കടല്‍ കൊല: ഹൈകോടതി വിധിക്കെതിരെ ഇറ്റലി സുപ്രീംകോടതിയില്‍
text_fieldsന്യൂദൽഹി: കേരള പൊലീസ് രജിസ്റ്റ൪ ചെയ്ത കടൽക്കൊല കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഇറ്റലി വീണ്ടും സുപ്രീംകോടതിയിൽ. കടൽക്കൊലയുമായി ബന്ധപ്പെട്ട എഫ്.ഐ.ആ൪ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഇറ്റാലിയൻ നാവിക ഭടന്മാ൪ നൽകിയ ഹരജി രണ്ട് ലക്ഷം രൂപ ചെലവു സഹിതം തള്ളിയ ഹൈകോടതി വിധി ചോദ്യം ചെയ്താണ് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചത്.
മേയ് 29ന് കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയൻ സ൪ക്കാറും കേസിലെ പ്രതികളും കപ്പലിലെ നാവിക ഭടന്മാരുമായ ലെസ്റ്റോറെ മാ൪സി മിലാനോ, സാൽവതോറെ ഗിറോണെ എന്നിവരും സംയുക്തമായാണ് മേൽകോടതിയെ സമീപിച്ചത്. ഇറ്റാലിയൻ സ൪ക്കാറിനെ പ്രതിനിധാനം ചെയ്ത ഇറ്റാലിയൻ കോൺസുലേറ്റ് ജനറൽ ജാമ്പൗലോ കുടിലിയോ കേന്ദ്ര, സംസ്ഥാന സ൪ക്കാറുകൾക്ക് ഒരു ലക്ഷം വീതം കോടതിച്ചെലവ് നൽകണമെന്ന നി൪ദേശത്തോടെയാണ് ഹൈകോടതി ജസ്റ്റിസ് പി.കെ. ഗോപിനാഥൻ ഹരജി തള്ളിയത്. കേസിൽ കക്ഷി ചേരുകയും പിന്നീട് കോടതിക്ക് പുറത്ത് കേസ് ഒത്തുതീ൪പ്പാക്കിയതിനെത്തുട൪ന്ന് ഹരജി പിൻവലിക്കുകയും ചെയ്ത കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ 10,000 രൂപ വീതം കോടതിച്ചെലവ് നൽകണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഇറ്റാലിയൻ നിയമമനുസരിച്ച് പ്രതികളായ നാവിക ഭടന്മാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം റോമിലെ സൈനിക കോടതിക്കാണെന്ന് ഹരജിയിൽ ബോധിപ്പിച്ചു. ഇന്ത്യൻ കോടതിയുടെ പരിഗണനയിലുള്ള കേസിലെ മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കണമെന്നും അറസ്റ്റിലായ തങ്ങളുടെ പൗരന്മാരെ വിട്ടുകിട്ടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമുദ്രാതി൪ത്തിക്ക് പുറത്ത് നടന്ന സംഭവത്തിൽ കേരള പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന ആദ്യ ഹരജിയിലെ വാദം തന്നെയാണ് പുതിയ ഹരജിയിലും ഇറ്റലി ഉയ൪ത്തിയിരിക്കുന്നത്. കേരള പൊലീസ് രജിസ്റ്റ൪ ചെയ്ത എഫ്.ഐ.ആ൪ തള്ളണമെന്നാവശ്യപ്പെട്ടാണ് ഇറ്റലി നേരത്തേ ഹരജി സമ൪പ്പിച്ചിരുന്നത്. ഇറ്റലിക്ക് വേണ്ടി ടൈറ്റസ് ആൻഡ് കമ്പനിയും മുതി൪ന്ന അഭിഭാഷകനായ ഹരീഷ് സാൽവെയുമാണ് സുപ്രീംകോടതിയിൽ കേസ് വാദിക്കുന്നത്. കേരള പൊലീസ് അറസ്റ്റ് ചെയ്ത ഇറ്റലിയുടെ രണ്ട് നാവിക ഭടന്മാരും ഇപ്പോൾ ജാമ്യത്തിലാണ്.
കടൽക്കൊല കേരളം കേസെടുക്കേണ്ട സംസ്ഥാന വിഷയമല്ലെന്നും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അന്താരാഷ്ട്ര വിഷയമാണെന്നുമുള്ള ഇറ്റാലിയൻ സ൪ക്കാറിൻെറ വാദം മുഖവിലക്കെടുത്ത ജസ്റ്റിസുമാരായ അൽത്തമസ് കബീ൪, എസ്. എസ്. നിജ്ജാ൪, രഞ്ജൻ ഗൊഗോയി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഭരണഘടനയുടെ 32ാം അനുച്ഛേദം രാജ്യത്തെ പൗരന്മാ൪ക്ക് മാത്രമല്ല എല്ലാ വ്യക്തികൾക്കും ബാധകമാണെന്ന് ഏപ്രിൽ 24ന് നിരീക്ഷിച്ചിരുന്നു. എന്നാൽ, രാജ്യസേവനത്തിൻെറ ഭാഗമായ ക൪ത്തവ്യം നി൪വഹിക്കുക മാത്രമാണ് പ്രതികൾ ചെയ്തതെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈകോടതി മേയ് 29ൻെറ വിധിയിൽ വ്യക്തമാക്കി. ഇന്ത്യൻ സമുദ്രാതി൪ത്തിക്ക് പുറത്തുവെച്ച് നടന്ന സംഭവത്തിൽ കേസെടുക്കാൻ ഇന്ത്യയിലെ ഏജൻസികൾക്ക് നിയമപരമായി അധികാരമില്ലെന്നും സൈനികപരമായ ജോലിയിലിരിക്കെ സംഭവിച്ച കൃത്യമായതിനാൽ നടപടി പാടില്ലെന്നുമുള്ള പ്രതികളുടെ വാദവും കോടതി തള്ളി.
കുറ്റകൃത്യം ഇന്ത്യൻ തീരത്തിൻെറ 200 നോട്ടിക്കൽ മൈലിനകത്ത് വെച്ചായതിനാൽ ഇന്ത്യൻ വാണിജ്യ സമുദ്രാതി൪ത്തിക്കകത്തുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. 12 നോട്ടിക്കൽ മൈലാണ് സമുദ്രാതി൪ത്തിയെങ്കിലും 200 വരെ ഇന്ത്യയുടെ സാമ്പത്തികാധികാരമുള്ള സമുദ്രാതി൪ത്തിയാണ്. ഈ പ്രദേശത്ത് ഖനനം, ഊ൪ജോൽപാദനം, മത്സ്യബന്ധനം എന്നിവക്കുള്ള അധികാരം ഇന്ത്യക്ക് മാത്രമാണ്. മേഖലയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ മത്സ്യബന്ധനത്തിലേ൪പ്പെട്ടാൽ അവരെ പിടികൂടി ശിക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും ഹൈകോടതി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.