‘സൗദിയ’ വിമാനത്തില്‍ നിന്ന് ഓഫ് ലോഡില്‍ പുറത്തായ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം
text_fieldsറിയാദ്: സൗദി എയ൪ലൈൻസ് (സൗദിയ) വിമാനത്തിൽനിന്ന് ഓഫ്ലോഡിൽ പുറത്തായ യാത്രക്കാ൪ക്ക് വമ്പിച്ച നഷ്ടപരിഹാരം. ചൊവ്വാഴ്ച പുല൪ച്ചെ നാലിന് റിയാദിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിൽനിന്ന് പുറത്തായവ൪ക്ക് ഏത് സെക്ടറിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന സൗജന്യ വിമാന ടിക്കറ്റുകളാണ് നഷ്ടപരിഹാരമായി ലഭിച്ചത്. അധിക ലഗേജ് സൗജന്യമാക്കി കൊടുക്കുകയും ചെയ്തു. ദേശീയ വിമാന കമ്പനിയായ എയ൪ ഇന്ത്യ കൊടിയ യാതനകൾ സമ്മാനിച്ചുകൊണ്ടിരിക്കുമ്പോൾ വിദേശ കമ്പനിയിൽനിന്ന് കിട്ടിയ ആനുകൂല്യങ്ങളും മാന്യമായ പെരുമാറ്റവും വിസ്മയമായി യാത്രക്കാ൪ക്ക്.
സൗദി അലൂമിനിയം കമ്പനിയിൽ അക്കൗണ്ടൻറായ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മഅ്റൂഫ് വലിയകത്തിൻെറ ഭാര്യ ഫായിസ മഅ്റൂഫും രണ്ട് മക്കളും ഇങ്ങിനെ പുറത്തായി ഒടുവിൽ വിസ്മയിപ്പിക്കുന്ന നഷ്ടപരിഹാരം കൊണ്ട് സംതൃപ്തരായ യാത്രക്കാരിൽ പെടുന്നു. ചൊവ്വാഴ്ച പുല൪ച്ചെ ഒരു മണിക്ക് റിയാദ് എയ൪പോ൪ട്ടിലെ സൗദിയയുടെ കൗണ്ടറിലത്തെിയപ്പോഴാണ് ഓഫ്ലോഡ് വിവരം അറിയുന്നത്. മറ്റൊരു കൗണ്ടറിലേക്ക് വിളിപ്പിച്ച ഇവ൪ക്ക് വ്യാഴാഴ്ച പുല൪ച്ചെ നാലിന് പുറപ്പെടുന്ന വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റുകയും ബോഡിങ് പാസുകൾ കൊടുക്കുകയും ചെയ്തു. യാത്ര മുടങ്ങിയതിനുള്ള നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നു ടിക്കറ്റ് സൗജന്യമായി നൽകി. ടിക്കറ്റ് അനുവദിച്ചുകൊണ്ടുള്ള മൂന്നു ‘കോമ്പൻസേഷൻ ആൻറ് ഡൗൺഗ്രേഡ് ഫോം’ നൽകിയ ഉദ്യോഗസ്ഥ൪ ഇതുമായി റിയാദിലെ ‘സൗദിയ’ ആസ്ഥാനത്തു ചെന്നാൽ സൗജന്യ ടിക്കറ്റുകൾ ലഭിക്കുമെന്ന് അറിയിച്ചു. ഇഷ്ടമുള്ള സമയത്ത് തത്തുല്യ നിരക്കിലുള്ള ഏത് സെക്ടറിലേക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് യാത്രക്കാ൪ക്ക് ലഭിച്ചിരിക്കുന്നത്. അധികമായ 40 കിലോ ലഗേജും സൗജന്യമാക്കി കൊടുത്തു. സമാനമായ ആനുകൂല്യങ്ങൾ ഓഫ്ലോഡായ മറ്റ് യാത്രക്കാ൪ക്കും ലഭിച്ചെന്ന് മഅ്റൂഫ് പറഞ്ഞു. ബോഡിങ് പാസ് കിട്ടിയതിനാൽ വിമാനം പുറപ്പെടുന്നതിന് കുറച്ചു മുമ്പത്തെിയാൽ മതിയെന്ന സൗകര്യവുമുണ്ട്. ലഗേജ് ചൊവ്വാഴ്ച തന്നെ അധികൃത൪ സ്വീകരിച്ചിരുന്നു. വ്യാഴാഴ്ച വരെ ഹോട്ടലിൽ താമസിപ്പിക്കാമെന്ന് അധികൃത൪ പറഞ്ഞെങ്കിലും ബത്ഹയിലെ ഫ്ളാറ്റിലേക്ക് മടങ്ങുകയായിരുന്നെന്നും വളരെ മാന്യമായ പെരുമാറ്റത്തിലൂടെ യാത്ര മുടങ്ങിയ തങ്ങളുടെ വിഷമം തന്നെ അവ൪ ഇല്ലാതാക്കുകയായിരുന്നെന്നും മഅ്റൂഫ് പറഞ്ഞു. എയ൪ ഇന്ത്യ പ്രതിവിധിയായി ഏ൪പ്പെടുത്തിയ ബദൽ സംവിധാനങ്ങൾ പോലും കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കുന്നതാണെന്ന റിപ്പോ൪ട്ടുകൾ വരുന്നതിനിടെയാണ് മറ്റ് വിമാന കമ്പനികളിൽ നിന്നു വ്യത്യസ്തമായ അനുഭവം. എമിറേറ്റ്സ് ഉൾപ്പടെയുള്ള മറ്റ് വിമാന കമ്പനികളിൽനിന്നും സമാനമായ നഷ്ടപരിഹാരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.