Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനല്‍ത്തിരയില്‍ അഡേല...

കനല്‍ത്തിരയില്‍ അഡേല പീവ

text_fields
bookmark_border
കനല്‍ത്തിരയില്‍  അഡേല പീവ
cancel

ഇസ്തംബൂളിലെ ഒരു റസ്റ്റാറൻറിൽ ഭക്ഷണംകഴിച്ചുകൊണ്ടിരുന്ന അഡേലയും സുഹൃത്തുക്കളും ഒരു ഗാനം കേൾക്കുന്നു. ഗ്രീസ്, മാസിഡോണിയ, തു൪ക്കി, സെ൪ബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു ആ സുഹൃത്തുക്കൾ. പാട്ട് കേട്ടമാത്രയിൽ ഏവരും സുപരിചിതമായ ഗാനമെന്നപോലെ അവരവരുടെ ഭാഷയിൽ ആ ഗാനം മൂളാൻ തുടങ്ങി. പിന്നീട്, എല്ലാവരും ആ ഗാനം തങ്ങളുടെ രാജ്യത്തേതാണെന്ന് അവകാശപ്പെട്ട് ത൪ക്കിക്കുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിൻെറ ഭീകരതകൾക്ക് കളമൊരുങ്ങിയ ബാൾക്കൻ രാജ്യക്കാ൪ക്കെല്ലാം ആ ഗാനം തങ്ങളുടേതാണെന്നു തോന്നിയതിനെക്കുറിച്ച അന്വേഷണമാണ് നിരവധി പുരസ്കാരങ്ങളും പ്രേക്ഷകശ്രദ്ധയും നേടിയ ‘ആരുടേതാണീ ഗാനം’(Whose is This Song) എന്ന ഡോക്യുമെൻററി.
അമ്പതോളം ഡോക്യുമെൻററികൾ സംവിധാനം ചെയ്ത അഡേല പീവ എന്ന ബൾഗേറിയൻ സംവിധായികയുടേതാണ് ഹൂസ് ഈസ് ദിസ് സോങ് എന്ന ചിത്രം. സിനിമകളിൽ പലതും പ്രദ൪ശനം തടയപ്പെട്ടും നിരോധിക്കപ്പെട്ടും കാലങ്ങളോളം പെട്ടിയിൽകിടന്നിട്ടും ആവിഷ്കാരത്തിൻെറ തിരനോട്ടങ്ങൾ അവസാനിപ്പിക്കാത്ത സംവിധായികയാണ് അഡേല പീവ.
റൊമാനിയ, സെ൪ബിയ, മാസിഡോണിയ, ഗ്രീസ്, തു൪ക്കി തുടങ്ങിയ അയൽരാജ്യങ്ങളോടൊപ്പം ലോകയുദ്ധങ്ങളിലും കമ്യൂണിസ്റ്റ് ഏകാധിപത്യത്തിലും ബൾഗേറിയ അനുഭവിച്ച രാഷ്ട്രീയ സംഘ൪ഷങ്ങൾ അന്ത൪ധാരയായി വരുന്നതാണ് അഡേല പീവയുടെ മിക്ക സൃഷ്ടികളും. മധ്യകാലത്ത് സ്ളാവിക് ജനതയുടെ സാംസ്കാരിക ഒൗന്നത്യത്താൽ സമ്പുഷ്ടമായിരുന്ന ഒരു ഭരണകൂടം അതിൻെറ തക൪ച്ചയിലേക്കു വീണതും അഞ്ചു നൂറ്റാണ്ടോളം നീണ്ട ഓട്ടോമൻ ഏകാധിപത്യം രൂപപ്പെടുത്തിയ ബാൾക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയവുമാണ് അഡേല പീവയുടെ ദൃശ്യാവിഷ്കാരങ്ങൾ.
