ഡെസ്ക് ടോപ്പിലേക്ക് ആ താഴ്വാരമെത്തിയതെങ്ങനെ?
text_fieldsപച്ചപ്പ് മുഴുവൻ സൗന്ദര്യവും പുതച്ച് മേയാനിറങ്ങിയ കുന്നിൻ ചരുവ്. അവിടെ വീണുകിടക്കുന്ന വെളിച്ചത്തിൻെറ നേ൪ത്ത പാൽപ്പാടകൾ..മേലെ ജ്വലിച്ചു നിൽക്കുന്ന നീലാകാശ തുണ്ട്. അതിലുടെ അടുക്കും ചിട്ടയുമില്ലാതെ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങൾ...വിൻഡോസ് ഡെസ്കോപ്പുകളാകെ നിറഞ്ഞു നിന്ന ഈ ചിത്രം ഒരു ഗ്രാഫിക്കൽ ജാലവിദ്യയോ ഫോട്ടോഷോപ്പ് മികവോ ഒന്നുമല്ലായിരുന്നു. പച്ചക്ക് ക്യാമറ ക്ളിക്ക്ചെയ്ത് പക൪ത്തിയ പടമായിരുന്നു. അത് ഭൂമിയിലെ ഒരു കുന്നിൻ ചരുവിൻെറ കാഴ്ച തന്നെയോ എന്ന് സംശയം ജനിപ്പിക്കുമാറ് ജീവനുറ്റതായിരുന്നു. അതിലപ്പുറം ഒരു കാൽപ്പനിക ദൃശ്യം പോലെ ഭാവനാപൂരിതമായിരുന്നു. ലോകത്തേറ്റവും അധികം പേ൪ കണ്ട ചിത്രമെന്ന് നിശംസയം പറയാവുന്ന ഈ ഫോട്ടോക്കു പിന്നിൽ ഒരു മനുഷ്യൻെറ കണ്ണുണ്ട്. ജീവനോടെ ഈ കുന്നിൻചരിവിൻെറ ആ നിമിഷം നേരിൽ കണ്ടു ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫറുടെ മനസുണ്ട്. ചാൾസ് ഒ റിയ൪ എന്ന ലോകപ്രശസ്ത ഫോട്ടോജീനിയസ് പക൪ത്തിയ അസംഖ്യം കാഴ്ചകളിലൊന്നു മാത്രമായിരുന്നു അത്.
വീഞ്ഞു നുരഞ്ഞ ചിത്രങ്ങൾ
നാഷനൽ ജോഗ്രഫിക് മാഗസിൻെറ ഫോട്ടോഗ്രാഫറായി കാൽനൂറ്റാണ്ടോളമായി പ്രവ൪ത്തിക്കുകയാണ് ഈ എഴുപതുകാരൻ. മാഗസിനുവേണ്ടി ലോകത്തിൻെറ കോണുകളിൽ നിന്നെല്ലാം ചാൾസ് ക്ളിക്ക് ചെയ്തു. 1978ൽ നാപ്പവാലി വീഞ്ഞുനി൪മാണ മേഖലയിലേക്ക് മാഗസിൻെറ ദൗത്യവുമായി ചാൾസ് ചെന്നു. മുന്തിരിത്തോപ്പുകളിൽ നിന്ന് മധുരവും ലഹരിയും പതയുന്ന നാപ്പവാലിയുടെ ദൃശ്യ സാധ്യത അദ്ദേഹത്തെ അവിടെ പിടിച്ചു നി൪ത്തി. വീടുവെച്ചു താമസം അവിടെയാക്കി. പിന്നീട് വൈൻ ഫോട്ടോഗ്രാഫി എന്ന മേഖല ഫോട്ടോഗ്രാഫിക്കു സമ്മാനിക്കും വിധം വൈൻ ഫോട്ടോകളുടെ കമനീയ ആൽബങ്ങളുടെ നിരയുമായി ചാൾസ് ശ്രദ്ധനേടി. ലോകം മുഴുവനും വീഞ്ഞിൻെറ ഫോട്ടോസാധ്യത തേടി ചാൾസ് യാത്രചെയ്തു. നാപ്പവാലി ദലാൻഡ് ദ വൈൻ ദപ്യൂപ്പ്ൾ, വൈൻ എക്രോസ് അമേരിക്ക തുടങ്ങി പത്തോളം ഫോട്ടോപുസ്തകങ്ങൾ മികച്ച കാഴ്ചകളുടെ ലഹരിയുമായിറങ്ങി. www.wineviews.com എന്ന വെബ്സൈറ്റിൽ വീഞ്ഞിൻ താഴ്വരകളുടെ കണ്ണുകവരുന്ന കാഴ്ചകൾ കാണാം.
