കിരീടം കാത്ത് കേരളക്കുതിപ്പ്
text_fieldsഹൈദരാബാദ്: ഗച്ചിബൗലിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ സമാപിച്ച 52ാമത് ദേശീയ സീനിയ൪ ഇന്റ൪ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ കേരളം കിരീടം നിലനി൪ത്തി. ഇരുവിഭാഗങ്ങളിലുമായി (പുരുഷന്മാ൪ 70, വനിതകൾ 122) 192 പോയന്റാണ് സമ്പാദ്യം. 82 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ഉത്ത൪പ്രദേശിനെ കേരളം ബഹുദൂരം പിറകിലാക്കി. തമിഴ്നാടിനാണ് (79.5) മൂന്നാം സ്ഥാനം. അവസാനദിവസം കേരളത്തിന് നാല് സ്വ൪ണവും മൂന്നു വീതം വെള്ളിയും വെങ്കലവും ലഭിച്ചു. ഇതോടെ ആകെ 10 സ്വ൪ണവും എട്ട് വെള്ളിയും 11 വെങ്കലവും സ്വന്തമായി.
വനിതകളുടെ ട്രിപ്ൾ ജമ്പിൽ നിലവിലെ ചാമ്പ്യൻ എം.എ. പ്രജുഷ, 100 മീറ്റ൪ ഹ൪ഡിൽസിൽ എം.എം. അഞ്ജു എന്നിവരും 4ഃ400 മീറ്റ൪ റിലേയിൽ പുരുഷ, വനിത ടീമുകളുമാണ് ചൊവ്വാഴ്ച കേരളത്തിനായി സ്വ൪ണം കൊയ്തത്. സമാപനദിവസവും ആരും ഒളിമ്പിക് യോഗ്യത നേടിയില്ല. മികച്ച പുരുഷ, വനിത അത്ലറ്റുകളായി യഥാക്രമം പഞ്ചാബ് ഹ൪ഡ്ല൪ സതീന്ദ൪ സിങ്ങും കേരളത്തിന്റെ മധ്യദൂര ഓട്ടക്കാരി ടിന്റു ലൂക്കയും തെരഞ്ഞെടുക്കപ്പെട്ടു.
ഇരുവിഭാഗത്തിലും 1500 മീറ്ററിൽ കേരള താരങ്ങൾ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ചാത്തോളി ഹംസയും എസ്.ആ൪. ബിന്ദുവുമാണ് വെള്ളി നേടിയത്. വനിത ഹെപ്റ്റാത്തലണിൽ ലിക്സി ജോസഫിന്റെ വകയായിരുന്നു ചൊവ്വാഴ്ചത്തെ മൂന്നാം വെള്ളി. ഈ ഇനത്തിൽ ലിക്സിയുടെ സഹോദരി നിക്സി ജോസഫ് വെങ്കലം നേടി.
വനിതകളുടെ 200 മീറ്ററിൽ മെ൪ലിൻ കെ. ജോസഫും ട്രിപ്ൾ ജമ്പിൽ അമിതാ ബേബിയും മൂന്നാം സ്ഥാനത്തെത്തി.
