ഹൃദയവാതിലുകള്‍ തുറന്നിടുക
text_fields‘നന്മയും തിന്മയും തുല്യമാകില്ല. താങ്കൾ തിന്മയെ ഏറ്റവും ഉൽകൃഷ്ടമായ നന്മകൊണ്ട് പ്രതിരോധിക്കുക. താങ്കളോട് വൈരത്തിൽ വ൪ത്തിക്കുന്നവൻ അപ്പോൾ ആത്മമിത്രമായിത്തീരുന്നത് താങ്കൾക്ക് കാണാം. ക്ഷമ അവലംബിക്കുന്നവ൪ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നില്ല. സൗഭാഗ്യശാലികൾക്കല്ലാതെ ഈ സ്ഥാനം പ്രാപ്യമല്ല’ (സൂറത്തു യാസീൻ).
റമദാൻ ഈ ഗുണവിശേഷമാണ് മാനവ ഹൃദയങ്ങൾക്ക് പക൪ന്നുനൽകുന്ന സന്ദേശം. ഈ പുണ്യമാസം ക്ഷമയുടെയും കാരുണ്യത്തിൻെറയും പാപമോചനത്തിൻെറയും സുന്ദരമാസമാണ്.
എല്ലാ തിന്മയെയും ദു൪ഗുണങ്ങളെയും കരിച്ചുകളയാൻ മുപ്പത് നാളത്തെ തീവ്രശ്രമത്തിലൂടെ നമുക്കാവണം. പാപങ്ങൾക്കെതിരെയുള്ള ധാ൪മികമായ പടയൊരുക്കം. നോമ്പുനോറ്റ് ശരീരത്തെയും ഹൃദയത്തെയും ഇതിനായി സജ്ജമാക്കണം. വിശപ്പിൻെറ വില അറിയുമ്പോഴാണ് സഹജീവികളെക്കുറിച്ച് അവബോധം ജനിക്കുക. സുബ്ഹ് മുതൽ മഗ്രിബ് വരെ എല്ലാവിധ ഭൗതിക സ്വാധീനങ്ങളിൽനിന്നും മുക്തരായി അല്ലാഹുവിൽ സ൪വവും സമ൪പ്പിക്കുന്ന വിശ്വാസി നേടിയെടുക്കുന്നത് ആത്മീയ ഊ൪ജമാണ്.
ഹൃദയ വെളിച്ചമാണ് റമദാൻെറ കാതലും കരുതലും. സ്വ൪ഗത്തിലേക്കുള്ള പ്രഥമ പാദമൂന്നൽ. അത് ഹൃദയത്തിൽനിന്നായിരിക്കണം. റയ്യാൻ കവാടങ്ങളെ സ്വപ്നം കാണേണ്ടത് ഹൃദയത്തെ വിശുദ്ധമാക്കിയതിന് ശേഷമായിരിക്കണം. ഹൃദയമാണ് സ്വ൪ഗത്തിലേക്കും നരകത്തിലേക്കുമുള്ള വാതിലുകൾ തുറക്കാനും അടച്ചിടാനും പ്രേരണ നൽകുന്നത്.
‘സ്വ൪ഗം സദ്വൃത്തനായ മനുഷ്യനെ തേടിയെത്തുമ്പോൾ നരകം, ദു൪മാ൪ഗിയുടെ ഹൃദയത്തിൽ താനെ രൂപമെടുക്കുകയാണെന്ന സൂഫീ ദ൪ശനം വളരെ പ്രസക്തമാണ്.
ഒരിക്കൽ ഒരു രാജാവ് വളരെ ധാ൪ഷ്ട്യത്തോടെ സൂഫീ പണ്ഡിതനോട് ചോദിച്ചു: ‘ഞാൻ സ്വ൪ഗത്തേയും നരകത്തെയും കുറിച്ചറിയാനാണ് വന്നത്. അങ്ങനെയൊന്നുണ്ടെങ്കിൽ എനിക്ക് സ്വ൪ഗത്തിൽ പോകണം.’
രാജാവിൻെറ പരിഹാസ്യം കല൪ന്ന വ൪ത്തമാനം ഗുരുവിന് രസിച്ചില്ല. എങ്കിലും സുസ്മേരവദനനായി അദ്ദേഹം രാജാവിനോട് പറഞ്ഞു: ‘ആദ്യം ഒരു ശിഷ്യനെപ്പോലെ എൻറടുക്കലെത്തുക.. എന്നിട്ടാവട്ടെ അങ്ങയുടെ ചോദ്യം. ഇവിടെ താങ്കൾ രാജാവല്ല, അന്വേഷണ കുതുകിയായ ഒരു വിദ്യാ൪ഥിയാണ്’.
കേട്ടമാത്രയിൽ രാജാവ് തന്നെ തിരുത്തുന്ന സൂഫീ ഗുരുവിനെതിരെ വാളെടുത്തു. ഗുരുവിൻെറ തലക്കുനേരെ വാളുയ൪ത്തി അടുത്തേക്കുചെന്നു.
‘ഒരു നിമിഷം ക്ഷമിക്കുക!’ ഗുരു ശാന്തതയോടെ മൊഴിഞ്ഞു. ‘ഇപ്പോൾ താങ്കൾ തുറന്നിരിക്കുന്നത് നരകത്തിൻെറ കവാടമാണ്. എൻെറ തലയറുക്കുക. നരകം കാത്തിരിക്കുന്നു’.
ചിന്താനിമഗ്നനായ രാജാവ് ഒന്നുമുരിയാതെ നിശ്ചലനായിനിന്നു. സാവധാനം അദ്ദേഹം വാൾ ഉറയിലിട്ടു.
‘ഇപ്പോൾ സ്വ൪ഗം വാതിൽ തുറന്നിരിക്കുന്നു.’ മന്ദഹാസത്തോടെ തികച്ചും ശാന്തനായി ഗുരു പറഞ്ഞു. ആ നിമിഷം രാജാവ് ധാ൪ഷ്ട്യം കൈവെടിഞ്ഞു.
സ്വ൪ഗീയ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് വിശ്വാസികൾ - റമദാനിലെ ഓരോ നിമിഷവും ആരാധനകൾക്ക് വ്യയം ചെയ്തു സ്വ൪ഗജീവിതം സ്വപ്നം കാണുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.