ടി.പി വധം: സി.എച്ച് അശോകന് ജാമ്യം
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 15ാം പ്രതിയും എൻ.ജി.ഒ യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ സി.എച്ച്. അശോകന് ഹൈകോടതി ജാമ്യം അനുവദിച്ചു. എന്നാൽ, അശോകനൊപ്പം അറസ്റ്റിലായ 16ാം പ്രതിയും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവുമായ കെ.കെ. കൃഷ്ണൻ, മൂന്നാം പ്രതി കുട്ടുവെന്ന പി.എം. റെമീഷ് എന്നിവരുടെ ജാമ്യാപേക്ഷ ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ തള്ളി.
രണ്ട് ലക്ഷം രൂപയുടെ ജാമ്യവും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് അശോകൻ പുറത്തിറങ്ങുന്നത്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥ൪ മുമ്പാകെ ഹാജരാകണം. ഇതിനല്ലാതെ കോഴിക്കോട്, കണ്ണൂ൪ ജില്ലകളിൽ പ്രവേശിക്കരുത്.കോടതി അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. പാസ്പോ൪ട്ട് ഹാജരാക്കണം. പ്രതികളുമായി ബന്ധപ്പെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്. അശോകൻെറ ഫോൺ നമ്പറുകൾ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് കൈമാറണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രതികളുടെ ഗൂഢാലോചനക്ക് തെളിവായി സ൪ക്കാ൪ ഹാജരാക്കിയ സാക്ഷികളുടേയും കൂട്ടു പ്രതികളുടെയും മൊഴികൾ വിലയിരുത്തിയ കോടതി ഗൂഢാലോചന തെളിയിക്കാൻ ഇവ പര്യാപ്തമാണോയെന്ന് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പറയുന്നത് ഉചിതമല്ളെന്ന് വ്യക്തമാക്കി. രേഖകൾ സ്വീകാര്യമാണോ തള്ളേണ്ടതാണോ എന്ന് പറയുന്നില്ളെന്നും ഉത്തരവിലുണ്ട്.
2009 മുതൽ ചന്ദ്രശേഖരനെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതായി സ൪ക്കാ൪ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ടി.പി വധം ഇതിൻെറ തുട൪ച്ചയാണോ അതോ പുതിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് ചിന്തിക്കുന്നതിന് ഈ ഘട്ടത്തിൽ പ്രാധാന്യമില്ല. കുറ്റകൃത്യം നടന്നോ, അതിൻെറ സ്വഭാവം, ആഴം, കുറ്റത്തിനുള്ള ശിക്ഷയുടെ സ്വഭാവം, ജാമ്യത്തിൽ വിട്ടാൽ പ്രതികൾ മുങ്ങി നടക്കാനുള്ള സാധ്യത, തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കുറ്റം ആവ൪ത്തിക്കാനുമുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്നാം പ്രതി കുറ്റവാളികൾക്ക് ആയുധം കൈമാറിയതായി കണ്ടത്തൊൻ കഴിയുന്നു. പിന്നീട് ആയുധം കണ്ടെടുക്കുകയും ചെയ്തു. ഈ പ്രതി കൃത്യം നി൪വഹിച്ചെന്ന് കരുതുന്ന കുറ്റവാളികൾക്കൊപ്പം ആയുധം സൂക്ഷിച്ചിരുന്ന കാറിൽ കറങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ളെങ്കിലും മൂന്നാം പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ല. കുറ്റകൃത്യത്തിൻെറ തീവ്രതയും മറ്റും പരിഗണിച്ച് 16ാം പ്രതി കൃഷ്ണനും ജാമ്യം നിഷേധിച്ചു.
അതേസമയം, അശോകന് ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമ൪പ്പിക്കാൻ സ൪ക്കാ൪ തീരുമാനിച്ചതായി അഡ്വക്കറ്റ് ജനറൽ ഓഫിസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.