രാത്രി പട്രോളിങിനിടെ കുത്തേറ്റുമരിച്ച പൊലീസുകാരന് അന്ത്യാഞ്ജലി
text_fieldsകൊല്ലം: കഴിഞ്ഞദിവസം രാത്രികാല പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെ കുത്തിക്കൊന്നത് മോഷണസംഘമെന്ന് വ്യക്തമായി. സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന വിവരത്തെ തുട൪ന്ന് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഐ.ജി.ക്ക് അഷണ ചുമതല നൽകിയതായി ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു.
പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവ൪ കൊട്ടറ കൈത്തറപൊയ്ക വീട്ടിൽ മണിയൻപിള്ള (47) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐ ചെങ്കുളം പനവിള വീട്ടിൽ ജോയി (52) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി-മടത്തറ റോഡിൽ കുളമട ജങ്ഷനിൽ സംശയകരമായി കാണപ്പെട്ട മാരുതി ഓമ്നി വാനിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കവെ ചൊവ്വാഴ്ച പുല൪ച്ചെയായിരുന്നു സംഭവം.
തിരുവനന്തപുരം-കൊല്ലം ജില്ലാ അതി൪ത്തിയാണ് പാരിപ്പള്ളി. കൃത്യം നടത്തിയശേഷം അക്രമികൾ വാൻ വ൪ക്കല അയിരൂ൪ ഭാഗത്തേക്ക് ഓടിച്ചുപോവുകയും കണ്ണമ്പക്ക് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. അയിരൂ൪ പൊലീസ് വാൻ പിന്തുട൪ന്നെങ്കിലും അക്രമികളെ പിടികൂടാനായില്ല. മോഷ്ടാക്കൾ സഞ്ചരിച്ച വാനും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ അതി൪ത്തിയിൽ മോഷണം വ്യാപകമായതിനെതുട൪ന്ന് പൊലീസ് രാത്രികാല പട്രോളിങ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമാക്കിയിരുന്നു. രണ്ട് പൊലീസുകാരടങ്ങുന്ന സംഘങ്ങളെയാണ് പട്രോളിങിന് നിയോഗിച്ചിരുന്നത്. എ.എസ്.ഐ ജോയിയും മണിയൻപിള്ളയും കുളമട ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ പുല൪ച്ചെ ഒരുമണിയോടെയാണ് ജങ്ഷനിൽ നി൪ത്തിയിട്ടിരുന്ന വാൻ ശ്രദ്ധയിൽപെട്ടത്. വാഹനത്തിൻെറ രേഖകൾ ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല.
തുട൪ന്ന് വാനിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഒരാൾ ഓടിയത്തെി മണിയൻപിള്ളയെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ജോയിക്കും കുത്തേറ്റു. ഇരുവരും വീണതോടെ അക്രമികൾ വാനിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന ജോയി പറഞ്ഞു. കുത്തേറ്റവിവരം ജോയി തന്നെ വയ൪ലസ് സെറ്റിലൂടെ പാരിപ്പള്ളി സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലത്തെിച്ചെങ്കിലും മണിയൻപിള്ളയുടെ മരണം സ്ഥിരീകരിച്ചു.
വാനിൽ മോഷണസംഘം വ൪ക്കല ഭാഗത്തേക്ക് പോയതായി വയ൪ലസ് സന്ദേശം ലഭിച്ചതിനെ തുട൪ന്ന് വ൪ക്കല, അയിരൂ൪ സ്റ്റേഷനുകളിലെ പൊലീസുകാ൪ ഈ മേഖലകളിൽ തെരച്ചിൽ നടത്തി. ഇതിനിടെ പാരിപ്പള്ളി-വ൪ക്കല റോഡിലൂടെ വരികയായിരുന്ന വാനിന് പൊലീസുകാ൪ കൈകാണിച്ചെങ്കിലും നി൪ത്താതെ ഓടിച്ചുപോയി. പൊലീസ് പിന്തുട൪ന്നെങ്കിലും കണ്ണമ്പ ജങ്ഷനിൽ നിന്ന് വാൻ ജനതാമുക്കിലേക്കുള്ള റോഡിൽ പെട്ടെന്ന് നി൪ത്തുകയും പുറത്തിറങ്ങിയയാൾ പൊലീസിനു നേരെ വാൾവീശി പരിഭ്രാന്തി സൃഷ്ടിച്ചശേഷം ഇരുളിലേക്ക് ഓടിമറയുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വാനിൽ നിന്ന് കമ്പിപ്പാര, സ്ക്രൂഡ്രൈവറുകൾ, പ്ളെയ൪, കട്ട൪, കൈയുറകൾ, വസ്ത്രങ്ങൾ, ഒരു ജോടി ചെരിപ്പ് തുടങ്ങിയവ കണ്ടെടുത്തു.
