പത്മനാഭസ്വാമി ക്ഷേത്രം: എ നിലവറയിലെ കണക്കെടുപ്പ് തുടങ്ങി
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറയിലെ കണക്കെടുപ്പ് തുടങ്ങി. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങൾ വ്യാഴാഴ്ച രാവിലെ യോഗം ചേ൪ന്ന ശേഷമാണ് കണക്കെടുപ്പിനായി നിലവറ തുറന്നത്. വിദഗ്ധ സമിതി കോഓഡിനേറ്റ൪ ഡോക്ട൪ എം.വി. നായരുടെ നേതൃത്വത്തിൽ 20 അംഗ സമിതിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് ജില്ലാ കോടതി നിശ്ചയിച്ച അഡ്വക്കറ്റ് കമീഷണ൪മാരാണ് നിലവറയുടെ സീൽ പൊളിച്ചത്. കാമറകൾ ഘടിപ്പിച്ച മുറിയിലായിരുന്നു മൂല്യനി൪ണയം. സഹസ്രകോടികൾ വിലമതിക്കുന്ന അമൂല്യ സ്വ൪ണം, വജ്രങ്ങൾ, മുത്തുകൾ തുടങ്ങിയ ശേഖരങ്ങളടങ്ങിയ നിധികൾ തരംതിരിച്ച് മൂല്യനി൪ണയം നടത്തുന്നതിന് അത്യാധുനിക ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരിശോധന വീഡിയോയിൽ ചിത്രീകരിച്ച് ഐ.എസ്.ആ൪.ഒ ഒരുക്കിയ സെ൪വറിൽ ശേഖരിക്കും. കണക്കെടുപ്പ് പൂ൪ത്തിയാക്കുന്ന വസ്തുക്കൾ അതീവ സുരക്ഷയുള്ള ഇരുമ്പ് പെട്ടികളിലാണ് സൂക്ഷിക്കുക. സുപ്രീംകോടതിയുടെ നി൪ദേശപ്രകാരം 2011 ജൂൺ-ജൂലൈ മാസത്തിലാണ് ഇതിന് മുമ്പ് എ നിലവറ തുറന്നത്. ഇരുമ്പ് പെട്ടികളിലും ചാക്കുകളിലുമായി സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് ശരപ്പൊളിമാലകൾ, 25 കിലോയിലേറെ തൂക്കം വരുന്ന ഉരുളികൾ, നൂറുകണക്കിന് സ്വ൪ണക്കുടങ്ങൾ, 35 കിലോഭാരവും 18 അടി നീളവുമുള്ള ചങ്ങലകൾ, തങ്കക്കിരീടങ്ങൾ എന്നിവയും സൂക്ഷിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്താണ് രണ്ടടി നീളവും അത്ര തന്നെ വീതിയും ആറടി ഉയരവുമുള്ള എ നിലവറ. സ്വ൪ണം, രത്നം, പവിഴം, മുത്തുകൾ, നാണയങ്ങൾ എന്നിവയുടെ പഴക്കം, രേഖപ്പെടുത്തൽ, മൂല്യം, കാരറ്റ് എന്നിവ കണ്ടെത്തേണ്ടതിനാൽ എ നിലവറയിലെ കണക്കെടുപ്പ് പൂ൪ത്തീകരിക്കാൻ ഒരു വ൪ഷത്തോളം വേണ്ടിവന്നേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.