കേന്ദ്രമന്ത്രി വീരഭദ്ര സിങ് രാജിവെച്ചു
text_fieldsന്യൂദൽഹി: അഴിമതിക്കേസിൽ കോടതി കുറ്റപത്രം തയാറാക്കിയതിനെ തുട൪ന്ന് കേന്ദ്രമന്ത്രിയും ഹിമാചൽപ്രദേശിലെ മുതി൪ന്ന കോൺഗ്രസ് നേതാവുമായ വീരഭദ്രസിങ് രാജിവെച്ചു. 23 വ൪ഷം മുമ്പത്തെ അഴിമതി പ്രശ്നമാണ് ഹിമാചലിൽ അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന 78കാരനായ വീരഭദ്രസിങ്ങിന്റെ കസേര തെറിപ്പിച്ചത്.
ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ചുമതലയാണ് മൻമോഹൻസിങ് മന്ത്രിസഭയിൽ വീരഭദ്രസിങ് വഹിച്ചുവന്നത്. 1989ലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹിമാചൽപ്രദേശിലെ പ്രാദേശിക കോടതി വീരഭദ്രസിങ്ങിനും ഭാര്യ പ്രതിഭ സിങ്ങിനുമെതിരെ കുറ്റപത്രം തയാറാക്കിയത്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഐ.എ.എസ് ഓഫിസറായ മൊഹീന്ദ൪ലാലുമായി സംസാരിക്കുന്നതിന്റെ ഓഡിയോ സീഡിയാണ് പ്രധാന തെളിവ്. സംസ്ഥാനത്ത് സ്ഥാപനം തുടങ്ങാൻ താൽപര്യപ്പെടുന്ന വ്യവസായികളിൽനിന്ന് കോഴ വാങ്ങുന്നതിനെക്കുറിച്ചായിരുന്നു സംസാരം. കോൺഗ്രസിലെ എതിരാളിയും മുൻമന്ത്രിയുമായ വിജയ്സിങ് മങ്കോട്ടിയയാണ് ഇത്തരമൊരു സീഡി 2007 മേയിൽ പുറത്തുവിട്ടത്. 2009 ആഗസ്റ്റിൽ കേസ് രജിസ്റ്റ൪ ചെയ്തു.
അഴിമതിക്കേസിൽ ക്രിമിനൽ നിയമനടപടി മുന്നോട്ടുനീക്കാൻ മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോഴ വാങ്ങിയതിനും ഗൂഢാലോചന നടത്തിയതിനും അഴിമതി നിരോധനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം തയാറാക്കിയത്. ഇതേതുട൪ന്ന് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ ചെന്നുകണ്ട ശേഷമാണ് വീരഭദ്രസിങ് ചൊവ്വാഴ്ച പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് രാജിക്കത്ത് കൈമാറിയത്. പ്രധാനമന്ത്രിയുടെ ശിപാ൪ശപ്രകാരം രാഷ്ട്രപതി രാജി അംഗീകരിച്ചു.
പാ൪ട്ടിക്കും പ്രധാനമന്ത്രിക്കും വിഷമുണ്ടാകാതിരിക്കാൻ, ധാ൪മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കുകയാണ് ഉണ്ടായതെന്ന് വീരഭദ്രസിങ് വിശദീകരിച്ചു. ആരും രാജിവെക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്.
അഴിമതിക്കാരായ സംസ്ഥാനത്തെ ബി.ജെ.പി സ൪ക്കാ൪ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്്. അര നൂറ്റാണ്ടിനിടയിൽ പല പദവികളും വഹിച്ചിട്ടുണ്ട്. പക്ഷേ, ആരും തന്റെ പ്രതിബദ്ധത ചോദ്യംചെയ്തിട്ടില്ലെന്ന് വീരഭദ്രസിങ് കൂട്ടിച്ചേ൪ത്തു. രാജി വെച്ചതുകൊണ്ട് സിങ് കുറ്റക്കാരനാണെന്ന് വരുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാ൪ദ്ദൻ ദ്വിവേദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.