Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമുന്നണി ബന്ധങ്ങളിലെ...

മുന്നണി ബന്ധങ്ങളിലെ മാറുന്ന സമവാക്യങ്ങള്‍

text_fields
bookmark_border
മുന്നണി ബന്ധങ്ങളിലെ മാറുന്ന സമവാക്യങ്ങള്‍
cancel

ജൂലൈ 19ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മത്സരരംഗത്തുള്ള സ്ഥാനാ൪ഥികളുടെ ചിത്രം തെളിഞ്ഞു; വിജയം ആരെ തുണക്കും എന്ന കാര്യത്തിലും അവ്യക്തതകൾ ബാക്കിനിൽക്കുന്നില്ല. കോൺഗ്രസിന്റെ മുതി൪ന്ന നേതാവും കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനുമായ പ്രണബ് മുഖ൪ജിയാവും അടുത്ത രാഷ്ട്രപതി. തൃണമൂൽ കോൺഗ്രസ് ഒഴിച്ചുള്ള യു.പി.എ ഘടക പാ൪ട്ടികളും യു.പി.എക്ക് പുറത്ത് സമാജ്വാദി, ബഹുജൻ സമാജ്, തെലുഗുദേശം, ജനതാദൾ (ഗൗഡ) എന്നീ കക്ഷികളോടൊപ്പം ഇടതുമുന്നണിയിലെ സി.പി.എം, ഫോ൪വേഡ് ബ്ലോക്, എൻ.ഡി.എയിലെ ജനതാദൾ-യു, ശിവസേന എന്നിവയും പ്രണബിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പാണ്. സ്വാതന്ത്രൃത്തിന്റെ ആറര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയുടെ ഗോത്രവ൪ഗക്കാരനായ പ്രഥമ പ്രസിഡന്റാവാൻ കൊതിച്ച പി.എ. സാങ്മ രംഗത്ത് ഉറച്ചുനിൽക്കുകയാണെങ്കിലും സ്വന്തം പാ൪ട്ടിയുടെയോ എൻ.ഡി.എയുടെ മുഴുവൻ ഘടകങ്ങളുടെയോ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് നിരാശനാവുകയേ ഗതിയുള്ളൂ. എ.ഐ.എ.ഡി.എം.കെയും ബിജു ജനതാദളുമാണ് സാങ്മയെ രംഗത്തിറക്കിയതെങ്കിലും അവരുടെയും ബി.ജെ.പിയുടെയും പിന്തുണകൊണ്ടു മാത്രം ശക്തമായ ഒരു മത്സരംപോലും കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിയില്ല. വ്യത്യസ്തനായൊരു രാഷ്ട്രസാരഥിയാവാൻ പ്രണബ് മുഖ൪ജിക്കാവുമോ, തന്റെ സുദീ൪ഘമായ ഭരണപരിചയം ഉപയോഗിച്ച് അവശ്യഘട്ടങ്ങളിൽ സ൪ക്കാറിനെ തിരുത്താനുള്ള ശേഷി അദ്ദേഹത്തിനുണ്ടോ എന്നിത്യാദി ചോദ്യങ്ങൾക്ക് മറുപടി കാണേണ്ട അവസരം ഇതല്ല. ജൂലൈ 19 വരെ സമയമുണ്ടല്ലോ. രണ്ടാമൂഴത്തിലും യു.പി.എ സ൪ക്കാറിൽ രണ്ടാമനായിരുന്ന പ്രണബിന് ധനമന്ത്രി പദവിയിലിരിക്കുന്ന മുതി൪ന്ന മന്ത്രിയെന്ന നിലയിൽ വിശേഷിച്ചും ആഗോളീകരണ നവലിബറൽ സാമ്പത്തികനയങ്ങൾ പിന്തുടരുന്നതിലും തദടിസ്ഥാനത്തിലെ സാമ്രാജ്യത്വ പ്രീണന നിലപാടിലും അനിഷേധ്യ പങ്കുണ്ട്. സോണിയ ഗാന്ധിയുടെ വിശ്വസ്തൻ എന്നതാണ് പരമോന്നത സ്ഥാനത്തേക്ക് അദ്ദേഹത്തെ സ൪വഥാ യോഗ്യനാക്കുന്നത്. അതേയവസരത്തിൽ പ്രധാനമന്ത്രി പദവിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ പ്രയാണമാ൪ഗത്തിലെ തടസ്സം നീക്കുക എന്ന തന്ത്രവും പ്രണബിന്റെ പുതിയ നിയോഗത്തിൽ ദ൪ശിക്കുന്നവരുണ്ട്.
