിട്ടാകും മത്സരിക്കാനെത്തുക. മത്സരം തുടങ്ങുന്നത് മതാനുഷ്ഠാനമായ പ്രാ൪ഥനയോടെ.
കളിക്കളത്തിലെ ഇഷ്ട മിത്രമായാലും വഴിവിട്ടാൽ ഫ്രാങ്ക് ബിലാൽ പ്രതികരിക്കും. അങ്ങനെയാണ് ബയറൺ മ്യൂണിക്കിൽ തന്നേക്കാൾ വിഖ്യാതനായ ഹോളണ്ട് താരം ആ൪യാൻ റോബനെ കളിക്കളത്തിൽ കൈകാര്യം ചെയ്തത്. എന്തായാലും, റിബറി മ്യൂണിക്കിൽ ഇതിഹാസതാരമായി. അടുത്ത മാസം അവിടത്തെ ബയറൺ അറീനയിൽ പ്രമുഖ സ്പോ൪ട്സ് ഉപകരണ നി൪മാതാക്കളായ നൈക്കി റിബറിയുടെ നാല് മീറ്റ൪ ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നുണ്ട്.
drashrafmohamed@yahoo.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.