തമിഴ്നാട്ടിൽ രജിസ്റ്റ൪ ചെയ്ത ഓമ്നിക്ക് കേരളാ രജിസ്ട്രേഷനിലെ വ്യാജ നമ്പ൪ പ്ളേറ്റാണ് ഘടിപ്പിച്ചിരുന്നത്.തമിഴ്നാട് രജിസ്ട്രേഷനായ TN-02 - A- 2734 ആണ് യഥാ൪ഥ നമ്പ൪ എന്ന് കരുതുന്നു. വാനിൽ നിന്ന് ലഭിച്ച ആ൪.സി ബുക്കിൽ 2011 മുതൽ വാൻ ഉടമ തമിഴ്നാട് സ്വദേശി ഭരണീധരൻ ആണ്. ഇയാളുടെ ചിത്രവും വാഹനത്തിൻെറ മുൻ ഉടമകളായ തമിഴ്നാട്ടുകാരായ രണ്ടു പേരുടെ വിശദാംശങ്ങളും ആ൪.സി ബുക്കിലുണ്ട്. ഭരണീധരൻ ഒരുവ൪ഷം മുമ്പ് ഓമ്നി മറ്റൊരാൾക്ക് വിറ്റതായി വിവരം കിട്ടിയിട്ടുണ്ട്.
വാഹനം വാങ്ങിയ കാ൪ബ്രോക്കറായ സാബു മറിച്ചുവിറ്റതായും സൂചന ലഭിച്ചു. സാബു കസ്റ്റഡിയിലാണെന്നാണ് സൂചന. വാഹനത്തിൻെറ വിവരങ്ങൾ ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥ൪ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടുവരികയാണ്. വ്യാജമായി പതിച്ചിരുന്ന കേരള രജിസ്ട്രേഷൻ നമ്പ൪ ബൈക്കിൻേറതാണെന്ന് സ്ഥിരീകരിച്ചു.
പ്രതികൾക്കായി അന്വേഷണം ഊ൪ജിതമാക്കിയതായി ഐ.ജി എസ്.ദ൪വേശ് സാഹെബ് അറിയിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് മോഷണവും ഗുണ്ടാപ്രവ൪ത്തനങ്ങളും നടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൃത്യം നടത്തിയത് സ്ഥിരമായി കവ൪ച്ചകൾ നടത്തുന്ന സംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മണിയൻപിള്ളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോ൪ട്ടത്തിനു ശേഷം മെഡിക്കൽ കോളജ്, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകൾ, കൊല്ലം എ.ആ൪. ക്യാമ്പ് എന്നിവിടങ്ങളിൽ പൊതുദ൪ശനത്തിന്വെച്ചു. വൈകുന്നേരത്തോടെ മുട്ടറയിലെ വീട്ടുവളപ്പിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
കൊല്ലം ട്രാവൻകൂ൪ മെഡിക്കൽ കോളജിൽ കഴിയുന്ന എ.എസ്.ഐ ജോയി അപകടനിലം തരണംചെയ്തിട്ടുണ്ട്. നെഞ്ചിനും വയറിനും ഇടയിലായി കുത്തേറ്റതിനെതുട൪ന്ന് ചെറുകുടലിൽ മൂന്ന് മുറിവുകൾ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ട൪മാ൪ അറിയിച്ചു.
രണ്ടര മണിക്കൂ൪ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുറിവുകൾ തുന്നിച്ചേ൪ത്തത്. മണിയൻപിള്ളയുടെ ഭാര്യ: സംഗീതാ നായ൪. മക്കൾ: സ്മൃതി, സ്വാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.