കുന്ന് ഡെസ്ക്ടോപ്പിലേക്ക്
ബ്ളിസ് എന്ന ലോകമേറെ കണ്ട ഡിഫോൾട്ട് ഡെസ്ക് ടോപ്പ് ഇമേജിലേക്ക് ചാൾസിൻെറ ചിത്രമെത്തിയത് കാലിഫോ൪ണിയയിലെ സൊനോമ എന്ന പ്രദേശത്തുനിന്നാണ്. 1996ൽ പക൪ത്തിയ ചിത്രം.
ലോകം ചുറ്റി ഫ്ളാഷമ൪ത്തിയ ചാൾസിൻെറ കരിയറിലെ തന്നെ ഏറ്റവും കാഴ്ചക്കാരുണ്ടായ ചിത്രമായി അത് മാറുകയായിരുന്നു. നാപ്പക്കും സാൻഫ്രാൻസിസ്കോക്കും ഇടയിലുള്ള ഈ കുന്നിനരികിലൂടെ പലവട്ടം ചാൾസ് കടന്നു പോയിരുന്നു. ഒരു ജനുവരിയിൽ അത്തരമൊരു യാത്രയിലാണ് പതിവിലേറെ തിളക്കത്തോടെ പച്ചപുതച്ച് നിൽക്കുന്ന താഴ്വരം ചാൾസിനു മുന്നിൽ തെളിഞ്ഞത്. കാറിൽ നിന്ന് ചാടിയിറങ്ങി തുരുതുരാ നാലഞ്ച് സ്നാപ്പുകൾ...അതിലേതോ ഒന്നായിരുന്നു ലോകം ഡെസ്ക് ടോപ്പിലേറ്റു വാങ്ങിയത്. പത്തുവ൪ഷങ്ങൾക്കിപ്പുറമാണ് വിൻഡോസ് എക്സ് പി പുറത്തിറങ്ങുന്നത്. അതിൻെറ ഡിഫോൾട്ട് ഇമേജായി മൈക്രോസോഫ്റ്റ് ചാൾസിൻെറ അസാധാരണ വശ്യതയുള്ള ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. ലോകം കണ്ട ഏറ്റവുംവലിയ രണ്ടാമത്തെ ഫോട്ടോക്കച്ചവടമായിരുന്നു ചാൾസും മൈക്രോസോഫ്റ്റും തമ്മിലെന്ന് അഭ്യൂഹങ്ങളുണ്ട്. മോണിക ലെവൻസ് ക്ളിൻറൻ ആലിംഗന ചിത്രത്തിനു ശേഷം പണംവാരിയ ചിത്രമിതാണെന്ന് പിന്നണിക്കഥകൾ.. എന്തായാലും ഡീൽ മികച്ചതുതന്നെയെന്ന് ചാൾസ് അഭിമുഖങ്ങളിൽ വ്യക്തമാക്കുന്നു. ഇന്നാ കുന്നിൻ ചരുവിൽ ഒരു ഫോട്ടോഗ്രാഫ൪ക്കും ഈ കാഴ്ച പക൪ത്താനാവില്ല. ആ കുന്നിൻ ചരിവിലെ പച്ചപ്പുൽനിരയാകെ മുന്തിരിത്തോട്ടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു. തവിട്ടു നിറത്തിൽ മുന്തിരിക്കുട്ടവുമായി ഭംഗിയറ്റപോലെ ഈ താഴ്വാരത്തിൻെറ ചിത്രം ഗൂഗ്ൾ സമ്മാനിക്കും. മീഡിയം ഫോ൪മാറ്റ് ക്യാമറയിൽ പക൪ത്തിയ ആ കാഴ്ചയിൽ ഡിജിറ്റൽ കല൪പ്പൊന്നുമില്ലെന്ന് ചാൾസ് ഉറപ്പുനൽകുന്നു. അന്ന് അതിനു നേരെ ക്യാമറവെക്കുമ്പോൾ ലോകം ഏറെ കാണാൻ പോവുന്ന കാഴ്ചയാണ് പക൪ത്തുന്നതെന്ന ധാരണയൊട്ടുമില്ലായിരുന്നെന്നും....

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.