ലോകയുദ്ധങ്ങളിൽ ജ൪മനിയുമായുണ്ടാക്കിയ സഖ്യവും, തുട൪ന്നുവന്ന കമ്യൂണിസ്റ്റ് ഭരണകൂടംനൽകിയ പീഡനങ്ങളും ഈ ഡോക്യുമെൻററികളിൽ മാറിമാറി വരുന്നുണ്ട്. 1990ൽ ജനാധിപത്യരാഷ്ട്രമായതിനുശേഷവും തങ്ങൾ അനുഭവിച്ച തിക്തയാഥാ൪ഥ്യങ്ങളുടെ വേദനിക്കുന്ന സ്മരണകളുടെ ആഖ്യാനമാണ് ഇവരുടെ ചിത്രങ്ങൾ. തിരുവനന്തപുരത്തു നടന്ന അഞ്ചാമത് ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയിൽ റിട്രോസ്പെക്റ്റിവ് വിഭാഗത്തിൽ അഡേലയുടെ അഞ്ചു ചിത്രങ്ങളാണ് പ്രദ൪ശിപ്പിച്ചത്.
1970ൽ ബെൽഗ്രേഡിലെ അക്കാദമി ഫോ൪ തിയറ്ററിൽനിന്ന് സിനിമ, റേഡിയോ, ടെലിവിഷൻ എന്നിവയിൽ ബിരുദം നേടിയ അഡേലയുടെ അമ്പതിലധികം ഡോക്യുമെൻററികളിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ഹൂസ് ഇസ് ദിസ് സോങ്. 2003ലെ യൂറോപ്യൻ ഫിലിം അക്കാദമി അവാ൪ഡ് ഉൾപ്പെടെ 12 പുരസ്കാരങ്ങൾ നേടി ഈ ഡോക്യുമെൻററി.
തൻെറ കുട്ടിക്കാലത്ത് ബൾഗേറിയയിൽ കേട്ടിരുന്ന ഒരു പാട്ടാണ് ഹൂസ് ഈസ് ദിസ് സോങ് എന്ന ചിത്രത്തിലുള്ളതെന്ന് സംവിധായിക പറയുന്നു. പക്ഷേ, മറ്റുള്ളവ൪ അത് അവരുടെ ഗാനമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയായിരുന്നു. അവിടെയാണ് സിനിമയും തുടങ്ങുന്നത്. ബാൾക്കൻരാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. തമാശനിറഞ്ഞ അന്തരീക്ഷത്തിലാണ് പാട്ടിൻെറ സ്വത്വം തേടിയുള്ള ആ യാത്ര ആരംഭിച്ചത്. ചെന്നത്തെിയ വിവിധ സംസ്കാരങ്ങളിൽപെട്ടവ൪ ആ ഗാനം തങ്ങളാണ് നി൪മിച്ചതെന്നും തങ്ങളുടേതാണ് ഏറ്റവും മനോഹരമെന്നും അവകാശവാദമുന്നയിച്ചുകൊണ്ടിരുന്നു. പല മുഖങ്ങളിലും പല രീതിയിലായിരുന്നു ഒരു ഗാനത്തിൻെറ ഓ൪മകൾ തിളങ്ങിയത്. ചില൪ക്ക് വിപ്ളവസ്മരണകളും മറ്റുചില൪ക്ക് ദേശീയതയും ഭക്തിയും പ്രണയവുമെല്ലാമാണ് ആ പാട്ടോ൪മ. ഒരു പാട്ടിനെതന്നെ വിവിധ രാജ്യക്കാ൪ വ്യത്യസ്തമായി കാണുന്നതും അതിനുപിന്നിലെ രാഷ്ട്രീയവും ചരിത്രവും ഹാസ്യത്തിൻെറ മേമ്പൊടിയോടെ രസകരമായി വരച്ചുകാട്ടാനാണ് ശ്രമിച്ചത്. ദേശീയവും വംശീയവും ചരിത്രപരവുമായ കാരണങ്ങളാൽ മനുഷ്യ൪ പരസ്പരം വെറുക്കാൻ വെമ്പൽകൊള്ളുന്നു എന്നതാണ് ആ യാത്ര തന്ന പാഠം. ചരിത്രത്തിൻെറ അസാമാന്യമായ ഭാരം കാഴ്ചപ്പാടുകളെ വികലമാക്കുന്നുവെന്ന് മറ്റൊരു രാജ്യത്തെ അപരിചിതനായ ഡ്രൈവ൪ പറയുന്ന രംഗം ചിത്രത്തിലുൾപ്പെടുത്തിയത് അതുകൊണ്ടാണ്.
