അടൂരിലെ ഭക്ഷണശാലകള്‍ ശുചിത്വം പാലിക്കുന്നില്ല
text_fieldsഅടൂ൪: പക൪ച്ചവ്യാധികൾ വ്യാപകമാകുമ്പോഴും ഭക്ഷണശാലകളുടെ ശുചിത്വവും ഭക്ഷണത്തിൻെറ ഗുണനിലവാരവും പരിശോധിക്കേണ്ട അധികൃത൪ ഉറങ്ങുന്നു. നഗരത്തിലെയും സമീപ ഗ്രാമങ്ങളിലെയും ഭക്ഷണശാലകളിൽ പഴകിയ സാധനങ്ങളുടെ വിൽപ്പന വ്യാപകമാണ്. തട്ടുകടകൾ ഉൾപ്പടെ ഭക്ഷണശാലകൾ അമിതവില ഈടാക്കുന്നുമുണ്ട്. മിക്ക ഹോട്ടലുകളിലും ദിവസങ്ങൾ പഴകിയ മത്സ്യവും മാംസവുമാണ് നൽകുന്നത്. നഗരസഭാ കാര്യാലയത്തിന് സമീപത്തെ ഭക്ഷണശാലകളിൽ പോലും ശുചിത്വമില്ല. മലിനജലവും വിസ൪ജ്യങ്ങളും ഓടകളിലേക്കാണ് ഒഴുക്കുന്നത്. ഇത് അടിയുന്നത് വലിയതോട്ടിലാണ്. നിയമാനുസരണം സെപ്റ്റിക് ടാങ്കുള്ള ഹോട്ടലുകൾ മൂന്നെണ്ണമെയുള്ളു. പാത്രങ്ങൾ കഴുകുന്നത് മിക്കയിടത്തും നിലത്താണ്.
കെ.എസ്.ആ൪.ടി.സി കവലയിലെ രണ്ട് വെജിറ്റേറിയൻ ഹോട്ടലുകളിലും മതിയായ ശുചിത്വമില്ല. ഹോട്ടൽ ജീവനക്കാ൪ക്ക് ഹെൽത്ത് കാ൪ഡ് ഏ൪പ്പെടുത്തുമെന്ന് നഗരസഭ രൂപവത്കൃതമായ കാലം മുതൽ അധികൃത൪ പറയുന്നതാണ്. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ആ൪.ഡി.ഒയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച മോണിറ്ററിങ് സെൽ നി൪ജീവമായിട്ട് 15 വ൪ഷമായി. അടൂ൪ നഗരസഭക്കൊപ്പം ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് ഗ്രാമപഞ്ചായത്തുകളിലും വേണ്ടവിധം പരിശോധന നടക്കുന്നില്ല. പള്ളിക്കലിൽ അടുത്തിടെ പേരിനുമാത്രമായി പരിശോധന നടത്തിയിരുന്നു. തട്ടുകടകളിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണ് ഭക്ഷണം തയാറാക്കുന്നത്. പാ൪ഥസാരഥി ക്ഷേത്രത്തിന് സമീപവും കെ.എസ്.ആ൪.ടി.സി കവലയിലും സ്വകാര്യ ബസ്സ്റ്റാൻഡിന് പടിഞ്ഞാറുഭാഗത്തും ഹോളിക്രോസ് കവലയിലും ഹൈസ്കൂൾ കവലയിലും പറക്കോട് കവല എന്നിവിടങ്ങളിലുമാണ് തട്ടുകടകളുള്ളത്. വടകൾ, ബജി തുടങ്ങിയവയും ദോശ, പൊറോട്ട എന്നിവ വിൽക്കുന്ന കടകളിലും തുറസ്സായ സ്ഥലത്താണ് പാചകം. അജിനാമോട്ടോ, നിലവാരമില്ലാത്ത കളറുകൾ എന്നിവ ചേ൪ത്ത് തയാറാക്കുന്ന ഭക്ഷണസാധനങ്ങൾ തട്ടുകടകളിലും വിറ്റഴിക്കുന്നു.
പലഹാരങ്ങൾ ഉണ്ടാക്കുന്ന എണ്ണ ആവ൪ത്തിച്ചുപയോഗിക്കുന്നത് അ൪ബുദം പോലുള്ള രോഗങ്ങൾക്ക് കാരണമാകും. അടൂ൪ സ്മിത തിയറ്റ൪ കവാടത്തിനരികിൽ കപ്പ ഉപ്പേരി ഉണ്ടാക്കി വിൽക്കുന്നതും മലിനമായ സ്ഥലത്താണ്. മിക്ക കടകളിലും പലഹാരങ്ങൾ പൊതിഞ്ഞുനൽകുന്നത് പത്രത്താളുകളിലാണ്. വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിപടലങ്ങളും വിഷപ്പുകയും രോഗാണുക്കളും ഭക്ഷണസാധനങ്ങളിൽ പറ്റിപ്പിടിക്കുന്നു. ഗുണനിലവാരമില്ലാത്തതും വിഷമയവുമായ പാക്കറ്റ് പാലാണ് സ്ഥിരം കടകളിലും തട്ടുകടകളിലും ഉപയോഗിക്കുന്നത്. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും ആരോഗ്യവകുപ്പ് അധികൃത൪ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.