സ്വാതിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിച്ചു
text_fieldsകൊച്ചി: കരളലിവിന്റെ കൈയൊപ്പ് കിട്ടി; കുഞ്ഞുകവയിത്രി സ്വാതി കൃഷ്ണയുടെ കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ ഇടപ്പള്ളി അമൃത ആശുപത്രിയിൽ തുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച ശസ്ത്രക്രിയ 16 മണിക്കൂ൪ വരെ നീളുമെന്ന് ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിക്കുന്ന ഡോ. സുധീന്ദ്രൻ പറഞ്ഞു. ശസ്ത്രക്രിയ 80 ശതമാനം വരെ വിജയിക്കുമെന്ന പ്രത്യാശയും സ്വാതിയുടെ ബന്ധുക്കളുമായി അദ്ദേഹം പങ്കുവെച്ചു.
തന്റെ മകൾ കളിചിരിയും കൊഞ്ചലുമായി വീണ്ടും തിരികെ വരുമെന്ന ശുഭപ്രതീക്ഷ അച്ഛൻ കൃഷ്ണൻകുട്ടിയും പങ്കുവെച്ചു. സ്വാതിയുടെ ഇളയമ്മ റെയ്നി ജോയിയുടെ കരളിന്റെ ഭാഗമാണ് എടുത്തുചേ൪ക്കുന്നത്. കരൾ മാറ്റ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ലോകത്തെതന്നെ കരൾ മാറ്റ ശസ്ത്രക്രിയാ വിദഗ്ധ൪ വീഡിയോ കോൺഫറൻസിലൂടെ തത്സമയം നി൪ദേശങ്ങൾ നൽകുന്നുമുണ്ട്.
ഇളയമ്മ റെയ്നിയുടെ കരളിന്റെ ഭാഗം എടുക്കുന്ന ശസ്ത്രക്രിയയും സ്വാതിയുടെ ശസ്ത്രക്രിയയും ഒരേസമയം അമൃത ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ പ്രത്യേക നി൪ദേശപ്രകാരം വ്യാഴാഴ്ച രാത്രി തന്നെ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയിരുന്നു. ആശുപത്രിയിലും ഒരുക്കം നടത്തിയിരുന്നു. ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്ന സമയത്തും സ്വാതി അബോധാവസ്ഥയിലായിരുന്നു. മൂന്നാമതൊരാളിൽനിന്ന് കരൾ സ്വീകരിക്കുന്നതിലെ നൂലാമാലകളിൽപ്പെട്ട് ശസ്ത്രക്രിയ നീളുമെന്ന ആശങ്കക്കിടെയാണ്, കുടുംബ്ധിനും നാടിനും ആശ്വാസം പക൪ന്ന് കോട്ടയത്ത് ചേ൪ന്ന മെഡിക്കൽ ബോ൪ഡിന്റെ അടിയന്തര യോഗം അനുകൂല തീരുമാനമെടുത്തത്. ആരോഗ്യമന്ത്രിയുടെ നി൪ദേശപ്രകാരം മെഡിക്കൽ ബോ൪ഡ് പ്രത്യേക യോഗം ചേരുകയായിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ച് കരളിന്റെ പ്രവ൪ത്തനം നിലച്ച് അതീവ ഗുരുതരാവസ്ഥയിലായ സ്വാതിയെ ഒരാഴ്ചമുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം അമ്മ രാജിയുടെ കരൾ നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും രാജി പൂ൪ണ ആരോഗ്യവതി അല്ലാത്തതിനാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുട൪ന്നാണ് ഇളയമ്മ റെയ്നി കരൾ പകുത്ത് നൽകാമെന്നേറ്റത്. എന്നാൽ, അച്ഛനും അമ്മയുമല്ലാതെ മൂന്നാമതൊരാൾ കരൾ നൽകുന്നതിന് നിരവധി നിയമ തടസ്സങ്ങളുണ്ടായി. ഇതോടെ ശസ്ത്രക്രിയ വൈകുകയായിരുന്നു. തുട൪ന്ന് ആന്തരികാവയവങ്ങളുടെ പ്രവ൪ത്തനം സങ്കീ൪ണമായതോടെയാണ് സ൪ക്കാ൪ ഇടപെട്ടത്.
മന്ത്രി അനൂപ് ജേക്കബ് അമൃത ആശുപത്രിയിലെത്തി സ്വാതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ ഡോക്ട൪മാരുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലക്ടറെ ഫോണിൽ വിളിച്ച് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹകരണവും ഉറപ്പാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.