ഒരു ഗാനത്തിന് ഒരു ജനതയുടെ വിധിയെ തിരുത്താനാവുമോ? കമിതാക്കളിൽ അന്ധമായ അസൂയ ഉയ൪ത്താനാവുമോ? ഒരു മനുഷ്യൻെറ ജീവിതത്തെ വേട്ടയാടാൻ കഴിയുമോ? ഒരു ആൾക്കൂട്ടത്തിൽ കടുത്ത വെറുപ്പോ പ്രതികാരമോ ജനിപ്പിക്കാനാവുമോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള അന്വേഷണവുമായാണ് താൻ കാമറയുമായി ഇറങ്ങിയതെന്ന് അവ൪ ഓ൪ക്കുന്നു. ഒന്നിനും തീ൪പ്പുകൽപ്പിക്കാനാകാതെ എനിക്ക് ആ അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഭൂപടത്തിലെ അതിരുകൾക്കപ്പുറത്ത് മനുഷ്യന് എല്ലായിടങ്ങളിലും പൊതുവായി ചിലതുണ്ട്. യുദ്ധോത്സുകരായ സൈനിക൪ക്കുപോലും ഊ൪ജമാകുന്ന ഇത്തരം ഗാനങ്ങളിൽ വാക്കുകളും വരികളും മാത്രമാണ് കാലദേശങ്ങൾക്കനുസരിച്ച മാറ്റങ്ങൾക്ക് വിധേയമാകുന്നതെന്ന് ഉറപ്പിക്കുകയാണ് അഡേല പീവ.
നിരവധിരാജ്യങ്ങൾ സന്ദ൪ശിച്ച് അനേകവ൪ഷങ്ങൾകൊണ്ട് പൂ൪ത്തിയാക്കിയതാണ് ഈ ചിത്രം. വിവിധ സംസ്കാരങ്ങളുമായും അവരുടെ വിശ്വാസങ്ങളുമായും ബന്ധപ്പെട്ടതായിരുന്നു ആ ഗാനം. അവരുടെ വിശ്വാസങ്ങൾക്ക് മുറിവേൽക്കുന്നതായി തോന്നിയപ്പോൾ ജ൪മനിയിലുൾപ്പെടെ ചിത്രത്തിൻെറ പ്രദ൪ശനം തടസ്സപ്പെട്ടു. പലയിടങ്ങളിലും ജനങ്ങൾ ക്ഷുഭിതരാവുകയും ചിത്രീകരണം മുടക്കുകയും ചെയ്തു. ഒരു പാട്ടിൻെറ കാര്യത്തിൽപോലും ജനങ്ങൾ ഇത്രയും വികാരാതീതരാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്. അതുതന്നെയാണ് തൻെറയും ഡോക്യുമെൻററിയുടെ രാഷ്ട്രീയമെന്ന് അവ൪ പറയുന്നു.
തൻെറ നാട്ടിൽ നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടം തക൪ന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ തനിക്ക് ഇങ്ങനെയൊരു ചിത്രം ഒരുക്കാൻ കഴിയുമായിരുന്നില്ളെന്ന് അവ൪ പറഞ്ഞു. മുംബൈയിൽ ഫിലിംസ് ഡിവിഷൻ സംഘടിപ്പിച്ച പ്രദ൪ശനത്തിൽ ചിത്രം കണ്ട ഒരു ഇന്ത്യൻ മാധ്യമവിദ്യാ൪ഥി തൻെറ നാട്ടിലെ ഗാനമാണതെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയിരുന്നു. ചിത്രത്തിലെ ഗാനം ബംഗാളി വരികളോടുകൂടി പാടിക്കേട്ടപ്പോൾ അദ്ഭുതത്തോടെ കേട്ടിരുന്നതും അഡേല ഓ൪ത്തു.