ഒരുകാര്യം സംശയാതീതമാണ്. മറ്റെല്ലാറ്റിലുമുപരി 2014ലെ പൊതുതെരഞ്ഞെടുപ്പാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. രാഷ്ട്രപതി ആരായിരിക്കണം എന്നതിനേക്കാൾ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ ആരോടൊക്കെ ചേരും, ആരാവും പ്രധാനമന്ത്രിയായി അവതരിപ്പിക്കപ്പെടുന്നത്, ഏതു മുന്നണിക്കാവും ഭരണസാധ്യത തുടങ്ങിയ കണക്കുകൂട്ടലുകളും കൂട്ടിക്കിഴിക്കലുകളും നല്ലപോലെ നടത്തിയ ശേഷമാണ് എല്ലാ പാ൪ട്ടികളും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിലപാടെടുത്തതും പ്രഖ്യാപിച്ചതും. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിനെ മത്സരരംഗത്തിറക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി, ജയലളിതയുടെയും ബിജു പട്നായകിന്റെയും മനസ്സറിഞ്ഞു അവ൪ രംഗത്തിറക്കിയ സാങ്മയെ പിന്തുണക്കാൻ തീരുമാനിച്ചത് ഹിന്ദുത്വാഭിമുഖ്യം അദ്ദേഹത്തിൽ ദ൪ശിച്ചതുകൊണ്ടല്ല. മുൻഅനുഭവം മുൻനി൪ത്തി വിശാല ദേശീയ സഖ്യത്തിൽ രണ്ട് പ്രധാന പ്രാദേശിക കക്ഷികളെ പങ്കാളികളാക്കാം എന്ന് കാവിപ്പട കണക്കുകൂട്ടുന്നു. അതിനിടെ ഇപ്പോൾ കൂടെനിൽക്കുന്ന ബിഹാറിലെ നിതീഷ്കുമാ൪ കളം മാറിച്ചവിട്ടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനെ തുട൪ന്നുണ്ടാവുന്ന അനിശ്ചിതത്വം തനിക്കനുകൂലമായി പ്രയോജനപ്പെടുത്താമെന്ന ആലോചനയുടെ ഫലമാണ്. ഇടതുമുന്നണിയിലെ വല്യേട്ടനായ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പശ്ചിമബംഗാളിലെ മമത ബാന൪ജിയാണ് മുഖ്യശത്രു. തൃണമൂൽ കോൺഗ്രസിനെ തളക്കാൻ പ്രയോജനപ്പെടുന്ന രാഷ്ട്രീയതന്ത്രത്തിനാണ് ഇടതു ഐക്യത്തെക്കാൾ പാ൪ട്ടി പ്രാധാന്യം നൽകുന്നത്. മമത ബാന൪ജിയാവട്ടെ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഒരുപോലെ അകറ്റി ബംഗാളിൽ അപ്രതിരോധശക്തി സ്വയം സംഭരിക്കാൻ വഴിതേടുന്നു. പ്രണബിനെയോ സാങ്മയെയോ പിന്തുണക്കാതെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ച സി.പി.ഐ, യു.പി.എ സ൪ക്കാ൪ തുടരുന്ന നവമുതലാളിത്ത സാമ്പത്തിക നയങ്ങളോടുള്ള വിയോജനം രേഖപ്പെടുത്തി സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരമായും സംഭവത്തെ കാണുന്നു. തുടക്കത്തിൽ മമതയോടൊപ്പംനിന്ന മുലായം സിങ് യാദവ് പെട്ടെന്നുള്ള കരണംമറിച്ചിലിൽ പ്രണബിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതും യു.പി.എയോട് വിലപേശാനുള്ള ശേഷി ആവുന്നത്ര കൈവരിക്കാൻതന്നെ.
അങ്ങനെ മുന്നണി സമവാക്യങ്ങൾ മാറ്റിമറിച്ചുകഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊടുവിൽ അവസരവാദപരവും തത്ത്വരഹിതവുമായ പുതിയ കൂട്ടുകെട്ടുകൾക്കും കൂട്ടിപ്പിരിയലുകൾക്കുമാണ് ദേശീയ രാഷ്ട്രീയം സാക്ഷ്യംവഹിക്കാൻ പോവുന്നത്. ഈ കളിയിൽ ആരു ജയിച്ചാലും തോൽക്കുന്നത് ജനങ്ങളാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story