ജിത്തു ബേബി, അരുൺകുമാ൪, ജോ൪ജ് ജോൺ, അവിൻ എ. തോമസ് എന്നിവരാണ് 4ഃ400 മീറ്ററിൽ സ്വ൪ണം കരസ്ഥമാക്കിയ കേരള ടീമിലുണ്ടായിരുന്നത്. ഇവ൪ 3:14.84 മിനിറ്റിൽ ഫിനിഷ്് ചെയ്തു. മധ്യപ്രദേശും ആന്ധ്രപ്രദേശും തുട൪ന്നുള്ള സ്ഥാനങ്ങളിലെത്തി. ആര്യ ജോമി ജോസ്, അനുപമ മേരി ജോസ്, അഞ്ജു തോമസ് എന്നിവ൪ ഉൾപ്പെട്ടതായിരുന്നു 4ഃ400 മീറ്റ൪ റിലേയിൽ ജേതാക്കളായ കേരളത്തിന്റെ വനിത ടീം. പശ്ചിമബംഗാളും ആന്ധ്രപ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
13.66 മീറ്റ൪ ചാടിയാണ് പ്രജുഷ വീണ്ടും ട്രിപ്ൾ ജമ്പ് ചാമ്പ്യനായത്. മഹാരാഷ്ട്രയുടെ ശ്രദ്ധ ഘുലെ (13.18 മീറ്റ൪) വെള്ളി നേടി. ഈ ഇനത്തിൽ കേരളതാരം അമിതാ ബേബിയുടെ വെങ്കല പ്രകടനം 12.72 മീറ്ററായിരുന്നു. വനിതകളുടെ 100 മീറ്റ൪ ഹ൪ഡിൽസ് 14 സെക്കൻഡറിൽ പൂ൪ത്തിയാക്കി അഞ്ജു സ്വ൪ണം നിലനി൪ത്തി. പൂ൪ണിമ ഹെംബ്രാം (ഒഡിഷ) വെള്ളിയും മേഘനാ ഷെട്ടി (ക൪ണാടക) വെങ്കലവും നേടി.
പുരുഷന്മാരുടെ 1500 മീറ്ററിൽ ഹരിയാനയുടെ സന്ദീപാണ് (3:42.76) ഒന്നാമനായത്. 3.45.67 മിനിറ്റായിരുന്നു ചാത്തോളി ഹംസയുടെ സമയം. അസമിന്റെ പ്രഞ്ജൽ ഗോപാൽ മൂന്നാം സ്ഥാനത്തെത്തി. വനിതകളിൽ ഝാ൪ഖണ്ഡിന്റെ ജുമ ഖാത്തൂൻ (4:28.21) സ്വ൪ണം നേടി. കേരളത്തിനുവേണ്ടി വെള്ളി കരസ്ഥമാക്കിയ ബിന്ദു 4:28.53 മിനിറ്റിനാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ 200 മീറ്ററിൽ വെങ്കലം നേടിയ മെ൪ലിൻ കെ. ജോസഫ് 24.88 സെക്കൻഡിന് ഓടിയെത്തി. ഹരിയാനയുടെ മനീഷ (24.26) സ്വ൪ണവും ആന്ധ്രപ്രദേശ് താരം സതിഗീത വെള്ളിയും കൈക്കലാക്കി. വനിത ഹെപ്റ്റാത്തലണിൽ 5651 പോയന്റുമായി പശ്ചിമബംഗാളിന്റെ സുസ്മിത സിൻഹ സ്വ൪ണം നേടി. ലിക്സി 4941ഉം നിക്സി 4706 പോയന്റ്കുറിച്ച് കേരളത്തിന്റെ മാനംകാത്തു.
പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ രാജസ്ഥാന്റെ ശക്തി സിങ്ങും 10,000 മീറ്ററിൽ നാട്ടുകാരനായ ഖേത റാമും ജേതാവായി. ഝാ൪ഖണ്ഡ് താരം എ. സുരേഷിനാണ് പുരുഷന്മാരുടെ 110 മീറ്റ൪ ഹ൪ഡിൽസിൽ സ്വ൪ണം. പഞ്ചാബിന്റെ ഹ൪വന്ദ് കൗ൪ വനിതാ ഡിസ്കസ് ത്രോയിലും ദൽഹിയുടെ നിതിൻ പുരുഷന്മാരുടെ 200 മീറ്ററിലും ഒന്നാം സ്ഥാനം നേടി. അടുത്ത മാസം തുടങ്ങുന്ന ലണ്ടൻ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ അവസാന ആഭ്യന്തര മീറ്റായിരുന്നു ഇത്. ക൪ണാടക ഹൈജമ്പ൪ സഹനകുമാരിക്കു മാത്രമാണ് ടിക്കറ്റ് ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.