അറുപതുകളിൽ അൽബേനിയയിൽ നടന്ന പ്രണയത്തിൻെറയും വേ൪പാടിൻെറയും കഥയാണ് അഡേലയുടെ മറ്റൊരു ചിത്രമായ ‘ഡൈവോഴ്സ് അൽബേനിയൻ സ്റ്റൈൽ’. എൻവ൪ ഹോജയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്താൽ നി൪ബന്ധപൂ൪വം വേ൪പ്പെടുത്തപ്പെട്ട കുടുംബങ്ങളുടെ കഥ. 1961ൽ സോവിയറ്റ് യൂനിയനും അൽബേനിയയും തമ്മിലുള്ള ബന്ധം വേ൪പ്പെടുത്തിയതോടെ, ഭാര്യമാരോടുണ്ടായിരുന്ന ഇഷ്ടം സംശയമായി മാറി. ഭാര്യമാ൪ വിദേശികളാണെന്ന കാരണത്താൽ ബലപ്രയോഗത്തിലൂടെ ദാമ്പത്യബന്ധം വേ൪പ്പെടുത്തപ്പെട്ട ആയിരത്തോളം കുടുംബങ്ങളുടെ കഥയാണ് ഡൈവോഴ്സ് അൽബേനിയൻ സ്റ്റൈൽ.
ബാൾക്കൻ ഉപഭൂഖണ്ഡത്തിലെ തു൪ക്കികളും ബൾഗേറിയക്കാരും തമ്മിലുള്ള സ്പ൪ധയും വംശീയ പ്രശ്നങ്ങളും ച൪ച്ചചെയ്യുന്ന ചിത്രമാണ് ‘അൺവാണ്ടഡ്’. എൺപതുകളിൽ കമ്യൂണിസ്റ്റ് ഭരണാധികാരികൾ ബൾഗേറിയയിലെ ലക്ഷക്കണക്കിന് തു൪ക്കിവംശജരെ അവരുടെ തു൪ക്കിപേരുകൾ മാറ്റി ബൾഗേറിയൻ പേര് സ്വീകരിക്കാൻ നി൪ബന്ധിച്ചു. ഇതിന് വഴങ്ങാത്തവരെ നാടുകടത്തി. ഏതാനും മാസങ്ങൾക്കുശേഷം മൂന്നരലക്ഷത്തോളം പേ൪ തു൪ക്കിയിലേക്ക് പലായനം ചെയ്തു. സ്വത്വം നഷ്ടപ്പെട്ട ഈ ജനതയുടെ കഥയാണ് അൺവാണ്ടഡ്.
ബൾഗേറിയയിലെ എട്ടുലക്ഷത്തോളം വരുന്ന റോമൻ ജനവിഭാഗത്തിൻെറ ജീവിതവും സംസ്കാരവും വിവരിക്കുന്നതാണ് ‘ബോൺ ഫ്രം ദി ആഷസ്’ എന്ന മറ്റൊരു ഡോക്യുമെൻററി. ‘ഇൻ ദി നെയിം ഓഫ് സ്പോട്ട്’ എന്ന, 32 മിനിറ്റ് ദൈ൪ഘ്യമുള്ള ചിത്രം 1989വരെ കമ്യൂണിസ്റ്റ് ഭരണാധികാരികൾ പ്രദ൪ശനം നിരോധിച്ചിരുന്നതാണ്. ബെ൪ലിൻമതിൽ തക൪ന്നപ്പോഴാണ് തനിക്ക് ഈ സിനിമ പ്രദ൪ശിപ്പിക്കാൻ കഴിഞ്ഞതെന്നാണ് അഡേല അതിനെക്കുറിച്ച് പറഞ്ഞത്. ബൾഗേറിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിൻെറ മനുഷ്യത്വവിരുദ്ധമായ കായികപരിശീലന മാ൪ഗങ്ങളെ വെളിച്ചത്തു കൊണ്ടുവന്ന ഡോക്യുമെൻററിയായിരുന്നു ഇത്. ഈ ചിത്രത്തിൻെറ ഫിലിമും അനുബന്ധരേഖകളും പിടിച്ചെടുത്താണ് അന്ന് ഭരണകൂടം തൻെറ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടവിലാക്കിയത്. ആറു വ൪ഷം ക്ഷമയോടെ, എല്ലാംസഹിച്ച് കാത്തിരിക്കേണ്ടി വന്നു ആ സിനിമ പ്രേക്ഷകരിലത്തെിക്കാൻ. അതുമാത്രമേ തനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ എന്നാണ് അഡേല പീവ ആ കാലത്തെ ഓ൪ക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story