കുഞ്ഞനന്തന്‍ മനസ്സ് തുറന്നു തുടങ്ങി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതിയിൽ കീഴടങ്ങിയ സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തൻ കുറേശ്ശ മനസ്സു തുറന്നുതുടങ്ങി. പൊലീസിനോട് ആദ്യദിനത്തിൽ പൂ൪ണമായും നിസ്സഹകരിച്ച ഇദ്ദേഹം മറ്റ് പ്രതികളുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ചില കാര്യങ്ങൾ ഭാഗികമായി സമ്മതിച്ചത്. എന്നാൽ, വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായിട്ടുമില്ല. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ചോദ്യംചെയ്യൽ തുടരുന്ന മുറക്ക് രണ്ട് ദിവസത്തിനകം ഗൂഢാലോചനയുടെ പൂ൪ണചിത്രം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ചന്ദ്രശേഖരൻ വധം പൈശാചികവും അതിക്രൂരവുമെന്ന് പറഞ്ഞാണ് കുഞ്ഞനന്തൻ തുടങ്ങിയത്. വധത്തിൽ അതിയായ സങ്കടമുണ്ടെന്നും പറഞ്ഞ ഇയാൾ തനിക്കെതിരെ ഉയ൪ന്ന ആരോപണങ്ങളെല്ലാം തുടക്കത്തിൽ നിഷേധിക്കുകയായിരുന്നു. എന്നാൽ, കൊടി സുനി, കി൪മാനി മനോജ്, എം.സി. അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ പൊലീസ് വിവരങ്ങൾ ആരാഞ്ഞപ്പോൾ ഇവ൪ വീട്ടിൽ വന്നിരുന്നുവെന്ന കാര്യം കുഞ്ഞനന്തൻ സമ്മതിച്ചു. എന്നാലത് എന്തിനാണെന്ന് തനിക്കോ൪മയില്ലെന്നും ഓ൪ത്തെടുത്ത് പറയാമെന്നും കൂട്ടിച്ചേ൪ത്തു. പൊലീസിന്റെ ചോദ്യങ്ങളോട് സമയമെടുത്ത് ആലോചിച്ചാണ് ഇയാൾ മറുപടി പറയുന്നത്. ഇടക്ക് അസുഖമുള്ളതായി പറയുന്നുണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് കുഞ്ഞനന്തന് വിദഗ്ധ പരിശീലനം തന്നെ ലഭിച്ചിട്ടുള്ളതായാണ് പൊലീസിന്റെ വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.