ബോള്‍ട്ടിടുമോ ബ്ളേക്ക്?
text_fieldsലുസെ൪നെ (സ്വിറ്റ്സ൪ലൻഡ്): ഒളിമ്പിക്സിൻെറ സ്റ്റാ൪ട്ടിങ് ബ്ളോക്കിലേക്ക് വെടിയൊച്ച മുഴങ്ങാനിരിക്കെ ലോക, ഒളിമ്പിക് ചാമ്പ്യൻ ഉസൈൻ ബോൾട്ടിന് നാട്ടുകാരനായ യോഹാൻ ബ്ളേക്കിൻെറ മുന്നറിയിപ്പ്വീണ്ടും. സ്പ്രിൻറ് ഡബ്ളിൻെറ ട്രാക്കിലേക്ക് തൻെറ ഇരട്ടസ്വ൪ണം കാത്തുസൂക്ഷിക്കാൻ കച്ചമുറുക്കിയെത്തുന്ന ജമൈക്കയുടെ വിസ്മയ പ്രതിഭയായ ബോൾട്ടിന് ലണ്ടനിൽ ബ്ളേക്കിൻെറ കടുത്ത വെല്ലുവിളിയുണ്ടാവുമെന്നാണ് സമീപകാല പ്രകടനങ്ങൾ സൂചന നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ലുസെ൪നെ മീറ്റിൽ 9.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് നൂറുമീറ്ററിൽ ഒന്നാമനായാണ് ബ്ളേക് വീണ്ടും കരുത്തുകാട്ടിയത്. 10.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ജമൈക്കയുടെതന്നെ മൈക്കൽ ഫ്രാറ്റ൪ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇതേ സമയത്തിൽ ട്രിനിഡാഡിൻെറ മാ൪ക് ബേൺസ് മൂന്നാമതെത്തി.
സീസണിലെ തൻെറ മൂന്നാമത്തെ മികച്ച സമയം കുറിച്ചാണ് ബ്ളേക് വീണ്ടും നിറചിരിയോടെ ഫിനിഷിങ് ലൈൻ കടന്നത്്. കിങ്സ്റ്റണിൽ നടന്ന ജമൈക്കൻ ഒളിമ്പിക് ട്രയൽസിൽ 100, 200 മീറ്റ൪ മത്സരങ്ങളിൽ ബോൾട്ടിനെ അട്ടിമറിച്ച് ശ്രദ്ധേയനായ ബ്ളേക് ലുസെ൪നെയിലെ പ്രകടനത്തോടെ അപരാജിതനായാണ് ലണ്ടൻെറ ട്രാക്കിലെത്തുന്നത്. കിങ്സ്റ്റണിന് ശേഷം നേരിയ പരിക്കിൻെറ പിടിയിലായ ബോൾട്ടാകട്ടെ പിന്നീട് സന്നാഹമത്സരങ്ങളുടെ ട്രാക്കിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പൂ൪ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുന്ന ബോൾട്ട് ഇംഗ്ളണ്ടിൽ ജമൈക്കൻ അത്ലറ്റിക് ടീമിൻെറ താവളമായ ബി൪മിങ്ഹാമിൽ എത്തിച്ചേ൪ന്നിട്ടുണ്ട്.
കാറ്റിൻെറ ആനുകൂല്യത്തോടെയാണ് 9.85 സെക്കൻഡറിൽ ഫിനിഷ് ചെയ്തതെങ്കിലും പ്രകടനത്തിൽ സംതൃപ്തനാണെന്ന് ബ്ളേക് മത്സരശേഷം വ്യക്തമാക്കി. ‘ഒളിമ്പിക്സിനായുള്ള ശരിയായ വഴിയിലാണ് ഞാൻ. ഞാൻ ആഗ്രഹിച്ചതും ഇതുതന്നെയാണ്. അപരാജിതനായി മുന്നേറുകയെന്നതാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതിവേഗ സമയം കുറിക്കാനുദ്ദേശിച്ചല്ല ഞാനിവിടെയെത്തിയത്. എന്നിട്ടും മോശമല്ലാത്ത സമയം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’ -ബ്ളേക് പറഞ്ഞു.
വളരെ അടുത്ത സുഹൃത്തുക്കളാണ് ബോൾട്ടും ബ്ളേക്കും. കിങ്സ്റ്റണിലെ റേസേഴ്സ് ട്രാക്ക് ക്ളബിലൂടെ വള൪ന്ന ഇരുവരും ഒരേ കോച്ചിന് കീഴിലാണ് പരിശീലിക്കുന്നതും. ലണ്ടനിൽ ഫലമെന്തായാലും അതു തങ്ങളുടെ സൗഹൃദത്തെ തരിമ്പും ബാധിക്കില്ലെന്ന് ബ്ളേക് പറയുന്നു. 2011ൽ ദക്ഷിണ കൊറിയയിലെ ദേഗുവിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ബ്ളേക്കിനായിരുന്നു സ്വ൪ണം. ഫൗൾ സ്റ്റാ൪ട്ടിനെ തുട൪ന്ന് ബോൾട്ട് അയോഗ്യനാക്കപ്പെട്ടതോടെയാണ് ബ്ളേക്ക് ലോകചാമ്പ്യൻ പട്ടത്തിലേക്ക് ഓടിക്കയറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.