സഹകരണ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചെന്ന്
text_fieldsഎടക്കര: സഹകരണ സ്ഥാപനങ്ങളിൽ ബന്ധുക്കളെ നിയമിച്ച പഞ്ചായത്ത് പ്രസിഡൻറിനൈതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ രൂക്ഷവിമ൪ശം. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമായ ഒ.ടി. ജയിംസിനെതിരെയാണ് കമ്മിറ്റിയംഗങ്ങൾ രൂക്ഷവിമ൪ശമുന്നയിച്ചത്. ഒ.ടി. ജയിംസ് പ്രസിഡൻറായി ഭരണമേറ്റശേഷം നിരവധി ബന്ധുക്കളെ പലസ്ഥാപനങ്ങളിലായി നിയമിച്ചതായി അംഗങ്ങൾ കുറ്റപ്പെറ്റുത്തി.
പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ പ്രസിഡൻറിൻെറ അമ്മാവൻെറ മകൾക്ക് ജോലി നൽകി. സഹകരണ ബാങ്കിൻെറ ഒരു ബ്രാഞ്ചിൽ ഭാര്യാ സഹോദരൻെറ ഭാര്യക്ക് ജോലി നൽകി. സഹകരണ ബാങ്കിന് കീഴിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിൽ ബന്ധുവിന് നിയമനം ഉറപ്പാക്കി. ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സഹോദരൻെറ ഭാര്യക്ക് ജോലി ഉറപ്പാക്കിയിട്ടുണ്ട്. പാതിരിപ്പാടം സ്വദേശിയായ യുവാവായിരുന്നു ഇവിടെ അറ്റൻഡറായി ജോലി ചെയ്തിരുന്നത്. ഈ തസ്തിക സ്ഥിരപ്പെടാൻ സാധ്യതയുള്ളതിനാൽ യുവാവിനെ ത്രിവേണിയുടെ സഞ്ചരിക്കുന്ന വിപണന വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. എടക്കര സഹകരണ ബാങ്കിൽ ഭാര്യക്ക് ജോലിക്ക് ശ്രമിച്ചുവെങ്കിലും പ്രദേശത്തെ ഉന്നത കോൺഗ്രസ് നേതാവ് തട്ടിയെടുക്കുകയായിരുന്നു. കാ൪ഷിക വികസന ബാങ്ക് ഡയറക്ട൪ സ്ഥാനത്തേക്ക് ഭാര്യയെ കൊണ്ടുവരാനും ശ്രമമുണ്ടായി. എന്നാൽ, ചിലരുടെ ഇടപെടൽ മൂലം ശ്രമം വിഫലമായി. പ്രസിഡൻറ് തന്നിഷ്ട പ്രകാരം ഭരണം കയ്യാളുന്നുവെന്ന പരാതിയാണ് കമ്മിറ്റിയിൽ ഉയ൪ന്നത്. തെയ്യത്തുംപാടം വാ൪ഡംഗം പി.ടി. ജോൺ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സ്ഥാനം രാജിവെച്ചതിന് പിന്നിൽ പ്രസിഡൻറിൻെറ ഏകാധിപത്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രാമപഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള വാഹനം ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.